ലീഡര്‍: പരിശുദ്ധ പരമദിവ്യകാരുണ്യത്തിനു: എന്നേരവും ആരാധനയും സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ. (3)
”ഇരുള്‍വീണൊരാ സായംസന്ധ്യയില്‍
വാനിലുദിച്ചൊരാ നക്ഷത്രജാലമേ
എത്രമനോഹരം നിന്‍വെളിച്ചം
എന്നന്തരാത്മാവില്‍ കുളിര്‍മഴയായ്.”
ലീഡര്‍: ”ബെദ്‌ലെഹെം, എഫ്രാത്ത, യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍ നിന്നും വരും അവന്‍ പണ്ടേ യുഗങ്ങള്‍ക്കു മുമ്പേ ഉള്ളവനും, കര്‍ത്താവിന്റെ ശക്തിയോടെ ആടുകളെ മേയ്ക്കും. അവര്‍ സുരക്ഷിതരായി വസിക്കും. ഭൂമിയുടെ അതിര്‍ത്തികള്‍ വരെ അവന്റെ മഹത്വം വ്യാപിക്കും.” (മിക്കാ-5:2-4)
നിത്യതയോളം നീളുന്ന മനുഷ്യന്റെ ജീവിതയാത്രയില്‍ പകല്‍ അവസാനിച്ചിരിക്കുന്നു. പാതകളില്‍ നിഴല്‍പോലെ ഇരുട്ടുവീണുതുടങ്ങിയിരിക്കുന്നു. വിണ്ടുകീറിയ ആ മണ്‍പാത തീര്‍ത്തും ഇടുങ്ങിയതാണ്. ഇടറാന്‍ വെമ്പിയ നമ്മുടെ ദേഹിയെ തോളിലേറ്റി മുന്നോട്ടു നയിച്ച ആ കാരുണ്യത്തിന്‍ മണ്‍ചിരാതിലെ എണ്ണ വറ്റിയിരിക്കുന്നു.
സ്‌നേഹമെന്ന വാക്കിന്റെയര്‍ത്ഥം ബെദ്‌ലെഹെമിലെ കാലിത്തൊഴുത്തില്‍ കാലികളുടെ നടുവില്‍ നിഷ്‌കളങ്ക ഹൃദയനായി പിറന്നുവീണ ആ കരുതലാം സ്‌നേഹം ഇന്നു നമുക്കായി സ്വ:ജീവിതം പകുത്തു നല്‍കിയിരിക്കുന്നു. ദിവ്യകാരുണ്യ സാന്നിധ്യത്തെ പ്രതി, ദിവ്യകാരുണ്യമായവന്‍, ദിവ്യകാരുണ്യസാന്നിധ്യമായി നമ്മോടൊത്തു ആയിരിക്കാന്‍ അപ്പമായവന്‍ ദിവ്യസക്രാരിയിലുണ്ട്. ആ ദിവ്യഭോജ്യത്തെ നാം നിരന്തരം ഭുജിച്ചു നമ്മുടെ ആന്തരിക വിശപ്പടക്കുമ്പോള്‍ അതിയായ ദാഹത്തോടെ നമ്മുടെ ഹൃദയവാതില്‍ക്കല്‍ അനുനിമിഷം കാത്തിരിക്കുന്ന ആ നിത്യസ്‌നേഹിയെ നമ്മുടെ ഹൃദയങ്ങളിലേയ്ക്കു സ്വയം ദിവ്യസ്‌നേഹക്കടലായി ഒഴുകിയിറങ്ങുന്ന അവിടുത്തെ ദിവ്യ സ്‌നേഹസാന്നിധ്യത്തെ നമുക്കു ഒന്നായി പാടി സ്തുതിക്കാം.
