

ഓർമ്മ വച്ചനാൾ മുതൽ സദാ കർമ്മോൽസുകയായ മമ്മിയെയാണ് കണ്ടിട്ടുള്ളത്. എന്നും രാവിലെ അഞ്ചു മണി മുതൽ രാത്രി വരെ നീളുന്ന ചിട്ടയായ ജീവിതം. പുസ്തകങ്ങളോടും വായനയോടുമുള്ള പ്രണയം, (മമ്മിയുടെ കൊച്ചു പുസ്തക ശേഖരത്തിൽ നിന്നാണ് വായനകളുടെ തുടക്കം. സ്കൂൾ തലം മുതൽ പഠിച്ച നോവലുകളുടെയും നാടകങ്ങളുടെയുമൊക്കെ ശേഖരമുണ്ടായിരുന്നു അതിൽ. മഞ്ഞനിറം പടർന്ന താളുകൾ എത്ര ആവേശത്തോടെയായിരുന്നു വായിച്ചിരുന്നത്. ഒലിവർ ട്വിസ്റ്റും ശാകുന്തളവും, നോട്ടർഡാമിലെ കൂനനുമൊക്കെ അവയിൽ ചിലതായിരുന്നു.) സംഗീതത്തോടുള്ള ഇഷ്ടം, പ്രാർത്ഥന അങ്ങനെ നീണ്ടു പോകും മമ്മിയെക്കുറിച്ചുള്ള ഓർമ്മകൾ. പൂക്കളോടും പക്ഷികളോടും പ്രത്യേകമൊരടുപ്പമുണ്ടായിരുന്നു മമ്മിക്ക്. എന്നും അടുക്കള വരെ കയറി വന്ന് കൊത്തിപ്പെറുക്കുന്ന അരിപ്രാവിനെയും തുത്തു കുണുക്കിയെയുമൊക്കെ കൗതുകത്തോടെയും അൽഭുതത്തോടെയും നോക്കി നിന്നിട്ടുണ്ട്. എല്ലാറ്റിനുമുപരി സ്വയം ഉരുകുന്ന ഒരു തിരി പോലെയാണ് മമ്മി എന്ന് മിക്കപ്പോഴും ചിന്തിച്ചിട്ടുണ്ട്. പരാതികളില്ലാതെ, നോവുകളറിയാതെ, മൗനമായ് ഉരുകുന്നൊരു തിരി.
പൊതുവെ ചെറിയൊരു പനിയോ ജലദോഷമോ പോലും വന്ന് മമ്മി കിടപ്പിലാകുന്നത് കണ്ടിട്ടില്ല. ഒരിക്കലെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റായ ഓർമ്മകൾ മനസ്സിലേ ഉണ്ടായിരുന്നില്ല, പത്ത് വർഷങ്ങൾക്ക് മുൻപ് വരെ.
ഒരു ദിവസം രാത്രി രണ്ടു മണിക്ക്, ഹോസ്റ്റൽ മുറിയിൽ വല്ലാതെ ഭയന്ന് ഞെട്ടിയുണർന്നത് ഓർമ്മയുണ്ട്. എന്തോ രോഗം ബാധിച്ച് മെലിഞ്ഞുണങ്ങിയ, വിഷമത്തോടെയിരിക്കുന്ന മമ്മിയുടെ രൂപം സ്വപ്നം കണ്ട്. രാവിലെ തന്നെ ഫോൺ വിളിച്ചു. കുഴപ്പമൊന്നുമില്ല. സന്തോഷമായിരിക്കുന്നു. എങ്കിലും ആ സ്വപ്നം ഇടയ്ക്കിടെ ക്ഷണിക്കാതെ കയറി വന്ന് മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അത് യാഥാർത്ഥ്യമായി.
കഴിഞ്ഞ പത്ത് വർഷമായി തോൽപിക്കാൻ ശ്രമിക്കുന്ന അർബുദം. ഈ കാലയളവിനിടയിൽ നാലു തവണയാണ് അവൻ അക്രമിച്ച് കീഴ്പ്പെടുത്തുവാൻ ശ്രമിച്ചത്. വിട്ടുകൊടുക്കാതെയുള്ള യുദ്ധത്തിൽ തുണയാകുന്നത് പ്രാർത്ഥനയുടെ കരുത്താണ്. ഒരിക്കലും ആശുപത്രി മുറിയിൽ കരഞ്ഞ് തളർന്നിരിക്കാറില്ല. വീട്ടിലും. സന്തോഷമാണ്, പ്രതീക്ഷയാണ്…എന്നെങ്കിലുമൊരിക്കൽ കീഴടങ്ങേണ്ടി വരും എന്നറിഞ്ഞു കൊണ്ട് തന്നെ, അംഗീകരിച്ചു കൊണ്ട് തന്നെ, അവസാന നിമിഷം വരെ വീറോടെയുള്ള പൊരുതൽ.
ഇപ്പോഴും ഉണരുന്നത് അഞ്ചരയ്ക്കു തന്നെ. മരുന്നും ഭക്ഷണവും പ്രാർത്ഥനയുമൊക്കെ ചിട്ടയോടെ. പിന്നെ വായന. റേഷൻ കാർഡൊഴിച്ചാൽ ബാക്കിയെല്ലം തീർത്തു. ഇടയ്ക്ക് പഴയ കാല സിനിമകൾ. ഓർമ്മകൾ, സൊറ പറച്ചിലുകൾ. ഒരു വർഷമായിട്ടേയുള്ളു, വൈനുണ്ടാക്കലും സ്ക്വാഷുണ്ടാക്കലുമൊക്കെ നിർത്തിയിട്ട്. ശരീരം ഒട്ടും അനുവദിക്കാത്തതു കൊണ്ട്. എങ്കിലും കർമ്മനിരതമാണ് മനസ്സെപ്പോഴും.
അമ്മ എന്നാൽ തോൽക്കാത്ത മനസ്സാണെനിക്ക്. വാൽസല്യവും… മാതൃദിനാശംസകൾ
നിഷ ജോസ്
Super