

ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിനപരിശ്രമം നടത്തുന്ന ഒരു സമൂഹത്തിൽ ഒരു സന്യാസിനിയായ സ്വന്തം സഹോദരിയുടെ വേർപാടിൽ വൈദീകനായ സഹോദരൻ എഴുതുന്ന ഹൃദയസ്പർശിയായ ഒരു പുസ്തകം:
‘കുന്തുരുക്കം’ എന്ന ഈ പുതിയ പുസ്തകത്തിലെ ഒരു ചെറിയ ഭാഗം ഞാൻ ഇവിടെ കുറിക്കുന്നു…
ജനാലയിലൂടെ ഞാന്‍ പുറത്തേയ്ക്കു നോക്കുകയാണ്. മുകളില്‍ മേഘങ്ങള്‍ക്കുമപ്പുറം നീലാകാശം. എന്റെ മനസ്സിലേയ്ക്ക് വീണ്ടും ഓര്‍മ്മകളുടെ പ്രവാഹമാണ്. വിശുദ്ധമായ, മനോഹരമായ, സാഹോദര്യത്തിന്റെ ഓര്‍മ്മകള്‍. ഇതില്‍ ഞാന്‍ ഏത് തെരഞ്ഞെടുക്കും? ഒന്നു മാത്രമായി ഞാൻ ഏതും തെരഞ്ഞെടുക്കുന്നില്ല. തെരഞ്ഞെടുക്കാനാവുന്നില്ല എന്നതാണ് സത്യം. എല്ലാ നല്ല ഓര്‍മ്മകളും എന്നും മനസ്സില്‍ ഉണ്ടായിരിക്കേണ്ടതാണ് എന്നാണ് എന്റെ പക്ഷം. അതിലെ ഒരെണ്ണെം മാത്രം തെരഞ്ഞെടുത്തിട്ട് ബാക്കിയെല്ലാം വിസ്മരിക്കാന്‍ എനിക്കാവുന്നില്ല. എല്ലാം ചേര്‍ന്നുള്ള ഓര്‍മ്മയുണ്ടല്ലോ, അതാണ് എനിക്കാവശ്യം. ഒറ്റ ഓര്‍മ്മയിലേയ്ക്ക് പ്രിയപ്പെട്ടവരെയും ജീവിതത്തെയും ചുരുക്കാന്‍ സാധിക്കുന്നില്ല…
ഈ നാളുകളില്‍ എന്റെ ജീവിതം എന്റെ സഹോദരിയെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ സജീവമാണ്. അനേകം ഓര്‍മ്മകള്‍ മനസ്സിലേയ്ക്ക് കടന്നുവരുന്നുണ്ട്. മനോഹരമായ അനേകം ഓര്‍മ്മകളുണ്ട് എന്നത് ഒരു അനുഗ്രഹമാണ്. മധുരകരമായ ഓർമ്മകൾ ഇല്ലാത്തവരായി ഈ ഭൂമിയിൽ ഒട്ടനവധിപേർ ഉള്ളപ്പോൾ നല്ല ഓർമ്മകളുള്ളത് പുണ്യമാണ്. ബാല്യത്തില്‍ എന്റെയൊപ്പം കളിച്ചത്, വീടിന് അടുത്തുകൂടി ഒഴുകിയിരുന്ന തോട്ടില്‍ ഒരുമിച്ചുപോയിരുന്നത്, പള്ളിയിലേയ്ക്ക് കൈപിടിച്ചു നടന്നത്, വൈകുന്നേരങ്ങളില്‍ ഒരുമിച്ച് കുരിശുവരച്ചത്, വഴക്കുണ്ടാക്കിയത്, മഠത്തില്‍ പോയതിനുശേഷം ഇടയ്ക്ക് കാണാന്‍ പോയിരുന്നത്, ചെറിയ ചെറിയ സമ്മാനങ്ങള്‍ തന്നിരുന്നത്, സിസ്റ്ററായതിനുശേഷം വീട്ടില്‍ വരുന്നത്, ഇടയ്ക്ക് ഫോണ്‍ വിളിക്കുന്നത്, ‘നിനക്കു വേണ്ടി എല്ലാ ദിവസവും ഞാന്‍ മുട്ടുകുത്തി കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുന്നുണ്ട്’ എന്നു പറഞ്ഞത്, രോഗമാണെന്ന് അറിഞ്ഞതിനുശേഷം സന്ദര്‍ശിച്ചിരുന്നത്, ‘എനിക്ക് നിന്റെ അടുക്കല്‍ കുമ്പസരിക്കണം’ എന്നു പറഞ്ഞത്, ‘ഒട്ടും പറ്റുന്നില്ല; എനിക്ക് രോഗീലേപനം തരണം’ എന്നു പറഞ്ഞത്, ഏറ്റവും ഒടുവില്‍ ‘നാളെ കാണാം’ എന്നുപറഞ്ഞ് പിരിഞ്ഞത്… ഒട്ടേറെ ഓര്‍മ്മകള്‍. ചിലതൊക്കെ കണ്ണീര് പൊടിക്കുന്നതാണെങ്കിലും മനോഹരമായവ തന്നെയാണ്. ഇതില്‍ ഞാന്‍ എത് തെരഞ്ഞെടുക്കും…?
ഹിരോക്കാസു കൊറീദാ എന്നൊരു ജാപ്പനീസ് സിനിമാ സംവിധായകനുണ്ട്. ‘ജീവിതത്തിനു ശേഷം’ (After Life) എന്ന സിനിമ അദ്ദേഹം പുറത്തിറക്കിയത് 1999-ലാണ്. ആരും തന്നെ കൈകാര്യം ചെയ്യാത്ത ഒരു വിഷയമാണ് അദ്ദേഹം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ ജീവിതത്തിനു ശേഷമുള്ള കാര്യങ്ങളാണ് ഈ സിനിമയില്‍. മരണത്തിനുശേഷം എല്ലാ മനുഷ്യര്‍ക്കും ഒരാഴ്ച സമയം കൊടുക്കുകയാണ് – നിത്യതയിലേയ്ക്ക് സൂക്ഷിക്കാന്‍ വേണ്ടി ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഓര്‍മ്മ അവര്‍ തെരഞ്ഞെടുക്കണം. അതിനുവേണ്ടിയാണ് ഈ ഒരാഴ്ച. ഇതാണ് സിനിമയുടെ ഇതിവൃത്തം.
മധുരകരമായ ഓര്‍മ്മകള്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മ എന്തിനെക്കുറിച്ച് ഉള്ളതാണെന്നു ചോദിച്ചാല്‍ എന്തായിരിക്കും നമ്മുടെയൊക്കെ മറുപടി? മരിക്കുമ്പോള്‍ ഏതൊക്കെ ഓര്‍മ്മകള്‍ ഒപ്പം കൊണ്ടുപോകാനാണ് നമ്മള് ആഗ്രഹിക്കുന്നത്? ആരെക്കുറിച്ചുള്ള ഓർമ്മകളാണ് കൂടെയുണ്ടാകണമെന്ന് നമുക്ക് നിർബന്ധം?
ഒരുപിടി നല്ല ഓർമ്മകളിൽക്കൂടിയും അനുഭവങ്ങളിൽക്കൂടിയുമാണ് ഈ പുസ്തകം നമ്മെ കൊണ്ടുപോകുന്നത്. മാത്രമല്ല ബൈബിൾ ഭാഗങ്ങൾ, കത്തോലിക്കാ സഭാപഠനങ്ങൾ, ക്ലാസിക്കൽ സിനിമകളുടെ റഫറൻസ്, പുസ്തകങ്ങൾ, കവിതകൾ എന്നിവയാൽ സമ്പന്നമായ ഈ പുസ്തകം തീർച്ചയായും പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിയ്ക്കുന്നവർക്ക് ഒരു ആശ്വാസമായി മാറും…
സി. സോണിയ കുരുവിള മാതിരപ്പള്ളില്‍