പാട്ട്: 1 (ഒരിക്കലും കുറയാത്ത സ്‌നേഹമേ…)
(തുടര്‍ന്നുള്ള നിമിഷങ്ങള്‍ കഴിവതും മുട്ടിന്മേലായിരിക്കും)
ലീഡര്‍: ”നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍, ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നത്. കാരണം അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനു പാപമറിയാത്തവനെ ദൈവം നമുക്കായി പാപമാക്കി.” (2 Corinth. 5:20)
”ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്നു എല്ലാവര്‍ക്കും വേണ്ടി മരിച്ചത്.” (2 orinth. 5:15)
അന്നാ പാതയില്‍ കൊഴിഞ്ഞു വീണ ആ പനിനീര്‍ പുഷ്പത്തെ കരളലിയിക്കും വിധം മാറോടണച്ച സ്‌നേഹത്തിന്‍ ചുടുചുംബനമായ് കുളിര്‍മയേകുന്ന നറുപുഷ്പമായി മാറിയ ആ സൗരഭ്യസ്‌നേഹം വീണ്ടും നമ്മുടെ ഹൃദയുള്‍ത്താരില്‍ ഉരുകിയൊലിക്കുന്ന മെഴുതിരികള്‍ക്കു നടുവില്‍ വെന്തുനീറുന്ന മനസ്സുമായ് നമ്മുടെ ഉള്ളുതുറന്നുള്ള വിളിക്കായ് കാതോര്‍ത്തു നില്‍ക്കുന്നു.
”എന്തെന്നാല്‍ ദൈവം കോലാഹലത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമാണ്.” (1 Corinth. 14:33)
സമാധാനമായ ആ ഇടയസ്‌നേഹത്തെ ഒരു നിമിഷം നിശബ്ദമായിരുന്നു സ്തുതിച്ചാരാധിക്കാം. നമുക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങളെയും പ്രതി, നന്ദി പറഞ്ഞുകൊണ്ടു നമുക്കു അവിടുത്തെ ആരാധിക്കാം. പാപം ചെയ്തു ദൈവത്തില്‍ നിന്നകന്നുപോയ നിമിഷങ്ങളെയോര്‍ത്തു മാപ്പപേക്ഷിക്കാം. പശ്ചാതാപവിവശമായ ഹൃദയത്തോടെ, ശാന്തരായിരുന്നു മനസ്സില്‍ ചൊല്ലിത്തരുന്ന പ്രാര്‍ത്ഥന ഉരുവിടുക, ഇരുകൈകളും യാചനാരൂപത്തില്‍ ദിവ്യകാരുണ്യഈശോയുടെ സന്നിധിയിലേയ്ക്കു ഉയര്‍ത്തിപ്പിടിക്കുക.
(തുടര്‍ന്നുള്ള പ്രാര്‍ത്ഥന സമൂഹം മുഴുവന്‍ ഏറ്റുചൊല്ലുന്നു.)
പ്രാര്‍ത്ഥന
കര്‍ത്താവേ ഞങ്ങള്‍ക്കു
യഥാര്‍ത്ഥമായ പാപബോധവും
ആത്മാര്‍ത്ഥമായ അനുതാപവും
സ്ഥായിയായ മാനസാന്തരവും
അങ്ങയിലുള്ള ജീവിതവും
നല്‍കണമേ. പൂര്‍ണ്ണമായ ആന്തരിക
സൗഖ്യവും, ആന്തരിക സ്വാതന്ത്ര്യവും
ആന്തരിക സമാധാനവും ഞങ്ങള്‍ക്കു നല്‍കേണമേ.
അങ്ങേ, അഭീഷ്ടമനുസരിച്ചു
ഇച്ഛിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും
ഞങ്ങളെ ഉത്തേജിപ്പിക്കണമേ.
തന്റെ വലത്തുകൈയ്യില്‍ അഭയം തേടുന്നവരെ
രക്ഷിക്കുന്ന പരിപാലകാ, കണ്ണിലെ കൃഷ്ണമണിയായി
ഞങ്ങളെ കാത്തുകൊള്ളണമേ.
