ആരാധന: നോമ്പുകാലം

പ്രാരംഭ ഗാനം – ‘എഴുന്നെള്ളുന്നു, രാജാവ് എഴുന്നെള്ളുന്നു’

പരിശുദ്ധ, പരമ, ദിവ്യകാരുണ്യത്തിന് (3)
എന്നേരവും, ആരാധനയും, സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഞങ്ങളുടെയും, ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന് ഒരുപാട് പീഢകള്‍ സഹിച്ച് മഹത്വം പ്രാപിച്ചു ഇന്ന് ഈ അള്‍ത്താരയില്‍ എഴുന്നെള്ളി വന്നിരിക്കുന്ന ഈശോയെ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുകയും, സ്തുതിക്കുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ദിവ്യ നാഥാ ഞങ്ങള്‍ എല്ലാവരും പാപികളായിരിക്കെ നീതിമാനായ അങ്ങ് ഞങ്ങള്‍ക്കുവേണ്ടി ദാരുണമായി കുരിശില്‍ മരിച്ചു. ഇത് അങ്ങേക്ക് ഞങ്ങളോടുള്ള സ്‌നേഹമല്ലാതെ മറ്റൊന്നും തന്നെയല്ല എന്ന് ഞങ്ങള്‍ അറിയുന്നു. ഈശോയെ ഞങ്ങളോട് അങ്ങ് കാണിച്ച ഈ സ്‌നേഹത്തിന്റെ അനുസ്മരണമാണ് ഓരോ നോമ്പുകാലം എന്ന് ഞങ്ങള്‍ അറിയുന്നു. അതിനാല്‍ ഈശോയെ അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സഹിച്ച് പരിഹാസങ്ങളെയും, പീഢനങ്ങളെയും, കുരിശുമരണത്തെയും അനുസ്മരിച്ചുകൊണ്ട് അനുതാപത്തിന്റെ പ്രായ്ശ്ചിത്തിന്റെ അരൂപിയില്‍ ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഈ നിമിഷം സ്വസ്ഥാനങ്ങളില്‍ ശാന്തരായി ഇരുന്നുകൊണ്ട് അവിടുന്നെ നമുക്ക് പാടി ആരാധിക്കാം.

ഗാനം 1 – ”ഗാഗുല്‍ത്താ മലയില്‍ നിന്നും”

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് (1)
എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ഏശയ്യാ പ്രവാചകന്റെ പുസ്തകം 53-ാം അദ്ധ്യായം 5-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു. ”നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ട നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു.” ഈശോയെ പാപികളായ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കും, അകൃത്യങ്ങള്‍ക്കും വേണ്ടിയാണല്ലോ ഒരു മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര മുറിവുകളും, ക്ഷതങ്ങളും അങ്ങ് ഏറ്റെടുത്തത് എന്നിട്ടും അങ്ങേക്കെതിരായി പാപം ചെയ്തുപോയ എല്ലാ അവസ്ഥകളെയും ഓര്‍ത്ത് ഞങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. യോഹന്നാന്‍ 1:7-ല്‍ ഇപ്രകാരം പറയുന്നു. ”അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളില്‍ നിന്ന് നമ്മെ ശുദ്ധീകരിക്കുന്നു.” കര്‍ത്താവായ യേശുവേ കാല്‍വരിയിലെ കുരിശില്‍ നിന്നൊഴുകിയ അങ്ങയുടെ തിരുരക്തം എല്ലാ പാപങ്ങളില്‍ നിന്ന് ഞങ്ങളെ ശുദ്ധീകരിക്കുന്നല്ലോ. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞങ്ങള്‍ ഇന്നുവരെ ചെയ്ത സകല പാപങ്ങളും അങ്ങയുടെ വിലയേറിയ തിരുരക്തത്താല്‍ കഴുകേണമെ. ഞങ്ങളെ വിശുദ്ധീകരിക്കേണമെ.

