ലീഡര്‍: ഈ തിരുമണിക്കൂറില്‍ എളിമയുടെ പര്യായമായി നമുക്ക് മുമ്പില്‍ ആഗതമായിരിക്കുന്ന സാന്നിധ്യത്തിന്റെ കൂദാശയായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്…
എന്നേരവും ആരാധനയും…
ലീഡര്‍: ഒരിക്കലും കളഞ്ഞുപേക്ഷിക്കാതിരിക്കാനും തോന്നുമാറ് നാര്‍ദ്ദീന്‍ സുഗന്ധക്കൂട്ടുപോലെ സുഗന്ധമുള്ള പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്…
എന്നേരവും ആരാധനയും…
ലീഡര്‍: എനിക്കായി ജനിച്ച് എനിക്കായ് പീഢ സഹിച്ച് എനിക്കായ് മരിച്ച് എനിക്കായ് ആഗതനായിരിക്കുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്…
എന്നേരവും ആരാധനയും…
ലീഡര്‍: ശബ്ദകോലാഹലങ്ങളുടെ വലിയൊരു ജനാവലി നടന്നു നീങ്ങുന്നു. അവരുടെ മധ്യേജ്ഞ ഒരു 35 വയസ്സ് പ്രായമുള്ള മനുഷ്യന്‍. ആ മനുഷ്യന്റെ ശിരസ്സില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന മുള്‍മുടി. രക്തത്താല്‍ ഒട്ടിയിരിക്കുന്ന വസ്ത്രം, എടുക്കാന്‍ ആവുന്നതിനേക്കാള്‍ ഭാരമുള്ള ഒരു കുരിശ് അയാളുടെ തോളില്‍ കുരിശിന്റെ ഭാരത്താലും ചുറ്റുമുള്ള പടയാളികളുടെ പ്രഹരത്താലും പരിഹാസത്താലും ആ മനുഷ്യന്‍ പലപ്പോഴായി നിലത്തു വീഴുന്നു. പ്രഹരത്താല്‍ കൂടുതല്‍ മുറിവുകള്‍ പരിഹാസങ്ങള്‍ ഉണ്ടാക്കുന്നു. ആ മനുഷ്യന്റെ പേര് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് മറ്റൊരാള്‍ മുന്നില്‍ നീങ്ങുന്നു. ആ മനുഷ്യനെ സഹായിക്കാനോ ഒരു ആശ്വാസ വാക്കു പറയുവാനോ ആരും ഇല്ല. എങ്കിലും അദ്ദേഹം ഇതൊന്നും ഗണ്യമാക്കുന്നില്ല. തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ ആ മനുഷ്യന്‍ ഇഷ്ടപ്പെടുന്നു. ഈ മനുഷ്യനാണ് 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കാലിത്തൊഴുത്തില്‍ പിറന്നത്. അന്ന് മാലാഖമാര്‍ അവന്റെ ജനനത്തിന് ഹോസാന പാടി. അതേ, ലോകത്തിന്റെ പാപങ്ങള്‍ നീക്കുവാന്‍ വന്ന ദൈവപുത്രന്‍ ഈശോമിശിഹാ. അന്ന് നമുക്കായി ഗാഗുല്‍ത്തായുടെ വിരിമാറില്‍ സ്വയം ബലിയായിത്തീര്‍ന്ന അതേ യേശുവിന്റെ മുമ്പിലാണ് നാം ഇപ്പോള്‍ ആയിരിക്കുന്നത്. ജനിച്ച നാള്‍ മുതല്‍ ഇന്നുവരെ ഒരു മാതാവിന്റെ ഗര്‍ഭപാത്രത്തിനും ഉപരിയായി നമ്മെ സംരക്ഷിക്കുന്ന, നമ്മുടെ ബലഹീനതകളെ നെഞ്ചോടു ചേര്‍ത്ത് ശക്തിപ്പെടുത്തുന്ന ഈ നാഥനെ സ്രാഷ്ടാംഗം പ്രണമിച്ച് നമുക്ക് ശാന്തരായി സ്വസ്ഥാനങ്ങളില്‍ ഇരിക്കാം.