ദൈവഭക്തിയാകുന്ന സമ്പത്തു നല്‍കി
ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേന്‍
(ദൈവസന്നിധിയില്‍ ശാന്തരായി സ്വസ്ഥാനങ്ങളില്‍ ഇരിക്കുന്നു)
പാട്ട്: 2 (മുറിയപ്പെടും ദിവ്യകാരുണ്യമേ…)
ലീഡര്‍: ”ഈ ജനക്കൂട്ടത്തോടു എനിക്കു അനുകമ്പ തോന്നുന്നു.” (Mark.8:2)
അവിടുത്തെ വാക്കുകളില്‍ ദിവ്യനാഥന്റെ കരുണാര്‍ദ്ര സ്‌നേഹം നിറഞ്ഞുനില്‍ക്കുന്നു. ആ കരുണാര്‍ദ്രസ്‌നേഹം തന്നെയാണ് അന്നാ സന്ധ്യയില്‍ സ്വന്തം ശരീരവും, രക്തവും പകുത്തു നല്‍കിയത്, ശാരീരികമായ വിശപ്പില്‍ വലഞ്ഞ ഇസ്രായേല്‍ ജനതയ്ക്കു അവിടുന്നു പകുത്തേകിയ അപ്പ കഷണങ്ങള്‍ അവരുടെ ബാഹ്യമായ വിശപ്പിനെ കെടുത്തുന്നതായിരുന്നു.
എന്നാല്‍ ആത്മീയവിശപ്പില്‍ വലഞ്ഞ നമുക്കോരോരുത്തര്‍ക്കും അവിടുന്നു കനിഞ്ഞരുളിയ അമൂല്യദാനമാണ് പെസഹാനാളില്‍ സ്വയം ശൂന്യമായതിലൂടെ വിശുദ്ധ കുര്‍ബാനയെന്ന നിത്യഭോജ്യത്തെ നമുക്കായി സ്ഥാപിച്ചത്. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്. (John 6:51)
ലോകത്തിന്റെ ജീവനുവേണ്ടി സ്വയം അപ്പമായി തീര്‍ന്നതിലൂടെ അവിടുന്നു തന്റെ അനന്തസ്‌നേഹം നമുക്കായി പ്രകടമാക്കി, സ്വന്തം ജീവരക്തം പോലും കുഞ്ഞുങ്ങളുടെ പ്രാണനുവേണ്ടി ഊറ്റിക്കൊടുക്കുന്ന പെലിക്കന്‍ പക്ഷിയെന്നോണം മനുഷ്യമക്കള്‍ക്കു ജീവനുണ്ടാകാന്‍ വേണ്ടി പുതിയനിയമത്തിലെ ഇസ്രായേലായ നമുക്കോരോരുത്തര്‍ക്കും തന്റെ ശരീരവും രക്തവും ആളിക്കത്തുന്ന മെഴുകുതിരികള്‍ക്കു നടുവില്‍ ഇല്ലായ്മയെ ഉള്ളായ്മയാക്കി തീര്‍ക്കുന്നവന്‍, ആ സ്‌നേഹഭോജ്യം ഇന്നും വസിക്കുന്നു. നമ്മുടെ കൂടെ ഒരു കൂദാശയായി, വിശുദ്ധ കുര്‍ബാനയായി.
പാട്ട്: 3
കൂടെയായി കുര്‍ബാനയായി
കനിവിന്‍ കൂദാശയായി
സുഹാര്‍ദ്രമായൊരു തലോടലായി
എന്നെ തഴുകുന്ന സ്‌നേഹമേ
ആരാധന, ആരാധന, ആരാധന, ആരാധന (2)
(ഇനിയുള്ള നിമിഷങ്ങള്‍ ഏറ്റവും ഭക്തിയോടെ കഴിവതും പലവിചാരം കൂടാതെ, കണ്ണുകളടച്ചു, പശ്ചാത്തപഹൃദ്യയത്തോടെ, ‘ക്രൂശിതനായ ഈശോയെ ഞങ്ങളോടു കരുണതോന്നണമേ’ എന്നു ഇടയ്ക്കിടെ മനസ്സില്‍ ഉരുവിട്ടുകൊണ്ടു മുട്ടിന്മേല്‍ തന്നെയായിരിക്കുക)
