
2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ജോർജ്ജ് മാരിയോ ബെർഗോഗ്ലിയോ 1936 ഡിസംബർ 17 ന് ബ്യൂണസ് അയേഴ്സിൽ ജനിച്ചു. തൊഴിലാളിവർഗ പ്രദേശമായ ബാരിയോ ഡി ഫ്ലോറസിലാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ റെയിൽവേയിൽ ജോലി ചെയ്യുന്ന ഒരു അക്കൗണ്ടന്റായിരുന്നു. അമ്മ റെജീന സിവോറി അവരുടെ അഞ്ച് കുട്ടികളെ വളർത്തുന്നതിൽ സമർപ്പിതയായ ഒരു ഭാര്യയായിരുന്നു.
ചെറുപ്പം മുതൽ തന്നെ ബെർഗോഗ്ലിയോ ഒരു പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരു കെമിക്കൽ ടെക്നീഷ്യനായി ബിരുദം നേടി. 21 വയസ്സുള്ളപ്പോൾ, ജോർജ് മാരിയോ കടുത്ത ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. അതിനെതുടർന്ന് അദ്ദേഹത്തിന്റെ വലത് ശ്വാസകോശം ഭാഗികമായി നീക്കം ചെയ്തു. എന്നിരുന്നാലും, ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെയോ ജീവിതത്തെയോ ബാധിച്ചില്ല.
1958-ൽ ബെർഗോഗ്ലിയോ ഈശോ സഭയുടെ നോവിഷ്യേറ്റിൽ പ്രവേശിച്ച അദ്ദേഹം രണ്ട് വർഷത്തിന് ശേഷം തന്റെ ആദ്യ വ്രതം എടുത്തു. 1963-ൽ ബ്യൂണസ് അയേഴ്‌സിലേക്ക് മടങ്ങിയ അദ്ദേഹം സാൻ മിഗുവലിലുള്ള സെമിനാരിയിൽ തത്ത്വശാസ്ത്രം പഠിച്ചു. അതിനു ശേഷം 1964 നും 1965 നും ഇടയിൽ അർജന്റീനയിലെ സാന്താ ഫെയിലുള്ള ഒരു ജെസ്യൂട്ട് സെക്കൻഡറി സ്കൂളിൽ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. 1966-ൽ ബ്യൂണസ് അയേഴ്‌സിലെ പ്രശസ്തമായ കൊളീജിയോ ഡെൽ സാൽവഡോർ സെക്കൻഡറി സ്കൂളിൽ പഠിപ്പിച്ചു.
1967-ൽ അദ്ദേഹം ദൈവശാസ്ത്ര പഠനത്തിലേക്ക് മടങ്ങി. 1969 ഡിസംബർ 13-ന് പൗരോഹിത്യം സ്വീകരിച്ചു. 1973-ൽ ജെസ്യൂട്ട് എന്ന നിലയിലുള്ള തന്റെ സ്ഥിരം സേവനത്തിനു ശേഷം, അദ്ദേഹം സാൻ മിഗുവേലിൽ നോവീസ് മാസ്റ്ററായി. അതേ വർഷം തന്നെ, അർജന്റീനയിലെയും ഉറുഗ്വേയിലെയും ജെസ്യൂട്ട് പ്രവിശ്യയുടെ സുപ്പീരിയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1979 മുതൽ 1985 വരെ, ജർമ്മനിയിൽ ഡോക്ടറൽ തീസിസ് പൂർത്തിയാക്കുന്നതിന് മുമ്പ്, ഫാദർ ജോർജ്ജ്, കൊളീജിയോ മാക്സിമോയിൽ റെക്ടറും ദൈവശാസ്ത്ര അദ്ധ്യാപകനുമായി സേവനമനുഷ്ഠിച്ചു.
1992-ൽ ഫാ. ജോർജ്, ബ്യൂണസ് അയേഴ്സിന്റെ സഹായ മെത്രാനായി നിയമിതനായി. മൂന്ന് സഹായ മെത്രാൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. കത്തോലിക്കാ സർവകലാശാലയുടെ നടത്തിപ്പിനും, വൈദികരുടെ ആത്മീയ പിതാവായും പ്രസംഗിക്കുന്നതിനും കുമ്പസാരം കേൾക്കുന്നതിനുമായും അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചു.
