
ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കുറെ ചിത്രങ്ങള്‍ക്ക് കാരണക്കാരനായ, ഡച്ച് നവോത്ഥാന ചിത്രകാരനാണ് ഹിയെറോണിമൂസ് ബോസ്ക് (Hieronymus Bosch). അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് Jeroen van aken എന്നായിരുന്നു. എന്നാല്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് ‘Ei Bosco’ എന്ന പേരിലാണ്.
15-ാം നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ച അദ്ദേഹം മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ലാത്ത കുറെ ചിത്രങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് കടന്നു പോയത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നത് വിയന്നയിലെ ഫൈന്‍ ആര്‍ട്സ് കോളജിന്റെ ഗാലറിയില്‍ ആണ്.
ബോസ്ക്, ”ചിത്രകാരന്മാരുടെ ഡാന്റെ” എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു വിമര്‍ശകനായും, സമൂഹത്തെ കാര്‍ന്നു തിന്നുന്ന അഴിമതിയും ആര്‍ത്തിയും തിന്മയുടെ ശക്തിയേയും ഒക്കെ തുറന്നു കാട്ടുന്ന ഒരാളായിട്ടാണ് പൊതുവെ ബോസകിനെ അംഗീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സമകാലികര്‍ എഴുത്തിലൂടെ സമൂഹത്തോട് പറയാന്‍ ശ്രമിച്ചത് ബോസ്ക് തന്റെ ചിത്രങ്ങളിലൂടെയാണ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രതീകങ്ങളുടെ വ്യത്യസ്തതകള്‍ കൊണ്ട് അദ്ദേഹത്തെ ഒരു മിസ്റ്റിക് ചിത്രകാരനായി കരുതിപ്പോരുന്നു. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ ‘സെവന് ഡെഡ് ലി സിന്‍സ്’ (Seven Deadly Sins) എന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രീകരണരീതി ഇത്തരത്തിലുള്ളവയാണ്.
അദ്ദേഹം തന്റെ ചിത്രങ്ങളിലൊക്കെത്തന്നെ പിശാചിന്റെയും പകുതി മനുഷ്യന്റെയും പകുതി മൃഗത്തിന്റെയും രൂപം കൂടിയ ജീവികളേയും വിചിത്രങ്ങളായ യന്ത്രങ്ങളേയും ഉപയോഗിച്ചിരുന്നു. മനുഷ്യനില്‍ കുടികൊള്ളുന്ന തിന്മയുടെ ശക്തിയെ കാണിക്കാന്‍ ഉപയോഗിച്ച മാധ്യമങ്ങളായിരുന്നു അവയെല്ലാം.
ഇത്തരത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുക്കുന്ന ചിഹ്നങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളെ ഇത്ര സമ്പന്നവും സങ്കീര്ണ്ണവുമാക്കുന്നത്. ബോസ്കിന്റെ ചിത്രങ്ങളിലെ ഭാവനാത്മകമായ കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.
തന്റെ ചിത്രങ്ങളിലൂടെ തന്റെ കാലഘട്ടത്തിന്റെ അനര്‍ത്ഥങ്ങളെ തുറന്നു കാട്ടാനാണ് ബോസ്ക് ശ്രമിച്ചത്. ഈ ചിത്രങ്ങള്‍ സുക്ഷ്മനിരീക്ഷണം നടത്തിയാല്‍ വളരെ വ്യക്തമാണ്- ഇവിടെ പ്രതിപാദിക്കപ്പെടുന്ന തിന്മകള് യഥാര്‍ത്ഥ ലോകത്തില്‍ നടക്കുന്നതിനേക്കാള്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ തന്നെ രൂപപ്പെടുന്ന ഒന്നാണ്.
ബോസ്കിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രം ‘The Garden of Earthly Delights’ ആണ്. മനുഷ്യനെ സൃഷ്ടിയും അവന്റെ പാപങ്ങളും അവസാനം അവന്റെ പതനവും അന്ത്യവിധിയും ആണ് ഈ ചിത്രത്തിൽ. ഇതേ രീതിതന്നെയാണ് നമ്മള് വിശകലനം ചെയ്യുന്ന The Last Judgement’ എന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്.
അവസാനവിധി എന്ന ബോസ്കിന്റെ ചിത്രം അതില്‍ വരച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്ന അതുല്യമായ (Unique) സൃഷ്ടികളുടെ പ്രത്യേകതകള്‍ കൊണ്ട് തന്നെ ഏറെ സമ്പന്നമാണ്. ഈ ചിത്രം രക്ഷകനായ യേശുവിന്റെ നേര്‍ക്ക് മുഖം തിരിഞ്ഞു നില്ക്കുന്ന വ്യക്തികളെ കാത്തിരിക്കുന്ന വിധിയെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പാണ്.