ലീഡര്‍: ”മനുഷ്യനെ ഉയിര്‍ത്താനും, രക്ഷിക്കാനും വേണ്ടി തന്നെത്തന്നെ നല്‍കുന്ന പ്രവൃത്തിയില്‍ ദൈവം തനിക്കുത്തന്നെ എതിരായി തിരിഞ്ഞതിന്റെ പരമകോടിയാണ് കുരിശിലെ അവിടുത്തെ മരണം. ഇതു ഏറ്റവും മൗലികരൂപത്തിലുള്ള സ്‌നേഹമാണ്.” (ദൈവം സ്‌നേഹമാകുന്നു എന്ന ചാക്രികലേഖനത്തില്‍ നിന്നും ബെനഡിക്ട് XVI പാപ്പാ)
ഇരുട്ടു അതിന്റെ വന്യതയില്‍ താണ്ഡവ നൃത്തമാടുമ്പോള്‍ ആരാലും പരിത്യജിക്കപ്പെട്ടു തന്റെ അവസാനമണിക്കൂറുകളിലേയ്ക്കു, ജീവന്‍ ശരീരത്തില്‍ നിന്നും വേര്‍പിരിയുംവരെ അനുഭവിക്കേണ്ടി വരുന്ന പീഢകളെ കടിച്ചമര്‍ത്താനുള്ള ശക്തി സ്വയം കൈവരിക്കാനായി അവിടുന്നു തന്റെ നല്‍പിതാവിനോടു ചങ്കുപൊട്ടി പ്രാര്‍ത്ഥിച്ചശേഷം യേശുനാഥന്‍ ഇറ്റിറ്റുവീണ ആ ചുടുകണ്ണീര്‍കണങ്ങള്‍ ദൈവഹിതത്തിനു ‘അതെ’ എന്നു പറയാന്‍ യോഗ്യനാക്കി. ഒട്ടും പരാതിയോ, പരിഭവമോ കൂടാതെ ദൈവത്തോടു അവിടുത്തെ ഹിതം നിറവേറ്റാനായി തയ്യാറായിക്കൊണ്ടു ലോകപാപങ്ങള്‍ക്കു പരിഹാരമെന്നോണം കൊലക്കളത്തിലേയ്ക്കു നയിക്കപ്പെടുന്നു.
ഇരു നയനങ്ങളും ഈറനണിയുന്നുണ്ടായിരുന്നു പീലാത്തോസ് അവിടുത്തെ മരണത്തിനു ഏല്‍പ്പിച്ചുകൊടുത്തു. ആര്‍ത്തിരമ്പുന്ന ജനങ്ങള്‍ക്കു നടുവില്‍ ഏകനായി, എല്ലാ വേദനകളും സ്വയം കടിച്ചമര്‍ത്തി മുന്നോട്ടു നീങ്ങുന്നു. ചീറി വരുന്ന നിന്ദനവും, പരിഹാസവും ഒട്ടും പരാതിയോ, പരിഭവമോ കൂടാതെ സ്വയം ഏറ്റെടുത്തുകൊണ്ടു നമുക്കായി ആ മരക്കുരിശു അവിടുത്തെ തിരുത്തോളിന്മേല്‍, ആ തിരുമുറിവുകളിലേക്ക് ചേര്‍ത്തുവെച്ചപ്പോള്‍ അങ്ങനുഭവിച്ച വേദനകളെപ്രതി,
(”ഈശോയുടെ അതിദാരുണമാം പീഢാസഹനങ്ങളെയോര്‍ത്തെന്നും പിതാവേ ഞങ്ങളുടെമേല്‍ ലോകം മുഴുവന്റെ മേല്‍ കരുണയുണ്ടാകേണമേ.”
ഈ ഈരടികള്‍ എല്ലാവരും ഒരുമിച്ചു ഒരു തവണ ആലപിക്കുന്നു.)
ലീഡര്‍: അവിടുത്തെ ശിരസ്സില്‍ അവര്‍ മുള്‍മുടി ധരിപ്പിച്ചു, പട്ടാളക്കാര്‍ ചമ്മട്ടികൊണ്ടു അവിടുത്തെ ആഞ്ഞടിക്കുന്നു, അടിയുടെ ആധിക്യത്താല്‍ നിലത്തുവീണ യേശുവിനെ അവര്‍ വലിച്ചിഴയ്ക്കുന്നു, ദേഹമാസകലം രക്തവര്‍ണ്ണമായിരിക്കുന്നു, പാദങ്ങള്‍ രൗന്ദ്രഭാവമേന്തിനില്‍ക്കുന്നു കല്ലുകളില്‍ തട്ടി ഉരസുന്നുണ്ടായിരുന്നു. അനേകായിരങ്ങളെ കൈപിടിച്ചുയര്‍ത്തിയവന്‍, ചാരെയണച്ച ആ സ്‌നേഹം ഇന്നിതാ ഒരു കരം സഹായത്തിനായ് നമ്മോടു കേഴുന്നു, ദാഹാര്‍ദ്രനായ് ആ ക്രൂശിതവീഥിയില്‍.
