

ഒരു പ്രളയം സൃഷ്ടിച്ച ഭീകരാവസ്ഥ മലയാളികളുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. സര്‍വതും തൂത്തെടുത്തു കടന്നു പോയ ദുരിതം. ഏതാണ്ട് അതേ അവസ്ഥ ഇന്ന് അഭിമുഖീകരിക്കുകയാണ് വടക്കന്‍ കാലിഫോര്‍ണിയ. ഇവിടെ വില്ലന്‍ പ്രളയം അല്ല തീയാണ്. അടുപ്പിച്ചടുപ്പിച്ച് സകലതും കവര്‍ന്നെടുത്ത് കടന്നു പോകുന്ന തീയുടെ ഭീകര താണ്ഡവത്തിനു മുന്നില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിസഹായാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അവരെ എല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ഒരു സംഭവം ഉണ്ടായത്. എന്താണെന്നല്ലേ? ഒരു ദേവാലയം.
നഗരം മൊത്തം കത്തി ചാമ്പലായപ്പോഴും അതിന്റെ ഹൃദയ ഭാഗത്തായി സ്ഥിതിചെയ്യുന്ന ആ ദേവാലയം അനേകര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് തീയെ അതിജീവിച്ചു. ആ അത്ഭുതകരമായ സംഭവത്തെ കുറിച്ച് വിവരിച്ചു കൊണ്ട് ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ഫാ. ക്ളീറ്റസ് കാരക്കാടന്‍.
ഒന്നിന് പുറകെ ഒന്നായി ദുരിതം വിതച്ച തീ
അമേരിക്കയില്‍ തീ അതിന്റെ താണ്ഡവ നൃത്തം ആടാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. നോര്‍ത്ത് കാലിഫോര്‍ണിയയെ സംബന്ധിച്ചിടത്തോളം വളരെ ചൂടുള്ള കാലാവസ്ഥയാണ്. വരണ്ടു ഉണങ്ങിയ അന്തരീക്ഷം. ഒപ്പം മരങ്ങളും ചെടികളും ഒക്കെ നിറഞ്ഞ സ്ഥലം. തീ ഒരിടത്തു നിന്ന് ആരംഭിച്ചാല്‍ പെട്ടന്ന് പടര്‍ന്നു പിടിക്കുവാന്‍ സാധ്യതകള്‍ ഏറെയാണ്, ഇത്തരം കാലാവസ്ഥയില്‍. ആ സാധ്യത തന്നെയാണ് കാലിഫോര്‍ണിയന്‍ ജനത്തിനു തലവേദന ആകുന്നതും.
ആദ്യത്തെ തീ പിടിത്തം നടക്കുന്നത് ഈ ജൂലൈയിലാണ് എന്ന് ക്ളീറ്റസ് അച്ചന് സാക്ഷ്യപ്പെടുത്തുന്നു. അച്ചന് സേവനം ചെയ്യുന്ന കാലിഫോര്‍ണിയയിലെ റെഡിങ്ക് എന്ന സ്ഥലത്തിനു സമീപമുള്ള വിസ്കി ടൌണിലാണ് ആദ്യം തീ പടര്‍ന്നു പിടിച്ചത്. കാര്‍ ഫയര്‍ എന്ന് അറിയപ്പെട്ട ആ തീപിടിത്തത്തില്‍ റെഡിങ്കിലെയും വിസ്കിയിലെയും ഏകദേശം ഒരുലക്ഷം ഏക്കറോളം ഭൂമിയും 600 റോളം വീടുകളും കത്തി നശിപ്പിക്കപ്പെട്ടു. ആ ദുരന്തത്തെ അതിജീവിച്ചു സാധാരണ നിലയിലേയ്ക്ക് ജീവിതം ആയിത്തുടങ്ങുമ്പോഴാണ് തീ അടുത്ത ദുരിതം വിതയ്ക്കുന്നത്.