(നിശബ്ദത)
ലീഡര്‍: യേശു ആരെന്ന ചോദ്യത്തിന് ഉത്തരമാണ് വിശുദ്ധ യോഹന്നാന്‍ തന്റെ സുവിശേഷത്തിലെ ആദ്യ അധ്യായത്തിലൂടെ നമ്മോടു പങ്കുവയ്ക്കുന്നത്. ”അടുത്ത ദിവസം യേശു തന്റെ അടുക്കല്‍ വരുന്നത് കണ്ട് അവന്‍ പറഞ്ഞു. ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” അതെ, ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ തന്റെ ചുമലിലേറ്റി തന്നെത്തന്നെ നമുക്കായി നല്‍കിയ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരമായി ക്രൂരമായ പീഢകള്‍ സഹിച്ച ദൈവപുത്രന്‍, നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായവന്‍, നമുക്കുവേണ്ടി മുറിയപ്പെടുവാന്‍ ഇതാ നമ്മുടെ മുന്നില്‍ ഒരു അരുമിക്കായില്‍ വന്നു വസിക്കുന്നു. ഈ നിമിഷം നമുക്ക് അവിടുത്തെ പാടിസ്തുതിക്കാം.
പാട്ട്: ലോകത്തിന്‍ പാപങ്ങള്‍ നീക്കും ദൈവത്തിന്‍ കുഞ്ഞാടിതാ…
ലീഡര്‍: മാനവരാശിയുടെ ഏകരക്ഷകനായ ക്രിസ്തുനാഥന്റെ കുരിശിലെ വിമോചന സുവിശേഷത്തിന്റെ അലയടികള്‍ക്കായി നമ്മുടെ ഹൃദയകവാടങ്ങള്‍ തുറക്കേണ്ട സമയമാണ് ഈ പരിശുദ്ധ ആരാധനാവേള. ദൈവമേ ഞങ്ങളെ രക്ഷിക്കാന്‍ നീ നിന്റെ ഏകപുത്രനെ കുരിശിലേറ്റി. റോമക്കാര്‍ക്കെഴുതിയ ലേഖനം 5-ാം അധ്യായം 10-ാം വാക്യത്തില്‍ പറയുന്നു. ”നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണം വഴി ദൈവവുമായി രമ്യപ്പെട്ടു.” ഞങ്ങളെ ദൈവത്തോടു രമ്യപ്പെടുത്തുന്ന സ്ഥായിയായ രക്ഷാകര സംഭവമാണല്ലോ നാഥാ നിന്റെ കുരിശുമരണം. ദൈവസ്‌നേഹത്തിന്റെ ഒരു വീരഗാഥയാണല്ലോ നിന്റെ കുരിശ് ഉദീരണം ചെയ്യുന്നത്. യേശു ശിഷ്യന്മാരോടു പറഞ്ഞു ”ഇനി മുതല്‍ നിങ്ങളെ ഞാന്‍ ദാസന്മാര്‍ എന്നു വിളിക്കുകയില്ല ഞാന്‍ നിങ്ങളെ സ്‌നേഹിതരെന്നേ വിളിക്കൂ” നാഥാ നിങ്ങളെ സ്‌നേഹിതരാക്കുന്നു. സ്‌നേഹിതനുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് നീ പഠിപ്പിക്കുന്നു. നാഥാ ഈ സ്‌നേഹമാണല്ലേ അന്ന് ആ ഗാഗുല്‍ത്തായില്‍ ജീവന്‍ പൊലിയാന്‍ നിന്നെ പ്രേരിപ്പിച്ചത്. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയ കഥ സംഖ്യയുടെ പുസ്തകം 21-ാം അധ്യായം 1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ നീ കാണിച്ചുതരുന്നുവല്ലോ. ആഗ്നേയ സര്‍പ്പങ്ങളുടെ ദംശനം മരുഭൂമിയില്‍ ദൈവജനത്തിനു മഹാമാരിയായപ്പോള്‍ ദൈവം പറഞ്ഞു കൊടുത്ത രക്ഷാമാര്‍ഗ്ഗമാണ് പിച്ചളകൊണ്ട് നാഗരൂപമുണ്ടാക്കി മടിയില്‍ വച്ചു കെട്ടുവാനും പ്രസ്തുത രൂപത്തെ നോക്കി രക്ഷ പ്രാപിക്കുവാനും. ഇത് നടക്കുവാനിരുന്ന നിന്റെ ആത്മബലിയുടെയും പീഢകളുടെയും ഒരു മുന്നാസ്വദനമായിരുന്നല്ലോ. മോശ പിച്ചള സര്‍പ്പത്തെയുണ്ടാക്കി മടിയില്‍ ഉയര്‍ത്തിയപ്പോള്‍ യേശുവേ നീ നിയമങ്ങളുടെ പൂര്‍ത്തികരണത്തിനും പുതിയ ഇസ്രായരായ ഞങ്ങളുടെ പാപപരിഹാരത്തിനുമായി പീഢകള്‍ സഹിച്ച് ഗാഗുല്‍ത്തായിലെ കുരിശില്‍ ഉയര്‍ന്നു. നാഥാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു.