”ഈശോയുടെ……. പീഢാസഹനങ്ങളെയോര്‍ത്തെന്നും.
പിതാവേ……….. കരുണയുണ്ടാകേണമേ.”
ലീഡര്‍: ഓ ദിവ്യരക്ഷകാ പാപകയത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കാനവതരിച്ച സത്യദീപപ്രകാശമേ, അവിടുന്നു അതാ ഒന്നും മിണ്ടുന്നില്ല. ഓരോ കണ്ണീര്‍ത്തുള്ളിയും ശരീരത്തിലെ മുറപ്പാടുകളിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍ ആ നയനങ്ങള്‍ നമ്മെ നോക്കുന്നുണ്ടായിരുന്നു. സ്വന്തം മകന്റെ ജീവിതത്തില്‍ ജനനം മുതല്‍ ഈ സമയം കൂടെയായിരുന്ന ആ മാതൃവാത്സല്യം തന്റെ ഏകജാതനെ നമുക്കു ബലിയായ് നല്‍കുന്നതില്‍ പൂര്‍ണ്ണപിന്തുണ നല്‍കി മകന്റെയൊപ്പം നിസ്സാഹയായി നീങ്ങുന്നു.
(ഈശോയുടെ……. പീഢസഹനങ്ങളെയോര്‍ത്തെന്നും
പിതാവേ……………. കരുണയുണ്ടാകേണമേ.)
ലീഡര്‍: ദൈവഹിതത്തില്‍ മുഴുവനായി കീഴ്‌പ്പെട്ടു ജീവിച്ച ആ അമ്മയുടെ നയനങ്ങളില്‍ ഒട്ടും വൈഷമ്യമില്ല. പകരം മകന്റെ ഈ തീരുമാനത്തെ അത്യന്തം ആദരവോടും, സ്‌നേഹത്തോടും കൂടെ നോക്കിക്കാണുകയാണ്. പന്ത്രണ്ടാം വയസ്സില്‍ ഉണ്ണിയെ ദൈവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ ശിമയോന്‍ എന്ന മഹാത്മാവു പറഞ്ഞ വാക്കുകള്‍ അവയുടെ പൊരുള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് പരിശുദ്ധ അമ്മ.
”നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും.” എന്നു പറഞ്ഞപ്പോള്‍ ആശിച്ചുകാത്തിരുന്നു ലഭിച്ച തന്റെ ഏകജാതനെ കൊതിതീരെ കണ്ടുതീരുംമുമ്പേ കണ്‍മുന്നില്‍ ബലിയാടായി കാണേണ്ടിവന്ന ദുരവസ്ഥ ഏതൊരു പെറ്റമ്മയെപ്പോലെയും, സഹനത്തില്‍ പ്രതിരൂപമായ ആ അമ്മയിലും ആഴത്തില്‍ മുറിവുണ്ടാക്കി. അവിടുത്തെ സങ്കടത്തിനു കാരണമായ ഞങ്ങളുടെ പാപങ്ങളെ പ്രതി ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പപേക്ഷിക്കുന്നു നാഥാ.
”ഈശോയുടെ…………… പീഢാസഹനങ്ങളെയോര്‍ത്തെന്നും.
പിതാവേ………….. കരുണയുണ്ടാകേണമെ.”
