ഫ്രാൻസിസ് മാർപാപ്പയുടെ ഒക്ടോബർ മാസത്തെ പ്രാർഥനാനിയോഗം പ്രസിദ്ധീകരിച്ചു. 2024 ഒക്‌ടോബർ മാസത്തിൽ, 16-ാമത് മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം ആരംഭിക്കുന്നതിനാൽ എല്ലാ കത്തോലിക്കാ വിശ്വാസികളും ‘പങ്കുവയ്ക്കപ്പെടുന്ന മിഷൻദൗത്യത്തിനായി പ്രാർഥിക്കുക’ എന്നതാണ് ഈ മാസത്തെ പ്രാർഥനാനിയോഗം. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രമേയം ‘ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, മിഷൻ’ എന്നതാണ്.
“എല്ലാ ക്രിസ്ത്യാനികളും പുരോഹിതന്മാരും നമ്മളെല്ലാവരും സഭയുടെ മിഷനിൽ പങ്കുകാരാണ്. ഞങ്ങൾ പുരോഹിതർ വിശ്വാസികളുടെ മേലധികാരികളല്ല; അവരുടെ ഇടയന്മാരാണ്. യേശു നമ്മെ വിളിച്ചിരിക്കുന്നത് ഒന്നിനും മുകളിലായല്ല, ഒരു വശത്തും മറ്റൊരു വശത്തുമല്ല. മറിച്ച് പരസ്പരം പൂരകമാകാനാണ്. നാം ഒരു സമൂഹമാണ്” – പാപ്പ വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി.
“നാം സിനഡലിറ്റിയുടെ പാതയിലൂടെ ഒരുമിച്ചുനടക്കണം. തീർച്ചയായും, നിങ്ങൾ എന്നോടു ചോദിച്ചേക്കാം, ഒരു ബസ് ഡ്രൈവർ എന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയും, ഒരു കർഷകൻ എന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയും, ഒരു മത്സ്യത്തൊഴിലാളി എന്ന നിലയിൽ എനിക്ക് എന്തുചെയ്യാൻ കഴിയും. നാമെല്ലാവരും ചെയ്യേണ്ടത്, നമ്മുടെ ജീവിതംകൊണ്ട് സാക്ഷ്യംവഹിക്കുക എന്നതാണ്. സഭയുടെ ദൗത്യത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കുക. സഹ-ഉത്തരവാദിത്വത്തിന്റെ അടയാളത്തിനുകീഴിൽ, പുരോഹിതന്മാർക്കും സമർപ്പിതർക്കും വിശ്വാസികൾക്കുമിടയിൽ പങ്കാളിത്തം, കൂട്ടായ്മ, മിഷൻ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സിനഡൽ ജീവിതശൈലിയെ സഭ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നതു തുടരട്ടെ” – മാർപാപ്പ വിശദമാക്കി.