ഗാനം -2: ”നിന്‍ തിരുരക്തത്താല്‍ കഴുകേണമേ ഈശോ”

ദിവ്യകാരുണ്യനാഥനായ ഈശോയെ കഴിഞ്ഞുപോയ നിമിഷങ്ങള്‍ അങ്ങയുടെ തിരുരക്തത്തില്‍ ഞങ്ങളെ കഴുകി വിശുദ്ധീകരിച്ചതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. ഈശോയെ അങ്ങയുടെ ജനനം മുതല്‍ മരണം വരെ അങ്ങയെ പിന്‍ ചെന്നത് കുരിശുകളും, സഹനങ്ങളുമാണെന്ന് ഞങ്ങള്‍ അറിയുന്നു. നാഥാ ഞങ്ങളുടെ ജീവിതത്തിലും പല സഹനങ്ങളുണ്ട്. അങ്ങയെപ്പോലെ തന്നെ ജനനം മുതല്‍ പലവിധ സഹനങ്ങളും ഞങ്ങളുടെ ജീവിതത്തെയും വേട്ടയാടികൊണ്ടിരിക്കുന്നു. ഒരു വേദന തീരും മുമ്പേ മറ്റ് വേദനകള്‍ വന്നു കഴിയുന്നു. അതിനാല്‍ ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന നിരവധിയായ വേദനകളും, ആകുലതകളും, ദുഃഖങ്ങളും അങ്ങയെപ്പോലെ ആത്മാര്‍ത്ഥമായി സഹിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഈശോയെ ഈ ആരാധനയുടെ ഈ മണിക്കൂറില്‍ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ആകുലതകളെയും, ദുഃഖങ്ങളെയും നൊമ്പരങ്ങളെയും കാല്‍വരി കുരിശില്‍ അങ്ങ് ഞങ്ങള്‍ക്കായി സഹിച്ച് എല്ലാ പീഡനങ്ങളോടും ചേര്‍ന്ന് ദൈവപിതാവിന് കാഴ്ചവെക്കുന്നു. അതിനാല്‍ ഈ നിമിഷം മുട്ടിന്മേലായിരുന്നു കൊണ്ട് ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ പ്രതി ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ എന്ന് പാടി പ്രാര്‍ത്ഥിക്കാം.

ഗാനം -3: ”ഈശോയുടെ അതിദാരുണമാം പീഡാസഹനങ്ങളെ ഓര്‍ത്തെന്നും”

ഈശോയെ അങ്ങയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. എങ്ങനെ നന്ദിപറയണമെന്നോ, എത്ര നന്ദിപറയണമെന്നോ ഞങ്ങള്‍ക്കറിയില്ല നാഥാ. നന്ദി പ്രകാശിപ്പിക്കാന്‍ പോലും കഴിയാത്തവിധമുള്ള വലിയ സമര്‍പ്പണമാണ് തമ്പുരാനേ കാല്‍വരിയുടെ മുകളില്‍ അങ്ങ് അര്‍പ്പിച്ചത്. ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ വെച്ച് സഹിക്കാന്‍ കഴുയുന്നതിലധികം സഹനമാണ് കര്‍ത്താവ് പാപികളായ ഞങ്ങളെ പ്രതി അങ്ങ് സഹിച്ചത്. ഗത്‌സേമനി മുതല്‍ കാല്‍വരി വരെ മനുഷ്യന് പോലും ചിന്തിക്കാന്‍ സാധിക്കാത്തത്ര സഹനം ഈശോ നിശബ്ദനായി സഹിച്ചു.