ലീഡര്‍: നാലു നയനങ്ങളും കരം കോര്‍ത്താരോ നിമിഷം വേര്‍പിരിയലിന്റെ അഗാധമായ ഭാവങ്ങള്‍ മാറിമാറി ദൃശ്യമാകുന്നുണ്ടായിരുന്നു. ഒട്ടും വൈകാതെ ആ കുരിശുയാത്ര പൂര്‍ത്തിയാകാനുള്ള സമയം ആഗതമായിരിക്കുന്നു. പാപകറ മണക്കുന്ന ആ കാല്‍വരിയുടെ ഉള്‍ത്താരില്‍ പാപകറകള്‍ കഴുകികളയാന്‍ ബെദ്‌ലെഹെമില്‍ അന്നാ പാതിരാവില്‍ ഭൂജാതനായ ഈശോനാഥന്‍ ഇന്നിതാ ഉച്ചിയില്‍ ഉദിച്ചുനില്‍ക്കുന്ന തീഗോളത്തെ സാക്ഷിയാക്കി സന്തോഷത്തോടെ പാപഭാരമേറുന്ന കല്‍ക്കുരിശിലെ മൂന്നാണികളിലേയ്ക്കു സ്വന്തം ശരീരം അവര്‍ ചേര്‍ത്തുവെച്ചപ്പോള്‍ നാഥന്റെ പാവനമാം ദേഹി പിടയുകയായിരുന്നു. ഇരു കൈകളിലും, കാലുകളിലും അവര്‍ ആണികള്‍ തറച്ചുകയറ്റി. എന്തൊരു ദുസ്സഹമായ വേദന നമ്മെപ്പോലെത്തന്നെ ഈ ദൃശ്യം കണ്ടുനിന്ന ആ മാതൃസ്‌നേഹമാകുന്ന പരിശുദ്ധ അമ്മയുടെ ഹൃദയത്തിലും അഗാധമായ വിടവുണ്ടാക്കി. അങ്ങയുടെയും, പരിശുദ്ധ മാതാവിന്റെയും ദുഃഖത്തിനു കാരണമായ ഞങ്ങളുടെ ഈ ജീവിതത്തെയോര്‍ത്തുകൊണ്ടു.
”ഈശോയുടെ അതിദാരുണവും…………….
പിതാവേ ഞങ്ങളുടെ മേല്‍…………………..
ലീഡര്‍: കണ്ണുകള്‍ മെല്ലെയടയുന്നു, ഞാന്‍ യാത്രയാകുന്നു, ഒമ്പതാം മണിക്കൂറായപ്പോള്‍ അവിടുന്നു ഉച്ചത്തില്‍ നിലവിളിച്ചു. ”ഏലി, ഏലി, ലാമാസബക്ത്താനി,” എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു എന്നെ ഉപേക്ഷിച്ചു,’ (ങമൃസ.15:34). പിതാവിന്റെ ഹിതം നിറവേറ്റാനായി അവിടുന്നു തിരഞ്ഞെടുത്ത നിന്റെ ഉദരഫലം എത്രയോ അനുഗ്രഹീതം, എല്ലാം പൂര്‍ത്തിയായെന്നറിയിച്ചുകൊണ്ടു അവസാനമായി ഒരുവട്ടം കൂടിനോക്കികൊണ്ടു ആ പാവനമാം കാരുണ്യസ്‌നേഹം ഉയരങ്ങളിലേയ്ക്കു യാത്രയായി.
”മനുഷ്യന്‍ മനുഷ്യനില്‍ മരിച്ചീടുമ്പോള്‍
ദൈവമവനില്‍ മരിച്ചീടുന്നു
മനുഷ്യന്‍ മനുഷ്യനില്‍
ജീവനായീടുമ്പോള്‍
ദൈവമവനില്‍ ജനിച്ചീടുന്നു.”
(ഈ വരികള്‍ എല്ലാവരും മനസ്സില്‍ ഉരുവിടുക)
ലീഡര്‍: എന്നും നാം നമ്മുടെ ചുറ്റുമുള്ള സോദരരെ മറക്കുന്നുവോ അന്ന് ദൈവം നമ്മില്‍ മരിക്കുന്നു. സോദരനൊനു സ്മൃതിപീഠമെങ്കില്‍ ദൈവം നമുക്കങ്ങനെതന്നെ, നമുക്കു ജീവനേകുന്നതു നാമല്ല എന്നു തിരിച്ചറിഞ്ഞുകൊണ്ടും, ജീവനേകുന്നവന്‍ ഒരുവന്‍ മാത്രം നാഥാ ഈ ആരാധനാവേളയിലൂടെ കടന്നുപോകുമ്പോള്‍ നമ്മള്‍ അറിഞ്ഞോ, അറിയാതെയോ നമ്മുടെ സഹോദരങ്ങളെ വേദനിപ്പിക്കാന്‍ ഇടയായ സാഹചര്യങ്ങളെ പ്രതി മാപ്പിരക്കാം.
