ഫാ. മാത്യു പഴേവീട്ടിലിന്റെ അവസാനത്തെ കുറിപ്പ്

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹാംഗമായ ഫാ. മാത്യു പഴേവീട്ടിൽ ജർമ്മനിയിൽ വെച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് 2025 ഫെബ്രുവരി 21 നു മരണമടഞ്ഞു. ഫെബ്രുവരി 21 ന് അവിടെയുള്ള മലയാളികള്‍ക്കായി വിശുദ്ധ കുർബാന അർപ്പിക്കുവാൻ മാത്യു അച്ചനെ ഏൽപ്പിച്ചിരുന്നു. ആ വിശുദ്ധ കുർബാനയുടെ മദ്ധ്യേ പറയുവാനായി അച്ചൻ ഒരു ചെറിയ പ്രസംഗവും തയ്യാറാക്കിയിരുന്നു. അതു പറയും മുന്‍പേ അദ്ദേഹം മരണമടഞ്ഞു. 

ജര്‍മ്മനിയിലെ ഫ്രേഷനിലുള്ള മലയാളി സമൂഹത്തിന് മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസം മലയാളം കുർബാനയുണ്ട്. സാധാരണ ആ കുർബാന ചൊല്ലുന്നത് മലയാളികളുടെ ചാർജ്ജുള്ള ഇഗ്‌നേഷ്യസ് അച്ചനാണ്. അച്ചന് അസൗകര്യം ഉണ്ടാകുമ്പോൾ മാത്യു അച്ചനെ ഏൽപ്പിക്കാറുണ്ട്. ഫെബ്രുവരി 21 ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ മാത്യു അച്ചനെ ഏൽപ്പിച്ചിരുന്നു; ഏൽപ്പിച്ചതു 20 നു വൈകിട്ടും. ആ വിശുദ്ധ കുർബാനയുടെ മദ്ധ്യേ പറയുവാനായി അച്ചൻ ഒരു ചെറിയ പ്രസംഗവും തയ്യാറാക്കിയിരുന്നു. അച്ചന്റെ മരണശേഷം വണ്ടി തിരിച്ചെടുക്കാൻ പോയപ്പോൾ ഫാ. വിൻസെന്റ് ശ്രാമ്പിക്കല്‍ വണ്ടിയിൽ നിന്നും ആ കുറിപ്പ് കണ്ടെടുത്തു. അത് ഇപ്രകാരമാണ്:

വിശുദ്ധ കുരിശ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അത് നാം കഴുത്തിലണിയുന്നു, വീടുകളിൽ സ്ഥാപിക്കുന്നു. ആരാധനാക്രമങ്ങൾ, കൂദാശകൾ ഇവയൊക്കെ ആരംഭിക്കുന്നതും കുരിശടയാളത്തോടൊപ്പമാണ്. ക്രൈസ്തവ ജീവിതത്തിൽ കുരിശിന്റെ സ്ഥാനം അത്ര മഹനീയമാണ്, ഒഴിവാക്കാനാവാത്തതാണ്.

കുരിശ് ആഭരണമായൊക്കെ അണിയുമ്പോൾ അത് നമുക്ക് ഭാരമല്ല. എന്നാൽ, സുവിശേഷത്തിൽ കർത്താവ് പറയുന്നു ‘നിങ്ങൾ സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കുക. എന്താണ് ഈ കുരിശുകൊണ്ട് അർഥമാക്കുന്നത്? നമ്മുടെ ജീവിതത്തിലെ വേദനകൾ, കഷ്ടപ്പാടുകൾ, രോഗങ്ങൾ, കുടുംബജീവിതത്തിലെ ഭാരങ്ങൾ ഇതൊക്കെ ദൈവത്തോട് ചേർത്ത് വഹിക്കുമ്പോൾ നമ്മുടെ ജീവിതം വിജയത്തിലേക്ക് എത്തുകയുള്ളു. പലപ്പോഴും അത് ജീവിതത്തിന്റെ മൃദലവശങ്ങൾക്ക് അപ്പുറത്തേക്കുള്ള യാത്രയാണ്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്നുമാറി ദൈവത്തിനായി സമയം കൊടുക്കുന്നതും ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുക്കുന്നതും ചിലപ്പോൾ ഭാരമാകാം.

കുരിശ് – കാൽവരിയിൽ അവസാനിക്കുന്നില്ല, അത് ഉയർപ്പിലേക്കും ജീവനിലേക്കുമുള്ള കവാടമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.