പാരഡൈസിനെ ചാരക്കൂമ്പാരമാക്കിയ ദുരന്തം
കഴിഞ്ഞ വ്യാഴാഴ്ചയാണ് കാലിഫോര്‍ണിയയിലെ പാരഡൈസ് എന്ന നഗരത്തെ വിറപ്പിച്ചു കൊണ്ട് തീ പടര്‍ന്നു തുടങ്ങിയത്. ഇലക്ട്രിക് ലൈനില്‍ നിന്ന് ഉണ്ടായ ഷോക്കില്‍ നിന്ന് ആരംഭിച്ചതായി കരുതപ്പെടുന്ന തീ നിമിഷങ്ങള്‍ക്കകം പടര്‍ന്നു പിടിക്കുകയായിരുന്നു. കാലിഫോര്‍ണിയയെ സംബന്ധിച്ചിടത്തോളം ഭൂചലന സാധ്യത ഏറിയ സ്ഥലമായതു കൊണ്ട് തടികള്‍ കൊണ്ടുള്ള വീടുകള്‍ മാത്രമേ നിര്‍മ്മിക്കുവാന്‍ അനുമതി ഉള്ളു. അങ്ങനെ നിര്‍മ്മിച്ച വീടുകളൊക്കെ നിന്ന് കത്തുന്ന ഭീകരമായ ഒരു അവസ്ഥയാണ് തുടര്‍ന്ന് പാരഡൈസിനു സാക്ഷ്യം വഹിക്കേണ്ടി വന്നത് എന്ന് അച്ചന് പറഞ്ഞു.
തീ പടരുന്നത് അറിഞ്ഞയുടനെ തന്നെ അഗ്നിശമന സേനയും സുരക്ഷാ സേനയും ഊര്‍ജ്ജിതമായി. ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞു പോകുന്നതിനുള്ള ഓര്‍ഡര്‍ ഇട്ടു. ഹോസ്പിറ്റലുകളില്‍ നിന്നും മറ്റും ആളുകളെ എയര്‍ ലിഫ്റ്റിംഗിലൂടെ മാറ്റി പാര്‍പ്പിച്ചു. ഏകദേശം 56000 ത്തോളം ആളുകളെയാണ് പാരഡൈസ് നഗരത്തില്‍ നിന്ന് ഒഴിപ്പിച്ചത്. ആളുകളെ ഒഴിപ്പിച്ച് വൈകാതെ തന്നെ നഗരത്തെ തീ വിഴുങ്ങുകയായിരുന്നു. ഏകദേശം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ഏക്കറുകള്‍ ഇതുവരെ പൂര്‍ണ്ണമായും കത്തി നശിച്ചു. 6500 റോളം വീടുകള്‍ പൂര്‍ണ്ണമായും ചാരമായി. 46 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇനിയും 260 ല്‍ അധികം ആളുകളെ കണ്ടെത്താന്‍ ആയിട്ടില്ല. ഒരാഴ്ച്ച നീണ്ടു നിന്ന തീയുടെ താണ്ഡവ നൃത്തത്തിന്റെ അനന്തരഫലമാണ് ഇത്. നഗരത്തിലെ വലിയ ആശുപത്രികളൊക്കെ വെറും കത്തിക്കരിഞ്ഞ സ്റ്റീല്‍ കൂമ്പാരമായി മാറി.
ഏകദേശം അയ്യായിരത്തോളം ഫയര്‍ ഫൈറ്റര്‍മാര്‍, സൂപ്പര്‍ ടാങ്ക് വിമാനങ്ങളും സകല സുരക്ഷാ സംവിധാനങ്ങളും ഒരുക്കി തീ അണയ്ക്കുവാനായി ശ്രമിച്ചു കൊണ്ടിരുന്നു. എന്നിട്ടും ഇപ്പോഴും തീ പൂര്‍ണ്ണമായും അണയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് അതിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
അത്ഭുത ദേവാലയം
നഗരം മുഴുവന്‍ കത്തി ചാമ്പലായി. ചുറ്റും പുക നിറഞ്ഞ അന്തരീക്ഷം. അടുത്തുള്ളവരെ കാണാന്‍പോലും കഴിയാത്ത അവസ്ഥ. സകലതും നശിച്ചു. ആ ദുരവസ്ഥയിലും പ്രത്യാശ പകര്‍ന്നുകൊണ്ട്, ആ ദേവാലയം ഉയര്‍ന്നു നിന്നു. ആ ദേവാലയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വേദനകള്‍ക്കിടയിലും ഒരു നുറുങ്ങു വെളിച്ചം പകരുന്ന പ്രത്യാശയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. ‘സാക്രമെന്തോ രൂപതയിലെ സെന്റ് തോമസ് മൂര്‍ ദേവാലയമാണ് ആ അത്ഭുത ദേവാലയം. എന്തുകൊണ്ടാണ് ആ ദേവാലയം തീയെ അതിജീവിച്ചത് എന്ന് ചോദിച്ചാല്‍ അത് ദൈവത്തിന്റെ പ്രത്യേക കരുതല്‍ എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളു.’ അദ്ദേഹം വെളിപ്പെടുത്തി.
ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഒരു പഴയ ദേവാലയമാണ് സെന്റ് തോമസ് മൂര്‍ ദേവാലയം. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ചത് കൊണ്ടാണോ അത് തീയെ അതിജീവിച്ചത് എന്ന് ചോദിച്ചാല്‍ ചുറ്റും കത്തികരിഞ്ഞു കിടക്കുന്ന മറ്റു ഇഷ്ടിക കെട്ടിടങ്ങളിലേയ്ക്ക് അദ്ദേഹം വിരല്‍ ചൂണ്ടും. ആ കെട്ടിടങ്ങള്‍ പിന്നെ എന്തുകൊണ്ട് നിലനിന്നില്ല ? ശരിയല്ലേ. ആ ദേവാലയത്തെ സംരക്ഷിച്ചത് ദൈവമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നതിനു കാരണങ്ങള്‍ നിരവധിയാണ്. അതില്‍ ഒന്നാണ് ചുറ്റുമുള്ള ഇഷ്ടിക കെട്ടിടങ്ങള്‍ നശിച്ചപ്പോഴും നശിക്കാതെ നിന്ന ആ ദേവാലയം.
രണ്ടാമത്തേത് ആ ഇടവകയിലെ വികാരി അച്ചന് കൂടിയായ ഫാ. ഗോഡ്വിന്റെയും കൂടെ അനുഭവം ആണ്. ഗോഡ്വിനച്ചന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു തിരികെ പള്ളിമേടയില്‍ എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഒഴിഞ്ഞു പോകുവാനുള്ള അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്. തീ പടര്‍ന്ന് അടുത്തെത്തിയിരുന്നു. എത്രയും വേഗം, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇവിടം വിട്ടു സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. അതായിരുന്നു നിര്‍ദ്ദേശം. വെറും സെക്കന്‍ഡുകള്‍ മാത്രമാണ് അച്ചന് കിട്ടിയത്. ആ സമയത്തിനുള്ളില്‍ അച്ചന് പള്ളിയുടെ പ്രധാന രേഖകള്‍ കിട്ടിയതൊക്കെ എടുത്തു വേഗം ക്ളീറ്റസ് അച്ചന് സേവനം ചെയ്യുന്ന പള്ളിയിലേക്ക് മാറി.
റെഡിങ്ങില്‍ എത്തിയപ്പോള്‍ അച്ചന്റേതെന്ന് പറയാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഇട്ടിരിക്കുന്ന വസ്ത്രം മാത്രം ഉണ്ട്. അപ്പോഴാണ് അദ്ദേഹം വിശുദ്ധ കുര്‍ബാന പള്ളിയ്ക്കുള്ളില്‍ ആണെന്ന കാര്യം ഓര്‍ക്കുന്നത്. അച്ചന് വളരെ സങ്കടമായി. ആ സമയം അവിടെ തീ വിഴുങ്ങി തുടങ്ങിയിരുന്നു. കാര്യം തിരക്കിയ ക്ളീറ്റസ് അച്ചനോട് വേദനയോടെ ഗോഡ്വിനച്ചന് പറഞ്ഞു ‘ അച്ചാ വിശുദ്ധ കുര്‍ബാന പള്ളിയില്‍ ഇരിക്കുകയാണ്. പള്ളിക്ക് എന്തെങ്കിലും സംഭവിച്ചാല്‍…’ അച്ചന് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഫാ.ക്ളീറ്റസ് പറഞ്ഞു ‘ അച്ചന് പേടിക്കണ്ട, ഈശോയെ നോക്കാന്‍ ഈശോയ്ക്കറിയാം’. ശരിക്കും അതുതന്നെയാണ് അവിടെ സംഭവിച്ചത് എന്ന് അച്ചന് വിശ്വസിക്കുന്നു. വിശുദ്ധ കുര്‍ബാന അതില്‍ ഇല്ലായിരുന്നു എങ്കില്‍ ഒരുപക്ഷെ ആ ദേവാലയം ചുറ്റും ഉണ്ടായിരുന്ന പള്ളിമേടയെയും പാരീഷ് ഹാളിനെ പോലെയും ഒക്കെ തീയില്‍ ചാമ്പലാകുമായിരുന്നു. അതിന്റെ ഉള്ളില്‍ സന്നിഹിതനായ ദൈവം ആണ് ആ ദേവാലയത്തെ രക്ഷിച്ചതെന്നു ഇവര്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
കാലിഫോര്‍ണിയയെ ദൈവത്തിലേക്ക് അടുപ്പിച്ചു തീ
ഒരു തീ ഉണ്ടാക്കിയ ദുരിതാവസ്ഥയില്‍ നിന്നും കരകയറുന്നതിനിടയിലാണ് അടുത്തത് നാശം വിതച്ചുകൊണ്ട് എത്തിയത്. വളരെ സൗകര്യങ്ങളും സംവിധാനങ്ങളും ഒക്കെ ഉണ്ടായിട്ടും അവിടെയൊക്കെ നിസഹായരായി നില്‍ക്കേണ്ടി വന്ന ഒരു ജനതയായി മാറുകയായിരുന്നു ഈ സമയം അമേരിക്കക്കാര്‍. ചിലതൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിനും മേലെയാണെന്നു അമേരിക്കക്കാരെ ബോധ്യപ്പെടുത്തി ഈ ദുരന്തം. എങ്കിലും ഈ ദുരന്തത്തിലും മനുഷ്യത്വത്തിന്റെ മറ്റൊരു പാഠം പകര്‍ന്നു നല്കുവാന് അവര്‍ക്കു കഴിഞ്ഞു എന്ന് അച്ചന് പറയുന്നു. കാരണം വീടുള്ളവര്‍ വീടും സ്ഥലവും ഒക്കെ ദുരിത ബാധിതര്‍ക്കായി നല്കുവാന് തയ്യാറായി. വേദനിക്കുന്നവര്‍ക്കായി എന്തും ചെയ്യാന്‍ സന്നദ്ധരായി നില്ക്കുന്ന ഒരു കൂട്ടം ആളുകളെ, ഒരു സമൂഹത്തെയാണ് അവിടെ ദര്‍ശിക്കുവാന്‍ കഴിഞ്ഞതെന്ന് അച്ചന് ഓര്‍ക്കുന്നു.

ഒപ്പം തന്നെ അനേകരെ ദൈവത്തിലേയ്ക്കും വിശ്വാസത്തിലേയ്ക്കും പ്രാര്‍ത്ഥനയിലേയ്ക്കും ഒക്കെ കൊണ്ടുവരുവാന്‍ ഈ ദുരന്തം കാരണമായി എന്ന് ചൂണ്ടിക്കാണിക്കുന്നു. എല്ലാവരും പരസ്പരം പ്രാര്‍ത്ഥനകള്‍ നേരുന്നു. ഭക്ഷണവും മറ്റും നല്കുമ്പോഴും പ്രാര്‍ത്ഥിക്കാം എന്ന് പറയുന്നു. എന്തിന്, ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പ്രഡിഡന്റും പ്രാര്‍ത്ഥിക്കുവാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. അദ്ദേഹം പറഞ്ഞു നിര്‍ത്തി. ഈ കാര്യങ്ങള്‍ പറയുമ്പോഴും ഫാ. ക്ളീറ്റസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരുന്നു. സംഭാഷണം അവസാനിപ്പിച്ച് അദ്ദേഹം സേവനം ചെയ്യുന്ന ഔര്‍ ലേഡി ഓഫ് മേഴ്സി ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ആഹാര സാധനങ്ങള്‍ എത്തിക്കുന്ന തിരക്കിലേക്ക് വ്യാപൃതനായി…
മരിയ ജോസ്