സമാനതകള്‍ ഏറെയുള്ള മറ്റുചില ചിത്രങ്ങള്‍ കൂടിയുണ്ട് ഈ ചിത്രകാരന്റേതായി. ലോകാവസാനത്തേയും അതിനുമുമ്പുള്ള അന്ത്യവിധിയെയും കുറിച്ച് കാഴ്ചക്കാരന് വ്യക്തമായ ധാരണ കൊടുക്കുന്ന ഒരു ചിത്രമാണിത്. മത്തായി 7:13-23 എന്ന വചനഭാഗത്തിലെ കര്‍ത്താവിന്റെ വാക്യങ്ങളാണ് ഇവയുടെ അടിസ്ഥാനം.
ക്രിസ്തീയ പാരമ്പര്യത്തില്‍ അന്ത്യവിധി കര്‍ത്താവിന്റെ കുരിശുമരണവുമായി അതിശക്തമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. കാരണം, യേശുവിന്റെ സഹന മരണ ഉത്ഥാനത്തിലൂടെയാണ് നാം രക്ഷ നേടിയത്. നരകയാതനകളുടെ നേര്‍ച്ചിത്രങ്ങളും ദുരിതജീവിതങ്ങളുടെ ഓര്‍മ്മപ്പെടുത്തലും ഒക്കെ ഉണ്ടെങ്കിലും അവയെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത് നടുഭാഗത്തെ പാനലില്‍ മുകളില്‍ യേശുവിലേക്കാണ്. കാരണം, രക്ഷയുടെ പ്രതീകം ക്രിസ്തുവാണ്, നന്മ-തിന്മയുടെ വിധിയാളന് യേശുവാണ്.
ചിത്രത്തിന്റെ പുറം വശം
ഈ ചിത്രത്തിന്റെ പുറംവശത്ത്, അതായത് ജനല്പാളികള്പ്പോലെ അടയുന്നതിന് പുറത്ത് ചാരനിറത്തില്‍ വരച്ചു ചേര്‍ക്കപ്പെട്ട ചിത്രങ്ങളുണ്ട്. പട്ടാളക്കാര്‍ ക്രിസ്തുവിന്റെ ശിരസ്സില്‍ മുള്‍കിരീടം ധരിപ്പിക്കുന്നതിന്റേതാണ് ഈ ചിത്രം. പട്ടാളക്കാര്‍ക്കിടയില്‍ ക്രിസ്തുവിന്റെ സ്ഥാനം മധ്യഭാഗത്തായിട്ടാണ്. പുറംവശത്തുള്ള ഈ ചിത്രം അത്ര തെളിമയുള്ളതോ വ്യക്തതയുള്ളതോ അല്ല. കാലം വരുത്തിയ ചില മാറ്റങ്ങള്‍ തന്നെയാണ് അതിന് കാരണം.
എന്നാല്‍ ഇത് തുറന്ന് അകത്തു കാണുന്നതാണ് ചിത്രത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഭാഗം. തെളിഞ്ഞുനില്ക്കുന്നതും എടുത്തുപറയേണ്ടതുമായ കളര്‍ ചുവപ്പും ബ്രൗണുമാണ്. വിശദമായ ചിത്രീകരണങ്ങള്ക്കൊണ്ട് സമ്പന്നമെങ്കിലും അതിന്റെ ഉള്ളടക്കം ‘The Garden of Earthly Delights’ എന്ന അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിലേതുപോലെ ശക്തമല്ല എന്നു വേണമെങ്കില്‍ വിലയിരുത്താം.
ഒറ്റനോട്ടത്തില്‍ ഈ ചിത്രത്തിന്റെ മധ്യഭാഗം കാഴ്ച്ചക്കാരനില്‍ സൃഷ്ടിക്കുന്ന ഒരു തോന്നല്‍ ഉണ്ട്. മുകള്‍വശത്ത് കര്‍ത്താവിനൊപ്പം സ്വര്‍ഗ്ഗീയ സൗഭാഗ്യം അനുഭവിക്കുന്ന കുറെ മാലാഖവൃന്ദവും ഏതാനും ചില വിശുദ്ധരും മാത്രം. എന്നാല്‍ താഴെ സഹനത്തിനും കഷ്ടപ്പാടുകള്‍ക്കുമായി വിധിക്കപ്പെട്ട കുറെയേറെ ഹതഭാഗ്യര്‍! ഈ ചിന്തയുടെ ശക്തി കൂട്ടുന്നവയാണ് ഈ പാനലിന്റെ ചുവടെയുള്ള ദൃശ്യങ്ങള്‍. മൂന്നു പാനലുകളിലും ഇടത്തുനിന്നു വലത്തോട്ട് യാതനകളുടെ കാഠിന്യവും അതിന്റെ നിലവാരവും കൂടിക്കൂടി വരുന്നത് നമ്മള് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. യാതനകളുടെ ചിത്രീകരണം വലതുവശത്തേതും മൂന്നാമത്തേതുമായ പാനലില്‍ എത്തുമ്പോള്‍ അതിന്റെ പാരമ്യത്തിലെത്തി നില്ക്കുന്നതായിട്ടാണ് കാണപ്പെടുക.
