
(എല്ലാവരും ഭക്ഷണമേശയുടെ ചുറ്റും കസേരയില്‍ ഒന്നായിരിക്കുന്നു. കുടുംബനാഥന് എഴുന്നേറ്റു നില്ക്കുന്നു. ഏറ്റവും ഇളയ കുട്ടിയും എഴുന്നേറ്റുനില്ക്കുന്നു.)
കുടുംബനാഥന്: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍
എല്ലാവരും: ആമ്മേന്‍
കുടുംബനാഥന്: ഇതാ നമുക്കായി ഒരു രക്ഷകന് പിറന്നിരിക്കുന്നു.
എല്ലാവരും: ആമ്മേന്‍
കുടുംബനാഥന്: കാലിത്തൊഴുത്തില്‍ പിറന്ന ലോകരക്ഷകനെ നമുക്കാരാധിക്കാം.
എല്ലാവരും: ആമ്മേന്‍
കുടുംബനാഥന്: രക്ഷകന്റെ അമ്മയായ പരിശുദ്ധ അമ്മയെയും പിതാവായ വി. യൗസേപ്പിതാവിനെയും നമുക്കോര്‍ക്കാം.
എല്ലാവരും: ആമ്മേന്‍
കുടുംബനാഥന്: രക്ഷകനെ ലോകത്തിനു നല്കിയ പിതാവായ ദൈവത്തെ ആരാധിക്കുകയും നന്ദി പറയുകയും ചെയ്യാം.
എല്ലാവരും: ആമ്മേന്‍
കുടുംബനാഥന്: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ (എല്ലാവരും ചേര്‍ന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ് സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ!
ഞങ്ങള്‍ക്കാവശ്യമായ ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ. ദുഷ്ടാരൂപിയില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ. എന്തെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേന്‍!
ഇളയ മകന്/ള്‍: ഹലേലൂയ, ഹലേലൂയ, ഹലേലൂയാ!
കുടുംബനാഥ: ഞങ്ങളുടെ കര്‍ത്താവായ ദൈവമേ കഴിഞ്ഞ 25 നോമ്പു ദിവസങ്ങളില്‍ അങ്ങ് ഞങ്ങളുടെ മേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു. ത്യാഗപൂര്‍ണ്ണമായ നോമ്പിലൂടെ അങ്ങയെ മഹത്വപ്പെടുത്താനും സ്വയം വിശുദ്ധീകരിക്കാനും അങ്ങ് ഞങ്ങളെ സഹായിച്ചു. ഈ വിശുദ്ധിയിലും മിതഭക്ഷണത്തിലും ഇനിയും ശ്രദ്ധിച്ച് ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. നോമ്പുകാലത്ത് വന്ന വീഴ്ചകള്‍ക്ക് ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
എല്ലാവരും: ആമ്മേന്‍
കുടുംബനാഥന്: ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവേ അങ്ങയുടെ വചനത്താല്‍ ഞങ്ങളുടെ ബുദ്ധിയെയും മനസിനെയും ജീവിതത്തെയും പ്രകാശിപ്പിക്കണമേ!
എല്ലാവരും: ആമ്മേന്‍
(എല്ലാവരും എഴുന്നേറ്റു നില്ക്കുന്നു)
കുടുംബനാഥന്: വി. ലൂക്കാ അറിയിച്ച നമ്മുടെ കര്ത്താവീശാമിശിഹായുടെ പരിശുദ്ധ സുവിശേഷം.
എല്ലാവരും: നമ്മുടെ കര്‍ത്താവായ മിശിഹാക്ക് സ്തുതി.
”ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്ന് യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേദ്ലഹേമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവ സമയമെടുത്തു. അവള് തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളകച്ചകൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തി. കാരണം സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല.
എല്ലാവരും: നമ്മുടെ കര്‍ത്താവായ മിശിഹാക്ക് സ്തുതി! (മൗനം 10 സെക്കന്റ്)
(എല്ലാവരും ഇരിക്കുന്നു)
മക്കള്‍ മാറി മാറി ചൊല്ലുന്നു:
1. ഉന്നതമായ മാതൃക തേടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ…
എല്ലാവരും: കര്‍ത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ.
2. ഉന്നത സ്വഭാവത്തിന്റെ വചനം ശ്രവിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ…
എല്ലാവരും: കര്‍ത്താവേ…
3. സമൂഹത്തിനും കുടുംബത്തിനും ലോകം മുഴുവനും മാതൃകയാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
എല്ലാവരും: കര്‍ത്താവേ…
4. സൂക്ഷ്മതയും നിര്‍മലതയും ഉന്നതമായ ജീവിത മാതൃകയും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ.
എല്ലാവരും: കര്‍ത്താവേ…
5. ഭക്ഷണത്തെ നിന്ദിക്കാതിരിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
എല്ലാവരും: കര്‍ത്താവേ…
6. വിശപ്പനുഭവിച്ച് വളരാനും വിശക്കുന്നവരെ കണ്ട് അവരെ സഹായിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
എല്ലാവരും: കര്‍ത്താവേ ഞങ്ങളെ….
7. നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും വഴി അങ്ങയെ പ്രസാദിപ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ…
എല്ലാവരും: കര്‍ത്താവേ…
സമാപന പ്രാര്‍ത്ഥന
(എല്ലാവരും എഴുന്നേറ്റു നില്ക്കുന്നു)
മക്കള്‍ ഒരുമിച്ച്: കാരുണ്യവാനായ കര്‍ത്താവെ, ഞങ്ങളുടെ രക്ഷകനായ ദൈവമേ, അങ്ങയുടെ മനുഷ്യാവതാരത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ഇന്ന് ഞങ്ങള്‍ കഴിക്കാന്‍ പോകുന്ന ഈ ആഹാരത്തെ അവിടുന്ന് ആശീര്‍വദിക്കണേ! ജീവന്റെ അപ്പം നല്കി ഞങ്ങളെ പരിപാലിക്കുന്ന ഈശോയെ, ഈ ഊട്ടുമേശയില്‍ നിന്നും സ്നേഹത്തോടെ ഭക്ഷിക്കാനും പാനം ചെയ്യാനും ഞങ്ങളെ സഹായിക്കണമേ. ഭക്ഷണം പാകം ചെയ്ത ഞങ്ങളുടെ അമ്മച്ചിയെ ആശീര്‍വദിക്കണമേ. ഈശോയിലേക്ക് ഞങ്ങളെ വളര്‍ത്തുന്ന അപ്പച്ചനെയും മരണം വഴി വേര്‍പെട്ടുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ആശീര്‍വദിക്കണമേ. നാവും രുചിയും നല്കിയ ദൈവമേ രുചിയോടെ ഭക്ഷണം കഴിക്കാന്‍, വികാര വിചാര ശുദ്ധിയോടെ ഭക്ഷണം കഴിക്കാന്‍ അനുഗ്രഹിക്കണമേ! ഞങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്കൊപ്പം ആയുസ്സിന്റെ പൂര്‍ണ്ണതയില്‍, അനുസരണയോടെ ജീവിക്കാനും ഈ ഭക്ഷണം ഞങ്ങളെ സഹായിക്കട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും.
എല്ലാവരും: ആമ്മേന്‍
ഫാ. സൈജു തുരുത്തിയില്‍