മൂന്നു വര്‍ഷം തന്റെ സ്വന്തമായി ചേര്‍ത്തുനിര്‍ത്തിയിരുന്ന പ്രിയ ശിഷ്യന്‍ യൂദാസ് തന്നെ ഒറ്റിക്കൊടുത്തപ്പോള്‍ കുരിശിലെ വേദനയെക്കാള്‍ ആ വേദന വലുതായിരിന്നു. അതിനുശേഷം ന്യായധിസംഘത്തിന്റെയും, പിലാത്തോസിന്റെയും മുമ്പില്‍ നിന്നപ്പോള്‍ അങ്ങേക്കു നേരെയുണ്ടായ തിരസ്‌ക്കരണങ്ങള്‍ ഒത്തിരി അങ്ങയെ വേദനിപ്പിച്ചു. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ക്രൂരമായ പടയാളികള്‍ അങ്ങയെ ചമ്മട്ടികൊണ്ട് അടിച്ചപ്പോള്‍ അങ്ങ് അനുഭവിച്ച വേദനകള്‍ വര്‍ണ്ണിക്കാന്‍ കഴിയാത്തതായിരുന്നു. പിന്നെ പരിഹാസ രാജാവായിട്ട് അങ്ങയെ അവരോധിച്ചുകൊണ്ട് അവര്‍ മുള്‍മുടി അണിയിച്ചപ്പോള്‍ മുള്ളുകള്‍ തറച്ചു കയറിയതിന്റെ ശക്തമായ വേദനകള്‍ അങ്ങ് സഹിച്ചു. എന്നിട്ടും തീര്‍ന്നില്ല അങ്ങയുടെ സഹനങ്ങള്‍. ക്ഷീണിച്ച് അവശനായ അങ്ങയെ ഭാരമേറിയ കുരിശു ചുമക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അങ്ങേക്കുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ ഭാരമേറി കുരിശ് വഹിച്ചുകൊണ്ട് മൂന്നു പ്രാവശ്യം അതിദാരുണമായി വീണപ്പോള്‍ ഉണ്ടായ ക്ലേശങ്ങള്‍ അതിലും ഉപരിയായി കുരിശുമായുള്ള യാത്രയുടെ മദ്ധ്യേ തന്റെ മാതാവിനെ കണ്ടപ്പോള്‍ ഉണ്ടായ വേദനകള്‍ അങ്ങനെ അവസാനം കാല്‍വരിയുടെ മദ്ധ്യേ, കുരിശില്‍ കിടന്നുകൊണ്ട് അങ്ങ് അനുഭവിച്ച വേദനകള്‍.

ഈശോയെ ഇത് അങ്ങേക്ക് ഞങ്ങളോടുള്ള സ്‌നേഹമല്ലാതെ മറ്റെന്താണ്. തമ്പുരാനേ നന്ദി ഒരായിരം നന്ദി. ഈ നിമിഷം ശാന്തരായി ഇരുന്നുകൊണ്ട് ദൈവം ഈ ലോകത്തോട് കാണിച്ച അതിരറ്റ കരുണയെ സ്മരിച്ച് കൊണ്ട് പാടി പ്രാര്‍ത്ഥിക്കാം.

ഗാനം – 4: ഒരു നിമിഷം എന്‍ യേശുവിന്‍ മുമ്പില്‍ 

പരിശുദ്ധ അമ്മ കുരിശിനോടും, ക്രൂശിതനോടും ചേര്‍ന്നു നിന്ന വ്യക്തിയാണ്. യേശുവിന്റെ കുരിശിലെ പീഡകളെ സ്മരിക്കുമ്പോള്‍ കുരിശിനോട് ചേര്‍ന്ന അമ്മയെയും നമുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ ജീവിതത്തില്‍ കുരിശുകള്‍ സഹിക്കുന്ന നമുക്ക് പരിശുദ്ധ അമ്മ സഹായവും സംരക്ഷയുമാണ് കുരിശിലാണ് രക്ഷ. അതിനാല്‍ കുരിശിനോട് ചേര്‍ന്ന് ജീവിതം നയിച്ച പരിശുദ്ധ അമ്മയോട് ഇപ്രകാരം പ്രാര്‍ത്ഥിക്കാം. പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ പതിപ്പിച്ചുറപ്പിക്കേണമെ. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 6-ാം അധ്യായം 63-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു ”നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും, ജീവനുമാണ്” ഈ നിമിഷം ആത്മാവും, ജീവനുമായ ദൈവ വചനത്തിന്റെ ശ്രവണത്തിനായി എഴുന്നേറ്റ് നിന്നുകൊണ്ട് നമ്മെ തന്നെ നമുക്ക് ഒരുക്കാം.