പാട്ട്: ആ തിരുചങ്കിലെ ചോരയാല്‍…
ലീഡര്‍: കരങ്ങളാല്‍ മെനഞ്ഞ് കൈ വെള്ളയില്‍ പേരെഴുതി കരങ്ങളാല്‍ നയിച്ച് കരങ്ങളില്‍ അപ്പമെടുത്ത് ആശീര്‍വ്വദിച്ച് കരങ്ങളില്‍ ഉയര്‍ത്തി കരങ്ങള്‍ വിരിച്ചു മരിച്ച് നില്‍ക്കുന്ന സ്‌നേഹ പാഠങ്ങളാണ് ദുഃഖവെള്ളി നമുക്ക് നല്‍കുന്നത്. ‘ദൈവമേ ഇത്രയും വേണമായിരുന്നോ…’ എന്ന ചോദ്യത്തിന് ‘അത്ര മേല്‍ സ്‌നേഹിക്കയാല്‍ എന്ന് ഉത്തരം നല്‍കുന്ന ദിവ്യരക്ഷകാ അവിടുത്തെ പാടുപീഢകളും തിരുമുറിപ്പാടുകളും ഞങ്ങള്‍ ഓര്‍ക്കുന്നു. ഈ ലോകത്തെ അത്യഗാധമായി സ്‌നേഹിച്ച നീ തന്റെ ദൈവസമാനതപോലും പരിഗണിക്കാതെ ഞങ്ങളില്‍ ഒരുവനായി ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നു. പക്ഷേ രക്ഷകനായി വന്ന നിന്നെ തിരിച്ചറിയാതെ പാപാന്ധകാരത്തില്‍ ആയിരുന്ന മനുഷ്യര്‍ ക്രൂശിലേറ്റി. നാഥാ ഇന്ന് ഞങ്ങളുടെ പരിഹാസമേറ്റ് ചൂളി നില്‍ക്കുന്ന ഞങ്ങളുടെ അവഗണനകൊണ്ട് നൊമ്പരപ്പെടുന്ന ഞങ്ങളുടെ വിധികൊണ്ട് തളര്‍ന്നുപോകുന്ന ഞങ്ങളുടെ സഹജരിലൂടെ അന്ന് നീ ആ കുരിശില്‍ അനുഭവിച്ച വേദനയേക്കാള്‍ അധിക വേദന നിനക്കു ഞങ്ങള്‍ നല്‍കുന്നു. ചെയ്തതെല്ലാം മറക്കാനും മറയ്ക്കാനും വേണ്ടി മനസാക്ഷിയുടെ സ്വരം ശല്യപ്പെടുത്തുമ്പോള്‍ ഞങ്ങളും പറഞ്ഞിട്ടുണ്ട്. ”എനിക്കീ രക്തത്തില്‍ പങ്കില്ലാ എന്നും ഞാനെന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ? എന്നുമൊക്കെ. നാഥാ ഈ നിമിഷം ചെയ്തുപോയ പാപങ്ങളെയെല്ലാം നിന്റെ കുരിശിന്‍ ചുവട്ടില്‍ സമര്‍പ്പിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ.
പാട്ട്: ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍…
ലീഡര്‍: ”ദൈവ ഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം” രക്ഷയുടെ മാര്‍ഗ്ഗം വിജ്ഞാനമാണെന്നു കരുതിയവരോട് യേശു പറയുന്നു. ”രക്ഷ അഴിയപ്പെടുന്നതിലാണ്” സ്വയം ശൂന്യമാക്കുന്നതിലാണ്. ഈ നിമിഷം നമുക്കായി സ്വയം ശൂന്യനായ യേശുനാഥന്റെ വാക്കുകള്‍ക്കായി കാതോര്‍ക്കാം. ബൈബിള്‍ വായനയ്ക്കായി നമുക്ക് ഭക്തിപൂര്‍വ്വം എഴുന്നേല്‍ക്കാം.