1997 ജൂൺ മൂന്നിന് ബിഷപ്പ് ബെർഗോഗ്ലിയോയെ കോഅഡ്ജൂട്ടർ ആർച്ച് ബിഷപ്പായി നിയമിച്ചു. 1998 ഫെബ്രുവരി 28-ന് അദ്ദേഹം ബ്യൂണസ് അയേഴ്‌സിന്റെ പുതിയ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു. തെരുവിലാണ് സഭയുടെ അവകാശം എന്ന മനോഭാവം അദ്ദേഹം പുലർത്തി വന്നു. ദരിദ്ര പ്രദേശങ്ങളിൽ അദ്ദേഹം ചാപ്പലുകളും മിഷൻ സെന്ററുകളും നിർമ്മിക്കുകയും പാവപ്പെട്ടവരെ സേവിക്കാൻ സെമിനാരി വിദ്യാർത്ഥികളെ അയയ്ക്കുകയും ചെയ്തു. അയൽ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിപരമായ പെരുമാറ്റങ്ങൾക്കെതിരെയും ഗർഭച്ഛിദ്രം, സ്വവർഗ വിവാഹം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെയും അദ്ദേഹം പലപ്പോഴും ശബ്ദമുയർത്തി.
മൂന്ന് വർഷത്തിന് ശേഷം 2001 ഫെബ്രുവരി 21-ന്, ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആയി വാഴിക്കുകയും സാൻ റോബർട്ടോ ബെല്ലാർമിനോ എന്ന പദവി നൽകുകയും ചെയ്തു. താൻ കർദിനാളായി അഭിഷിക്തനാകുന്നത് കാണാനും ആഘോഷങ്ങളിൽ പങ്കുചേരാനും റോമിലേക്ക് വരരുതെന്നും, യാത്രയ്ക്ക് വേണ്ടി ചെലവഴിക്കേണ്ടുന്ന തുക ദരിദ്രർക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. അതേ വർഷം തന്നെ, അർജന്റീനിയൻ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ തലവനായി കർദ്ദിനാൾ ബെർഗോഗ്ലിയോ നിയമിതനായി.
ഇതൊക്കെയാണെങ്കിലും, അദ്ദേഹം ഒരിക്കലും തന്റെ ശാന്തമായ സമീപനത്തിലോ കർശനമായ ജീവിതശൈലിയിലോ അയവ് വരുത്തിയില്ല. ദാരിദ്ര്യത്തെ മുറുകെ പിടിച്ചുകൊണ്ട്, 2002-ൽ അർജന്റീന ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റായി നിയമിതനാകാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2008-ൽ, അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2005 ഏപ്രിലിൽ അദ്ദേഹം പോപ്പ് ബെനഡിക്ട് പതിനാറാമൻ തിരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിൽ പങ്കെടുത്തു.
പിന്നീട് സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ പിൻഗാമിയായി 2013 മാർച്ച് 19 ന്, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ അദ്ദേഹം കത്തോലിക്കാ സഭയുടെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം അദ്ദേഹം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്. സാധാരണ ഗതിയിൽ മറ്റു മാർപാപ്പമാരുടെ പേരുകൾ സ്വീകരിച്ചുകൊണ്ട് അതിൽ റോമൻ അക്കങ്ങൾ കൂടെ ചേർത്താണ് പേരുകൾ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഒരു പുതിയ മാറ്റമായി പുതിയ മാർപാപ്പയുടെ പേരിനൊപ്പം റോമൻ അക്കങ്ങൾ കൂട്ടി ചേർക്കാതെ ‘പോപ്പ് ഫ്രാൻസിസ്’ എന്ന് മാത്രം അദ്ദേഹം തന്റെ പേര് സ്വീകരിച്ചു. നിലവിൽ തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീൻ, ഇറ്റാലിയൻ, ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യവും അദ്ദേഹത്തിനുണ്ട്.