വചന വായന – ലൂക്കാ 23:26-43

വിചിന്തനം

കാല്‍വരിയിലെ മരകുരിശില്‍ പീഢകള്‍ സഹിച്ച് മരിച്ച്, മഹത്വകരിക്കപ്പെട്ട് ഇതാ ഈ മണിക്കൂറില്‍ ഞങ്ങളോടൊപ്പമായിരിക്കുന്ന ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും, ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വിശുദ്ധ ലൂക്കായുടെ സുവിശേഷം 23-ാം അധ്യായം 26 മുതലുള്ള വാക്യങ്ങളില്‍ കാല്‍വരിയിലേക്കുള്ള ഈശോയുടെ യാത്രയെയും, ഈശോയുടെ കുരിശില്‍ കിടന്നുള്ള സഹനത്തെയും കാണാന്‍ സാധിക്കും. കാല്‍വരിയിലേക്കുള്ള യാത്രയില്‍ ശിമയോന്‍ എന്നയാള്‍ കുരിശും താങ്ങി ഈശോയെ അനുഗമിച്ചിരുന്നു. ദിവ്യനാഥാ ശിമയോന്‍ താങ്ങിയ അങ്ങേ കുരിശ് പലപ്പോഴും ഞങ്ങളുടെ ജീവിതത്തിലും ഞങ്ങള്‍ വഹിക്കാറുണ്ട്. ”എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” എന്ന് അരുള്‍ ചെയ്ത നാഥാ ജീവിതത്തിന്റെ പല മേഖലകള്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ദുഃഖങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിച്ച് അങ്ങയെ പിന്‍ചൊല്ലാന്‍ ഞങ്ങളെ സഹായിക്കണമേ. ഈശോയെ കുരിശുമായി നീങ്ങുന്ന അങ്ങ് അങ്ങയുടെ അവസ്ഥ മറന്ന് ഓര്‍ശ്ശേമിലെ പുത്രിമാരെ ആശ്വസിപ്പിക്കുന്നു. ഇതു തന്നെയാണ് കുരിശു സഹിക്കുന്ന, അനുദിന കുരിശുകള്‍ സഹിക്കുന്ന ഓരോ വ്യക്തിയോട് ഈശോ പ്രദര്‍ശിപ്പിക്കുന്ന മനോഭാവം. ഈശോയെ തുടര്‍ന്ന് അങ്ങയെ രണ്ടു കള്ളന്മാരുടെ മദ്ധ്യേ കുരിശില്‍ തറക്കുമ്പോള്‍ അനുതപിച്ച നാലുകള്ളനെ ആശ്വസിപ്പിച്ച് അവന് സ്വര്‍ഗ്ഗം നല്‍കാന്‍ തിരുമനസ്സായതിനെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. കാരണം നാഥാ അനുതപിക്കുന്ന ഒരു പാപിയും നഷ്ടപ്പെടില്ല എന്നതാണല്ലോ നല്ല കള്ളനെ ആശ്വസിപ്പിച്ചു കൊണ്ട് അങ്ങ് പ്രഖ്യാപിക്കുന്നത്. അവസാനം പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല ഇവരോടു ക്ഷമിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അങ്ങ് മരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങ് പ്രാര്‍ത്ഥിച്ചത് ഇപ്രകാരം ആയിരുന്നു. ‘പിതാവേ, എന്റെ പീഢാസഹനങ്ങളാല്‍ ഇവരോടു അങ്ങ് ക്ഷമിക്കണമേ’ അങ്ങനെ അങ്ങയുടെ പീഢാസഹനവും, മരണവും വഴി പാപികളും, ബലഹീനരുമായ ഞങ്ങള്‍ രക്ഷിക്കപ്പെട്ടു. ഒരു നീതിമാനായ മനുഷ്യനു വേണ്ടി പോലും ആരും മരിക്കാന്‍ തയ്യാറാകുന്ന ഈ കാലത്ത് സഹോദരനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ലെന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചു.