വിചിന്തനം
വിശുദ്ധ ലൂക്ക 23:44-49
(ശാന്തരായി ഇരിക്കുവാന്‍ പറയുന്നു)
ലീഡര്‍: നമുക്കായി ബത്‌ലേഹേമിലെ കാലിക്കൂട്ടില്‍ പിറന്ന നാഥന്‍ നമുക്കായി ഗാഗുല്‍ത്തായില്‍ മരിക്കുന്ന വേദനാജനകമായ സംഭവമാണ് വിശുദ്ധ ലൂക്ക തന്റെ 23-ാം അധ്യായത്തിന്റെ 44 മുതലുള്ള വാക്യങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. പാപമരത്തിന്റെ ഫലം ഭക്ഷിച്ചതിലൂടെ പാപാന്ധകാരത്തിലേക്കു പതിച്ച മാനവരെ മറ്റൊരു മരത്താല്‍ മനുഷ്യപുത്രന്‍ രക്ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ പാപമരമല്ലേ അവന്‍ ചുമന്നത്? അതെ അന്ധകാരത്തിലേക്കു നയിച്ച മരത്തെ അവനാല്‍ പ്രകാശപൂരിതമാക്കി. നമ്മുടെ രൂപത്തില്‍ ജനിക്കുകയും നമുക്കുവേണ്ടി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തതിലൂടെ മിശിഹാ മനുഷ്യസ്വഭാവത്തെ അതിന്റെ ആദ്യരൂപത്തില്‍ പുനഃസൃഷ്ടിക്കുകയായിരുന്നു. താന്‍ ചെയ്ത അത്ഭുത കൃത്യങ്ങള്‍ കണ്ടവരും അവരുടെ ഫലം അനുഭവിച്ചവരും അവനെ ക്രൂശിക്കുക എന്ന് ഏറ്റുപറഞ്ഞു. എങ്കിലും നാഥന് അവരോട് പരിഭവമോ ദേഷ്യമോ ഉണ്ടായിരുന്നില്ല. അവന്റെ മൗനം ഇത് വ്യക്തമാക്കുന്നു. തന്റെ ഇരുകരങ്ങളും കുരിശിനോട് ചേര്‍ത്ത് ആണി അടിച്ചപ്പോഴും ഗാഗുല്‍ത്തായുടെ നെറുകയില്‍ വേദനകളില്‍ പുളഞ്ഞ് ഇരുകൈകള്‍ വിരിച്ചു തൂങ്ങിനിന്നപ്പോഴും അവിടുന്ന് ക്ഷമിച്ചു. തന്റെ പിതാവിനോട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ക്ഷമിക്കുന്ന സ്‌നേഹമാണ് നാഥന്‍ ഇതിലൂടെ നമുക്ക് കാണിച്ചുനല്‍കുന്നത് ഒടുവില്‍ തന്നെ ഈ ഭൂമിയിലേക്ക് അയച്ച ദിവ്യപിതാവിനോട് ”പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.” എന്ന് പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. നാഥന്റെ മരണം ഭൂമിയില്‍ അന്ധകാരം ഉണ്ടാക്കി. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. സൃഷ്ടി ഏശയ്യാ പ്രവാചകനിലൂടെ രേഖപ്പെടുത്തിയത് ഇവിടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ഞാന്‍ ആകാശത്തെ അന്ധകാരം ഉടുപ്പിക്കുന്നു. ചാക്ക് വസ്ത്രം കൊണ്ട് അതിനെ ആവരണം ചെയ്യുന്നു. (ഏശയ്യ 50:3) തന്റെ പരസ്യജീവിതകാലത്തിലെ അത്ഭുതങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തി എങ്കിലും നമ്മിലെ അഹന്ത അവിടുത്തെ തിരിച്ചറിയുവാന്‍ നമ്മെ കഴിയാതെയാക്കി. അവിടുത്തെ മഹത്വവും ശക്തിയും അറിയാവുന്നതുകൊണ്ടാവും പ്രകൃതി അസ്വാഭിവകമായ പ്രകടനങ്ങള്‍ കാഴ്ചവച്ചത്. ഇതെല്ലാം കണ്ടുകൊണ്ടാവണം ശത്യാതിപന്‍ പറഞ്ഞത് ‘സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു’ എന്ന്. മിശിഹാ നമുക്കുവേണ്ടി കുരിശില്‍ സഹിച്ചപ്പോള്‍ മുതല്‍ അനേകരെ സത്യത്തിന്റെ അറിവിലേക്ക് കൊണ്ടുവരാന്‍ ആരംഭിച്ചതിന്റെ തെളിവാണ് ശതാധിപന്റെ ആ വാക്കുകള്‍. അതിനാല്‍ നമ്മെ സത്യത്തിലേക്കു നയിക്കുന്ന അവന്റെ മുമ്പില്‍ നമ്മെത്തന്നെ സമര്‍പ്പിച്ച് ഇനിയുള്ള മണിക്കൂര്‍ ചെലവഴിക്കാം.