ഇടതുവശത്തെ പാനല്‍
ഇവിടെ വളരെ സാധാരണമായ ഒരു ദൃശ്യവും (Land scape) അതിനുചുറ്റും ഒരു തടാകവും ചുറ്റും കുറെ മരങ്ങളും, ഒപ്പം ഒരു പട്ടണത്തിന്റെ അകലെ നിന്നുള്ള കാഴ്ചയുമൊക്കെയാണ് ഒറ്റ നോട്ടത്തില്‍ കാണുന്നത്.
താഴെ ഇടതുവശത്തായി നഗ്നനായ ഒരാള്‍ വലിയതും വിചിത്രവുമായ ഒരു പഴത്തില്‍ വലിഞ്ഞു കയറുന്ന ദൃശ്യമാണ്. വലതുവശത്ത് വിലപിടിപ്പുള്ള ചുവപ്പു വസ്ത്രധാരിയായി, ഒരു സംഗീതോപകരണം വായിക്കുന്ന സ്ത്രീക്കു മുമ്പില്‍ മുട്ടുകുത്തി നില്ക്കുന്ന മൂന്നുപേര്‍. അവര്‍ക്ക് പിറകിലായി കാണപ്പെടുന്ന ഒരു തടാകത്തില്‍ ഒഴുകി നടക്കുന്ന കൗതുകകരമായ ഒരു വഞ്ചി, ചുവപ്പു തുണി കൊണ്ടുള്ള ഒരു കൂടാരം, ഒപ്പം അതിനുള്ളില്‍ കുറെ നഗ്നരായ ആളുകള്‍. എന്നാല്‍ ആ വഞ്ചിയുടെ അമരത്തായി നിലയുറപ്പിച്ചിരിക്കുന്ന മൂന്നു മാലാഖമാര്‍ നീളത്തിലുള്ള കാഹളം മുഴക്കുന്നുണ്ട്. അവര്‍ക്ക് പിറകിലുള്ള പുല്‍ത്തകിടിയില്‍ അലങ്കരിക്കപ്പെട്ടിട്ടുള്ള ഉയരം കൂടിയ ഒരു ഗോപുരം കാണാം. അതിന്റെ ഏറ്റവും മുകളിലായി ടെറസില്‍ വസ്ത്രധാരിയായ ഒരാള്‍ ആകാശത്തിലെ നക്ഷത്രങ്ങളിലേക്ക് വിരല്‍ ചൂണ്ടി നില്ക്കുന്നു. ഈ ഗോപുരത്തിന്റെ ഇടുതുവശത്ത് ഒരു വലിയ ചുവപ്പ് പഴം, അതിനുള്ളില്‍ കുറെ ആളുകള്‍ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.
ചുറ്റുമുള്ള പുല്‍ത്തകിടിയില്‍ വ്യത്യസ്തരായ നിരവധി പേരെ കാണാം. കാട്ടുപോത്തിനെ ഓടിക്കുന്ന ആളെയും മയിലിന്റെ മുകളില്‍ സഞ്ചരിക്കുന്ന ആളെയും കാണാം. ആകാശത്ത് പറക്കുന്ന പക്ഷികളും ഒപ്പം പറക്കുന്ന മാലാഖമാരുമുണ്ട് ചിത്രത്തില്‍. ഈ മാലാഖമാര്‍ ചുറ്റും നിന്ന് രൂപപ്പെടുത്തുന്ന ഒരു വൃത്തം വളരെ നിറം മങ്ങിയ രൂപത്തിലാണെങ്കിലും ദൃശ്യമാണ്. പിതാവായ ദൈവത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമാകാം അത് എന്ന് പറയപ്പെടുന്നുണ്ട്.
മധ്യഭാഗത്തെ പാനല്‍
ഈ ഭാഗം നിരവധി ബിംബങ്ങളും പ്രതീകങ്ങളും കൊണ്ട് സമ്പന്നമാണ്. എന്നാല്‍ അവയൊക്കെ അസ്വസ്ഥത നല്കുന്ന ഒരു ഗ്രാമത്തിന്റെ രംഗങ്ങളാണ് എന്നതാണ് ശ്രദ്ധേയം. അകലെയായി തീയിട്ടു നശിപ്പിക്കപ്പെട്ട ഒരു തുറമുഖം കാണാം. അതിനു മുകളിലായി നീലനിറത്തില്‍ വൃത്താകൃതിയില്‍ സ്വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നിടത്ത് ക്രിസ്തു സ്ഥാനം പിടിച്ചിരിക്കുന്നു. ചുറ്റും മാലാഖമാരുടെയും വിശുദ്ധരുടെയും വൃന്ദവുമുണ്ട്.