വിശുദ്ധ യൗസേപ്പ് മറിയത്തെയും യേശുവിനെയും സംരക്ഷിച്ചതുപോലെ, കത്തോലിക്കാ സഭയെയും, ഓരോ വ്യക്തിയുടെയും അന്തസ്സിനെയും, സൃഷ്ടിയുടെ സൗന്ദര്യത്തെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ റോമിലെ ബിഷപ്പായും മാർപാപ്പയായും തന്റെ ശുശ്രൂഷ ഔപചാരികമായി ആരംഭിച്ചത്.
“സൃഷ്ടിയെ സംരക്ഷിക്കുക, ഓരോ പുരുഷനെയും സ്ത്രീയെയും സംരക്ഷിക്കുക, അവയെ ആർദ്രതയോടും സ്നേഹത്തോടും കൂടി നോക്കുക. അതുവഴി പ്രത്യാശയുടെ ഒരു ചക്രവാളം തുറക്കുക.” ഉദ്ഘാടന വിശുദ്ധ കുർബാനയ്ക്കിടെ അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ ആദ്യ വിശുദ്ധ ബലിയർപ്പണത്തിൽ 150,000 നും 200,000 നും ഇടയിൽ ആളുകൾ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയിരുന്നു.
“സുവിശേഷങ്ങളിൽ, വിശുദ്ധ യൗസേപ്പ് ശക്തനും ധീരനുമായ ഒരു മനുഷ്യനായും, അധ്വാനിക്കുന്ന മനുഷ്യനായും കാണപ്പെടുന്നു, പക്ഷേ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നമുക്ക് വലിയ ആർദ്രത കാണാം. അത് ദുർബലരുടെ അടയാളമല്ല, മറിച്ച് ആത്മാവിന്റെ ശക്തിയുടെയും കരുതലിനും, അനുകമ്പയ്ക്കും, മറ്റുള്ളവരോടുള്ള യഥാർത്ഥ തുറവിക്കും, സ്നേഹത്തിനുമുള്ള കഴിവിന്റെയും അടയാളമാണ്,” അദ്ദേഹം പറഞ്ഞു.
അദ്ദേഹം ധരിക്കാൻ തിരഞ്ഞെടുത്ത മുദ്രമോതിരം – മത്സ്യത്തൊഴിലാളികളുടെ മോതിരം – സ്വർണ്ണം പൂശിയ വെള്ളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പോൾ ആറാമൻ മാർപാപ്പയുടെ പേഴ്‌സണൽ സെക്രട്ടറിയിൽ നിന്ന് കൈമാറിയ പേപ്പൽ മോതിരത്തിന്റെ അതേ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. രണ്ട് താക്കോലുകളും കൈവശം വച്ചിരിക്കുന്ന വിശുദ്ധ പത്രോസിന്റെ ചിത്രം അതിലുണ്ട്. അതിലെ ഒരു താക്കോൽ സ്വർഗ്ഗത്തിലെ ശക്തിയെ പ്രതിനിധീകരിക്കുന്നു, മറ്റൊന്ന് ഭൂമിയിലെ പേപ്പസിയുടെ ആത്മീയ അധികാരത്തെയും സൂചിപ്പിക്കുന്നു. ‘മനുഷ്യരെ പിടിക്കുന്നയാൾ’ എന്ന നിലയിൽ മാർപാപ്പയുടെ പ്രാധാന്യത്തെയും മോതിരം പ്രതിനിധീകരിക്കുന്നു.
ദിവ്യബലിക്കിടെ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലഭിച്ച പാലിയം, ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഉപയോഗിച്ചിരുന്ന അതേ പാലിയം ആയിരുന്നു. ക്രൈസ്തവ സമൂഹത്തിന്മേലുള്ള മാർപാപ്പയുടെയോ ആർച്ച് ബിഷപ്പിന്റെയോ അധികാരത്തെ സൂചിപ്പിക്കുന്ന ഒന്നാണ് പാലിയം. നഷ്ടപ്പെട്ട, രോഗിയായ അല്ലെങ്കിൽ ദുർബലനായ ആടിനെ തന്റെ ചുമലിൽ വയ്ക്കുന്ന ഇടയന്റെ ദൗത്യത്തെയും ഇത് പ്രതിനിധീകരിക്കുന്നു.