പാട്ട്: 4 (കാല്‍വരിമലയുടെ സ്മരണയുമായ്…)
ലീഡര്‍: ”ആത്മാവില്‍ എളിമയും, അനുതാപവും ഉണ്ടാവുകയും എന്റെ വാക്കുകള്‍ ശ്രവിക്കുമ്പോള്‍ മിറയ്ക്കുകയും ചെയ്യുന്ന വരെ ഞാന്‍ കടാക്ഷിക്കും.” (Jsaiah.66:2)
”ആത്മാവാണ് ജീവന്‍ നല്‍കുന്നതു, ശരീരം ഒന്നിനും ഉപകരിക്കുന്നില്ല, ഞാന്‍ നിങ്ങളോടു പറഞ്ഞ വചനങ്ങള്‍ ആത്മാവും, ജീവനുമാണ്. (John 6:63)
ദൈവവചനം മുറിവേറ്റ നമ്മുടെ ഹൃദയങ്ങളില്‍ പുതുജീവന്‍ ഒരു നൈവേദ്യമായി, ഒരു ദിവ്യഔഷധമായി കടന്നുവരാന്‍ ആഗ്രഹത്തോടെ അവിടുത്തെ സന്നിധിയില്‍ എഴുന്നേറ്റു നില്‍ക്കാം.
(ഒരാള്‍ തിരഞ്ഞെടുത്ത വചനഭാഗം വായിക്കുന്നു. എല്ലാവരും ഭക്തിയോടെ തിരുവചനം ശ്രവിക്കുന്നു.വായിച്ചുകേട്ട വചനത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ വചനവിചിന്തനം നടത്തണം. തുടര്‍ന്നു ഓരോരുത്തരും തങ്ങളുടെ വ്യക്തിപരമായ അര്‍ത്ഥനങ്ങള്‍ ദൈവസന്നിധിയിലേയ്ക്കു നിയോഗമായി സമര്‍പ്പിക്കുന്നു.വിചിന്തനസമയം സ്വസ്ഥാനങ്ങളില്‍ ശാന്തരായി ഇരുന്നു തിരുവചനത്തെ, ദൈവസ്‌നേഹത്തെ ആരാധിക്കുന്നു).
നിയോഗങ്ങള്‍ താഴെ തന്നിരിക്കുന്നവിധത്തില്‍ അവതരിപ്പിക്കാം.
ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകള്‍ക്കു പ്രതുത്തരമായി ‘ദിവ്യകാരുണ്യ നാഥാ ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും, സ്തുതിക്കുകയും ചെയ്യുന്നു’ എന്നു ഏറ്റുചൊല്ലുന്നു.
ശുശ്രൂഷി: ഓ, നിത്യസ്‌നേഹാഗ്നിയെ നിരാലംബരോടു സ്‌നേഹത്തോടും കരുണയോടും കൂടി വര്‍ത്തുവാന്‍ എന്നെ പഠിപ്പിക്കണമെ.
ശുശ്രൂഷി: ഓ, നിത്യസാന്നിധ്യമേ, അവിടുത്തെ സാന്നിധ്യത്തില്‍ ഞങ്ങള്‍ക്കു സുരക്ഷിതത്വവും, അഭയവും നല്‍കുന്ന അങ്ങയുടെ സ്‌നേഹപരിപാലനയെയോര്‍ത്തുകൊണ്ടു ഞങ്ങള്‍ അങ്ങയോടു നന്ദി പറയുന്നു.
ശുശ്രൂഷി: ഓ, ദിവ്യകാരുണ്യമേ, യാതൊരു അര്‍ഹതയുമില്ലാത്ത എന്നെ അങ്ങയുടെ കരുതലും, കാവലും നല്‍കി വഴി നടത്തുന്നതിനു അങ്ങേയ്ക്കു നന്ദി.