(നിശബ്ദത)
ലീഡര്‍: ക്രിസ്തു, അവിടുത്തെ സ്‌നേഹിക്കുന്നവരുടെ നിത്യമാധുര്യം എല്ലാ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അധികമായ ആനന്ദം എല്ലാ പാപികള്‍ക്കും പ്രത്യാശയും രക്ഷകനുമായവന്‍ നാഥാ നിന്നെ ഞങ്ങള്‍ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു. ദിവ്യനാഥാ നിന്നെ പരിഹസിച്ചവരെയും അടിച്ചവരെയും തന്റെ മേല്‍ തുപ്പിയവരെയും നീ സ്‌നേഹിച്ചു. ഒരു പരാതിയുമില്ലാതെ നിശബ്ദനായി സഹിച്ചു. ശിരസ്സില്‍ മുള്‍മുടി ആഴ്ത്തിയവരേയും കൂന്തത്താന്‍ തന്റെ വിലാപ്പുറത്തു കുത്തിയവനെയും സ്വന്തം രക്തത്താല്‍ നീ വീണ്ടെടുത്തു. ദിവ്യനാഥാ ഞങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളിലും വേദനകളിലും കുരിശുകളിലും വീണുഴലുമ്പോള്‍ നിന്നെപ്പോലെ സഹിക്കുവാനും ക്ഷമിക്കുവാനും സ്‌നേഹിക്കുവാനും ആവാതെ സാത്താന്റെ തന്ത്രങ്ങളില്‍ വീണുപോയിട്ടുണ്ട്. പക്ഷേ നീ തന്റെ പീഢാസഹനം കുരിശുമരണം ഉത്ഥാനം എന്നിവയിലൂടെ പിശാചിന്റെ കുടിലതന്ത്രങ്ങളെ തകര്‍ത്തു. നാഥാ ഞങ്ങള്‍ വഹിക്കുന്ന കുരിശുകള്‍ക്കും ഭാരമുണ്ട്. എങ്കിലും അത് നിന്റെയോളം വരില്ലാ എന്നു ഞങ്ങള്‍ അറിയുന്നു. എങ്കിലും നാഥാ അവ താങ്ങുവാനും നീ നിന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റിയ പോലെ ഞങ്ങളും നിറവേറ്റുവാനുമുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ഈ നിമിഷം നമുക്ക് അവിടുത്തെ തിരുരക്ത സംരക്ഷണത്തിനായി മുട്ടിന്മേലായിരുന്നുകൊണ്ട് പ്രാര്‍ത്ഥിക്കാം. ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകള്‍ ഒരേസ്വരത്തോടെ ഏറ്റു ചൊല്ലാം.
1. ഈശോയുടെ മുള്‍മുടിയില്‍ നിന്നും, ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തലയെ തകര്‍ക്കണമെ.
2. ഈശോയുടെ തൃക്കരങ്ങളില്‍ നിന്ന്, ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തലയെ തകര്‍ക്കണമെ.
3. ഈശോയുടെ തിരുവിലാവില്‍ നിന്നും, ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തലയെ തകര്‍ക്കണമെ.
4. ഈശോയുടെ തൃപ്പാദത്തില്‍ നിന്ന്, ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തലയെ തകര്‍ക്കണമേ.
5. ഈശോയുടെ തിരുശരീരത്തില്‍, ഏറ്റുവാങ്ങിയ അടിപിണറുകളാല്‍, ഞങ്ങളെ വിശുദ്ധീകരിക്കണമേ.