ഈ വലിയ നോമ്പിന്റെ ദിനരാത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഈശോ നമുക്കുവേണ്ടി സഹിച്ച എല്ലാ പീഢകളെയും, സഹനങ്ങളെയും വേദനകളെയും നമ്മുടെ അനുദിന ജീവിതത്തിലെ എല്ലാ പീഢകളോടും, വേദനകളോടും ചേര്‍ന്ന് ദൈവ പിതാവിന് കാഴ്ചവെച്ചു കൊണ്ട് അനുതാപത്തിന്റെയും, പ്രായ്ശ്ചിത്തതിന്റെ അരൂപിയില്‍ ജീവിച്ച് ഈ പീഡാനുഭവ കാലം ധന്യമാക്കാം. വിശുദ്ധ യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായം 7-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചോദിച്ചു കൊള്ളുക നിങ്ങള്‍ക്ക് ലഭിക്കും. ഈശോയെ ഈ മണിക്കൂറില്‍ ഞങ്ങളെ അനുഗ്രഹിച്ചതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. ഈ നിമിഷം ഞങ്ങളുടെ ജീവിതത്തിലെ നിരവധിയായ ആഗ്രഹങ്ങളെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അതിനാല്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ വ്യക്തിപരമായ നിയോഗങ്ങളെ അവിടുത്തേക്ക് സമര്‍പ്പിക്കാം.

1. ഏശയ്യ പുസ്തകം 58:6-ാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു ”ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നരകത്തിന്റെ കയറുകള്‍ അഴിക്കുകയും, മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നരകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം. ദിവ്യനാഥനായ ഈശോയെ അങ്ങ് ആഗ്രഹിക്കുന്നതുപോല്‍ ദുഷ്ടതയുടെ, സ്‌നേഹമില്ലായ്മയുടെ കെട്ടുകള്‍ അഴിച്ച്, അനുതാപത്തിന്റെ, പ്രാശ്ചിത്തത്തിന്റെ ജീവിതം നയിക്കാന്‍ ഈ നോമ്പു കാലത്ത് ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ…

2. ജ്ഞാനത്തിന്റെ പുസ്തകം 16-12 ല്‍ ഇപ്രകാരം പറയുന്നു. ”കര്‍ത്താവേ മരുന്നോ, ലേപനൗഷധമോ അല്ല. എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്.” ദിവ്യകാരുണ്യ നാഥനായ ഈശോയെ രോഗികളായി കഴിയുന്ന എല്ലാ മക്കളെയും സമര്‍പ്പിച്ച് ഇപ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വചനം അറിഞ്ഞ് അവരെ സുഖപ്പെടുത്തണമെന്ന് അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ…

3. 1 പത്രോ 1:15-ല്‍ ഇപ്രകാരം പറയുന്നു ”നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ പരിശുദ്ധരായിരിക്കുവിന്‍” ദിവ്യ നാഥാ ഈ നിമിഷം അങ്ങ് വിളിച്ചിരിക്കുന്ന എല്ലാ വൈദികരെയും, സന്യാസിനി, സന്യാസികളെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധിയോടെ ജീവിക്കുവാന്‍ അവരെ സഹായിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ…

4. വിശുദ്ധ മത്തായിയുടെ സുവിശേഷം 9:13-ല്‍ ഇപ്രകാരം പറയുന്നു. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല. പാപികളെ വിളിക്കാനാണ് ഈശോയെ ഈ നിമിഷം ലോകമെമ്പാടുമുള്ള എല്ലാ പാപികളെയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക അങ്ങയുടെ തിരുരക്തത്താല്‍ അവരെ കഴുകി വിശുദ്ധീകരിച്ച് ഒരു പുതിയ സൃഷ്ടിയാക്കി മാറ്റണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ…

ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിച്ചതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങേക്ക് നന്ദി പറയുന്നു. ഈശോ നാഥാ ഈ ആരാധനയുടെ അവസാന ഭാഗത്തിലേക്ക് കടക്കുമ്പോള്‍ ഞങ്ങളുടെ പാപം നിറഞ്ഞ അവസ്ഥയെ ഞങ്ങള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. കാല്‍വരി കുരിശില്‍ നിന്നൊഴുകിയ തിരുരക്തത്താല്‍ ഞങ്ങളെ കഴുകണമെ. അവസാനമായി കാല്‍വരിയിലെ ഞങ്ങള്‍ക്കുവേണ്ടിയുള്ള ആത്മബലിയെ ഒത്തിരി സ്‌നേഹത്തോടെ ഓര്‍ത്തുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും അവിടുത്തെ ആശീര്‍വാദത്തിനായി നമുക്ക് ഒരുങ്ങാം.

ബ്ര. ജിബിന്‍ പാലത്തിപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.