ശുശ്രൂഷി: ഓ, കരുണാര്‍ദ്രസ്‌നേഹമേ, ഞങ്ങളുടെ കാല്‍വെയ്പ്പുകള്‍ അങ്ങയുടെ നിയന്ത്രണത്തിലാക്കികൊണ്ടു, അങ്ങയുടെ സാന്നിധ്യത്തെ ആശ്രയിച്ചു ജീവിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
ശുശ്രൂഷി: ദൈവത്തിന്റെ ചിന്താധാരയായ ആത്മാവേ, ശ്രേഷ്ഠത അംഗീകരിച്ചുകൊണ്ട് പരസ്പരം ബഹുമാനിക്കാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
ശുശ്രൂഷി: ഓ, കരുതലും, കാവലും ഞങ്ങള്‍ക്കു നല്‍കുന്ന യേശുനാഥാ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുപരിപാലിക്കണമേ.
ശുശ്രൂഷി: ഓ, സത്യാത്മാവേ, വഴിയും, സത്യവും ജീവനുമായ യേശുവിന്റെ മാര്‍ഗ്ഗത്തിലൂടെ മാത്രം ചരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
ശുശ്രൂഷി: ഓ, ആത്മനിയന്ത്രണത്തിന്റ ആത്മാവേ, എന്റെ അധരത്തിലെ വാക്കുകളും, ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയില്‍ സ്വീകാര്യമാക്കണമേ, എന്നു അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു.
(തുടര്‍ന്നുള്ള നിമിഷങ്ങള്‍ മുട്ടിന്മേലായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.)
ലീഡര്‍: ”കരഞ്ഞു, കരഞ്ഞു ഞാന്‍ തളര്‍ന്നു, എന്റെ തൊണ്ട വരണ്ടു. ദൈവത്തെ കാത്തിരുന്നു എന്റെ കണ്ണുകള്‍ മങ്ങി.” (—) സൃഷ്ടികളുടെ ആരംഭവും, പൂര്‍ത്തീകരണവുമായ മിശിഹായെ അങ്ങയുടെ അനന്തകാരുണ്യത്താല്‍ ഞങ്ങള്‍ ഈ ഭൂമിയില്‍ ഭൂജാതരായി. എന്നാല്‍ പാപക്കയത്തില്‍ കിടന്നു കൈയ്യിട്ടടിച്ചപ്പോള്‍ ചങ്കുപൊട്ടി കരഞ്ഞുകൊണ്ടു ഞങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ അവിടുന്നു വാഗ്ദാനം ചെയ്ത അങ്ങയുടെ തിരുമനസ്സുതന്നെ ഹൃദയത്തില്‍ സ്വീകരിക്കേണ്ട സമയം ആഗതമായിരിക്കുന്നു. അവിടുന്നു നമുക്കായി അവതരിച്ചു നമുക്കായി ജീവിച്ചു, അവസാനം ആ കാരുണ്യദീപത്തെ നാം കുരിശിലേറ്റി. ഓ ദിവ്യസ്‌നേഹാഗ്നിയെ ഞങ്ങള്‍ക്കായി സ്വയം കാല്‍വരിയുടെ വിരിമാറില്‍, കുരിശിലെ മൂന്നാണികളില്‍ യാഗാര്‍പ്പണം ചെയ്ത തിരുരക്ത സ്‌നേഹമേ അങ്ങേയ്ക്കാരാധന. ഒരിക്കലും വറ്റാത്ത സ്‌നേഹത്തോടെ, അനുതാപത്തിന്റെ കണ്ണീര്‍കണങ്ങള്‍ പാപപരിഹാരാര്‍ത്ഥം നാഥന്റെ സന്നിധിയിലേയ്ക്കര്‍പ്പിക്കാം.
(ആത്മാഭിഷേകത്തിനായ് സമൂഹം ഒന്നായി ഒരുങ്ങുന്നു.)
ബ്ര. ജെസ്ബിന്‍ കുരിശിങ്കല്‍