പാട്ട്: 4 – വിശുദ്ധീകരിക്കണമേ ദൈവമേ വിശുദ്ധീകരിക്കണമേ… (2)
ലീഡര്‍: ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തില്‍ നിന്നും ഒഴുകിയിറങ്ങിയ സ്‌നേഹ ശക്തിയാല്‍ നമ്മെളെയും ലോകം മുഴുവനുമുള്ള എല്ലാ മക്കളെയും ശുദ്ധീകരണ ആത്മാക്കളെയും രക്ഷിക്കണമേ എന്ന് അപേക്ഷിച്ചുകൊണ്ട് ശാന്തരായി ഇരുന്ന് ആരും നശിക്കാതിരിക്കാനും നിത്യരക്ഷ പ്രാപിക്കാനുമായി ഏകനാഥന്‍ ബലിയായിത്തീര്‍ന്ന കാല്‍വരിയിലെ കുരിശിന്റെ നെഞ്ചോടു ചേര്‍ന്ന് നമ്മുടെ വ്യക്തിപരമായ അര്‍ത്ഥനകള്‍ അവിടുത്തേക്ക് സമര്‍പ്പിക്കാം.
(നിയോഗ സമര്‍പ്പണം)
1. ദിവ്യകാരുണ്യ നാഥനായ യേശുവേ, നിന്നെ ഞങ്ങള്‍ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. നിന്റെ അനന്തമായ കരുണയാല്‍ ഞങ്ങളെ വീണ്ടെടുക്കുന്നതിനെയോര്‍ത്ത് നന്ദി പറയുന്നു.
മറുപടി : കര്‍ത്താവേ ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു.
2. കര്‍ത്താവായ ദൈവമേ ഈ നിമിഷം ഞങ്ങളുടെ രാജ്യത്തെ നിന്റെ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു. എല്ലാവിധ ആക്രമങ്ങളില്‍ നിന്നും പൈശാചിക ബന്ധങ്ങളില്‍ നിന്നും രക്ഷിച്ച് നല്ല കാലാവസ്ഥയും ഫലഭൂഷ്ടമാതവത്സരവും നല്‍കി അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.
മറുപടി : കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
3. ലോകത്തിന്റെ പാപങ്ങള്‍ നീക്കുവാനായി അവതരിച്ച ദിവ്യരക്ഷകാ. ഈ നിമിഷം ക്രൈസ്തവ വിശ്വാസത്തിനെതിരെ നില്‍ക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. നാഥ അവരുടെ തെറ്റുകള്‍ മനസിലാക്കുവാനും പശ്ചാതപിക്കുവാനും നല്ല ജീവിതം നയിക്കുവാനും അങ്ങനെ നിന്റെ രക്തത്താല്‍ വിശുദ്ധീകരിക്കപ്പെടുവാനും അവരെ ഇടയാക്കണമേ.
മറുപടി : കര്‍ത്താവേ നീ ഇടയാക്കേണമെ.
4. കര്‍ത്താവേ നിന്നാല്‍ അഭിഷിക്തരായ എല്ലാ വൈദികരേയും ഈ നിമിഷം അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഈ ലോകത്തിന്റെ കെണികളില്‍ നിന്നും അകന്ന് തന്റെ പൗരോഹിത്യ വിശുദ്ധി സംരക്ഷിക്കുവാന്‍ നീ അവരെ സഹായിക്കണമേ.
മറുപടി : കര്‍ത്താവേ നിന്റെ അഭിഷിക്തരേ സംരക്ഷിക്കണമേ.
5. ”വിളവധികം വേലക്കാരോ ചുരുക്കം അതിനാല്‍ തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ത്ഥിക്കുവിന്‍” എന്ന് ആഹ്വാനം ചെയ്ത ഈശോയെ നിന്റെ വിളഭൂമിയിലേക്കു വന്ന എല്ലാ വൈദിക വിദ്യാര്‍ത്ഥികളെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. തന്റെ വിളിയില്‍ ഉറച്ചു നില്‍ക്കുവാനും ഭാവിയില്‍ സഭയ്ക്കും നാടിനും അഭിമാനിക്കാവുന്ന വിശുദ്ധിയുള്ള വൈദികരായി അവരെ തീര്‍ക്കണമേ എന്ന് നിന്നോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
മറുപടി : കര്‍ത്താവേ ഞങ്ങളുടെ അപേക്ഷ സ്വീകരിക്കണമേ.