പീഡാനുഭവ സമയത്ത് ക്രിസ്തുവിനേറ്റ മുറിവുകളെ പ്രതീകപ്പെടുത്തുന്ന ആറ് ചുവന്ന കുരിശുകൾ കൊണ്ട് മാർപ്പാപ്പ ധരിക്കുന്ന പാലിയം അലങ്കരിച്ചിരിക്കുന്നു. എല്ലാ പാലിയങ്ങളെയും പോലെ, അവസാനഭാഗവും കറുത്ത പട്ടുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചുങ്കക്കാരനായ ‘മത്തായിയുടെ വിളി’യുടെ സുവിശേഷ വിവരണത്തെ അടിസ്ഥാനമാക്കിയാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ ആപ്തവാക്യം തയാറാക്കിയത്.
അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ മുദ്രാവാക്യം പോലെ, മാർപാപ്പ ആയപ്പോഴുള്ള മുദ്രാവാക്യവും ലാറ്റിൻ പദമായ “മിസെറാൻഡോ അറ്റ്‌ക്യൂ എലിജെൻഡോ” (miserando atque eligendo) എന്നാണ്. അതിനർത്ഥം “കാരുണ്യത്തിന്റെ കണ്ണുകളിലൂടെ അവൻ അവനെ കണ്ടതിനാൽ അവനെ തിരഞ്ഞെടുത്തു.” കൂടുതൽ ലളിതമായി പറഞ്ഞാൽ, “കരുണ കാണിച്ച് അവൻ അവനെ വിളിച്ചു” എന്നാണ്. എട്ടാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ക്രിസ്ത്യൻ എഴുത്തുകാരനും സഭാ ഡോക്ടറുമായിരുന്ന സെന്റ് ബീഡിന്റെ ഒരു പ്രസംഗത്തിൽ നിന്നാണ് ഈ വാചകം വരുന്നത്.
ഫ്രാൻസിസ് പാപ്പായുടെ ആത്മകഥ ‘ഹോപ്പ്’ എന്ന പേരിൽ പുറത്തിറങ്ങി. പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത് ആദ്യമായാണ്. 320 പേജുകളുള്ള പുസ്തകത്തിൽ സ്പെയിനിലെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ കാർലോ മൂസോയുമായി ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആറ് വർഷത്തിലേറെ നീണ്ട സംഭാഷണങ്ങളിൽ നിന്നാണ് ആത്മകഥ രചിച്ചിരിക്കുന്നത്.
തന്റെ മരണ ശേഷം പുസ്തകം പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കത്തോലിക്കാസഭ പ്രത്യാശയുടെ വർഷമായി ആചരിക്കുന്ന ഈ വർഷം തന്നെ ഇത് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്.
സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും ഒടിച്ച സൈക്കിൾ നന്നാക്കാനുള്ള പണം നൽകാൻ സഹപാഠിയെ നിർബന്ധിച്ചതും ചെറുപ്പകാലത്തെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായി പാപ്പ വിവരിക്കുന്നു. എന്നാൽ പാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകൾ ഹോപ്പിലും അനാവൃതമാകുന്നില്ല. 1990-92 കാലത്ത് അർജന്റീനയിലെ കോർഡോബയിൽ ചെലവിട്ട കാലവും ജർമനിയിൽ ദൈവശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്.
2013 മാർച്ചിൽ തന്നെ മാർപാപ്പയായി തെരഞ്ഞെടുക്കാൻ നടത്തിയ കോൺക്ലേവിനെക്കുറിച്ച് വിശദമായ വിവരണമുണ്ട്. ആദ്യ വോട്ടെടുപ്പുകൾ താൻ ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ നാലാംവട്ടത്തിൽ 69 വോട്ടു കിട്ടയതോടെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു എന്ന് അദ്ദേഹം തന്റെ ആത്മ കഥയിൽ വിവരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പൊതു സദസ്സുകളിൽ ഏറ്റവും കൂടുതൽ വിഷയമായിട്ടുള്ളത് സ്നേഹവും പ്രാർത്ഥനയും ആയിരുന്നു. തന്റെ പൊതു സദസ്സുകൾ മിക്കവാറും അവസാനിക്കുന്നത് പുഞ്ചിരി നിറച്ചുള്ള അപേക്ഷയോടെയാണ്: “എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്. എനിക്കെതിരായല്ല, എനിക്ക് വേണ്ടി..” ഇങ്ങനെത്തന്നെയായിരുന്നു പാപ്പായുടെ ആത്മ കഥയുടെ അവസാനവും.
സ്നേഹത്തിന്റെ ഭാഷയിലൂടെയായിരുന്നു ഫ്രാൻസിസ് പാപ്പാ സഭയെ നയിച്ചത്. സ്വജീവിതം ജീവിതം കൊണ്ടും ക്രിസ്തുവിന്റെ കല്പനയനുസരിച്ചും തന്നെ അദ്ദേഹം ആ ഭാഷ സ്വായത്തമാക്കി. “ജീവിക്കാൻ പഠിക്കണമെങ്കിൽ, നാമെല്ലാം സ്നേഹിക്കാൻ പഠിക്കണം. ആ പാഠം ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം സ്നേഹം എല്ലാത്തിനെയും കീഴടക്കുന്നു,”പാപ്പാ പറഞ്ഞു.
അഗതികളോടും ദരിദ്രരോടും സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ജീവിക്കുന്ന എല്ലാ ആളുകളോടും അങ്ങേയറ്റം കാരുണ്യം കാണിച്ച ഫ്രാൻസിസ് പാപ്പാ അവരോടൊപ്പമായിരിക്കാൻ എപ്പോഴും താത്പര്യം പ്രകടിപ്പിച്ചിരുന്നു. കീറിയിട്ടും വീണ്ടും തുന്നി ഉപയോഗിക്കുന്ന തന്റെ ബൂട്ടായിരുന്നു അദ്ദേഹത്തിന്റേത്. തനിക്ക് സമ്മാനമായി ലഭിക്കുന്നവയെല്ലാം ദരിദ്രർക്കും ആവശ്യക്കാർക്കും നൽകിയ അദ്ദേഹം ലാളിത്യത്തിന്റെ കാവലാളായി ലോകത്തിനു മാതൃക കാണിച്ചു. ആടുകളുടെ ഗന്ധമുള്ള ഇടയന്മാരാകുക എന്ന് സഭാ പിതാക്കന്മ്മാരെ എപ്പോഴും ഓർമിപ്പിച്ച പാപ്പാ അത് ജീവിതംകൊണ്ട് തന്നെ കാണിച്ചു തന്നിരുന്നു.
മാർപാപ്പ ആയിരുന്ന കാലഘട്ടം മുഴുവനും ലോകത്തിൽ സമാധാനം ഉണ്ടാകേണ്ട ആവശ്യകതയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്രൈസ്തവ സഭയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം നിലകൊണ്ടിരുന്നത്, മറിച്ച് ലോകത്തിലെ എല്ലാ മനുഷ്യരുടെയും നന്മയ്ക്കും സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയായിരുന്നു. ഒരു വ്യാഴവട്ടക്കാലത്തിലധികം തന്റെ ജീവിതം കൊണ്ട് ലോകത്തിനു മുഴുവൻ സ്നേഹവും ശാന്തിയും അറിയിച്ച ക്രിസ്തുവിന്റെ സുവിശേഷമായിരുന്നു ഫ്രാൻസിസ് പാപ്പാ.
2025 ഏപ്രില്‍ 21 തിങ്കളാഴ്ച ആ ജീവിതം നിത്യതയിലേയ്ക്ക് യാത്രയായി.
സ്നേഹവും സമാധാനവും ജീവിത താളമാക്കി മാറ്റിയ ഫ്രാൻസിസ് പാപ്പായ്ക്ക് ലൈഫ് ഡേയുടെ ആദരവ്.

സുനിഷ വി.എഫ്.