6. ”മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു അത് അവളില്‍ നിന്നും എടുക്കപ്പെടുകയില്ല.” എന്നു അരുളി ചെയ്ത ദിവ്യരക്ഷകാ മറിയത്തെപ്പോലെ നല്ല ഭാഗം തെരഞ്ഞെടുക്കാന്‍ എല്ലാ യുവതിയുവാക്കളെയും സഹായിക്കണമെ.
മറുപടി : നാഥാ സമര്‍പ്പിക്കുന്നു.
ഇവരെ സമര്‍പ്പിക്കുന്നു.
പൂര്‍ണ്ണമായി അര്‍പ്പിക്കുന്നു.
യാഗമായി അര്‍പ്പിക്കുന്നു.
7. ”അപ്പംകൊണ്ട് മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത്” എന്ന് അരുളി ചെയ്ത യേശുവേ, ഈ നോമ്പുകാലത്ത് പരിത്യാശ പ്രവൃത്തികളിലൂടെയും ഉപവാസത്തിലൂടെയും കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും നോമ്പിന്റെ വിശുദ്ധിയില്‍ ജീവിക്കുവാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മറുപടി : പ്രാര്‍ത്ഥന കേള്‍ക്കണമേ.
കര്‍ത്താവേ യാചന
കേട്ടിടേണേ കര്‍ത്താവേ
യാചന കേട്ടിടേണേ.
8. ”ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും.” ദിവ്യനാഥാ ഈ നിമിഷം കുടുംബ ജീവിതം നയിക്കുന്ന എല്ലാവരെയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. സമാധാനത്തിന്റെ രാജാവായ നീ അവരുടെ മധ്യേ ഉണ്ടായിരിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.
മറുപടി : കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
9. ഞങ്ങളെ എപ്പോഴും കാത്തു സൂക്ഷിക്കുന്നതിനായി കാവല്‍ മാലാഖമാരെ നിയോഗിച്ചു തന്ന ത്രിയേക ദൈവമേ, ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു.
മറുപടി : നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ.
10. നിന്റെ സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന എല്ലാ സന്യസ്ഥരെയും ഏകസ്ഥരെയും അല്‍മായ പ്രേക്ഷിതരെയും അനുഗ്രഹിക്കണമേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
മറുപടി : കര്‍ത്താവേ അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
11. ദിവ്യനാഥാ ഇന്നേ ദിവസം ഈ ഭൂമിയിലേക്കു ജനിച്ചു വീണ എല്ലാ കുരുന്നുകളെയും അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. ഈ ലോക ജീവിത വാസത്തില്‍ അങ്ങേയുടെ ഹിതപ്രകാരം ജീവിക്കുവാന്‍ ഇവരെ ഇടയാക്കേണമെ.
മറുപടി : കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
ലീഡര്‍: യേശുവിന്റെ കുരിശുമരണം ഒരു വിളിയാണ് ക്രൈസ്തവരായ നാം നമ്മുടെ ജീവിതത്തില്‍ നിലനിര്‍ത്തേണ്ട വിളി. അപരനു വേണ്ടി മുറിയപ്പെടാനും ബലിയായി തീരുവാനുമുള്ള വിളി. ഈ വിളിയില്‍ നിലനില്‍ക്കുവാനുള്ള ശക്തിക്കായിട്ടാണ് മാതാവും തന്റെ പ്രിയ ശിഷ്യനും സഹോദരങ്ങളും അവന്റെ ക്രൂശിന്‍ചുവട്ടില്‍ നിന്നത്. അവര്‍ അത് നേടിയെടുക്കുകയും ചെയ്തു. അതിനാല്‍ നമുക്കും നാഥന്റെ ഈ വിളിയില്‍ നിലനില്‍ക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം അതിനായി നമ്മെത്തന്നെ സമര്‍പ്പിച്ച് അവിടുത്തെ ആശീര്‍വ്വാദം സ്വീകരിക്കാം.
(ആശീര്‍വ്വാദം)
ബ്ര. മാര്‍ട്ടിന്‍ സാബു തൈമഠം