കുറെക്കൂടി താഴെയായി ഒരുപാലത്തിനടുത്ത് ഭ്രമാത്മകമായ ചില രംഗങ്ങള്‍ അരങ്ങേറുന്നതായി ചിത്രകാരന് വരച്ചു ചേര്‍ത്തിട്ടുണ്ട്. നഗ്നശരീരങ്ങള്‍ വലിയ ഒരു വീപ്പയ്ക്ക് ഉള്ളിലേക്ക് ഇടപ്പെടുന്നതും അതില്‍ നിന്നും ഒഴുകുന്ന ഒരു ദ്രാവകം നഗ്നരായ മറ്റു കുറച്ചുപേർ താഴെയിരുന്നു കുടിക്കുന്നതും ചിലര്‍ വയറൊഴിയുന്നതും മറ്റുചിലര്‍ ഛര്‍ദ്ദിച്ചു കളയുന്നതും ഒക്കെ കാണാം. നേര്‍ക്കാഴ്ചകളുടെ ചിത്രീകരണം കാഴ്ചക്കാരില്‍ യഥാര്‍ത്ഥത്തില്‍ നേരിയ ഭയം ജനിപ്പിക്കുന്നുണ്ട്.
ഇടതുവശത്തായി ഒരു വിളക്കുമരം ഒരാള്‍ താമസസ്ഥലമായി ഉപയോഗിച്ചിരിക്കുന്നു. അയാള്‍ ധരിച്ചിരിക്കുന്നത് ഒരു ബിഷപ്പിന്റെ തൊപ്പിയാണ്. അതിനടുത്ത് നീണ്ട വസ്ത്രധാരികളായ കുറെ സ്ത്രീകളേയും കാണാം. അതിനൊക്കെ മുകളില്‍ വലിയ നിരവധി സംഗീതോപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട് ചുറ്റും കുറെ നഗ്നരായ ആളുകളും. അതിനിടുത്തായി ദുരിതങ്ങള്‍ പേറുന്ന കുറെ മനുഷ്യര്‍. മധ്യഭാഗത്തായി വലിയ ഒരു കത്തിക്കു മുകളില്‍ നഗ്നനായ ഒരാളെ കിടത്തി രണ്ടുഭാഗമായി മുറിച്ചുമാറ്റുന്നതായ ദൃശ്യം കാഴ്ചക്കാരില്‍ ഒരു ഉള്‍ഭയം അറിയാതെ സൃഷ്ടിക്കുന്നുണ്ട്. മറ്റുകുറെ പേരെ കൂട്ടില്‍ അടയ്ക്കപ്പെട്ട അവസ്ഥയില്‍ കൊണ്ടുവരുന്നതും കാണാം.
മധ്യഭാഗത്തെ ഈ പാനലില്‍ ആണ് അരുംകൊലയുടെ പല ചിത്രങ്ങളും നമുക്ക് ദൃശ്യമാകുന്നത്. മനുഷ്യര്‍ ക്രൂരമായി വധിക്കപ്പെടുന്നതും പച്ചമനുഷ്യനെ തീയില്‍ ചുടുന്നതും ഒക്കെ വരച്ചു ചേര്‍ക്കുക വഴി തിന്മയുടെ വഴിയെ സഞ്ചരിക്കുന്നവര്‍ക്ക് അന്ത്യവിധി ഒരുക്കിവച്ചിരിക്കുന്ന സമ്മാനങ്ങളാണിവയെന്ന് കാഴ്ചക്കാരനില്‍ തോന്നിപ്പിക്കാന്‍ തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്.
വലതുവശത്തെ പാനല്‍
ഈ പാനലിന്റെ ചിത്രീകരണം മുഴുവന്‍ ഇരുണ്ട നിറത്തിലാണെന്ന കാര്യമാണ് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. യുദ്ധവും മരണവുമൊക്കെ പ്രതിപാദ്യമാകുന്ന നിരവധി രംഗങ്ങള്‍ അതില്‍ കാണാന്‍ കഴിയും. ഇതില്‍ ചിത്രീകരിച്ചിരിക്കുന്ന ആകാശം തീയും പുകയും നിറഞ്ഞതാണ്, ഒപ്പം കത്തിയമര്‍ന്നു കൊണ്ടിരിക്കുന്ന കുറെ കെട്ടിടങ്ങളും. ചുരുക്കത്തില്‍ നരകയാതനകളുടെ വളരെ വ്യക്തമായ ഒരു വീക്ഷണം കാഴ്ചക്കാരന് സമ്മാനിക്കാനുതകുന്നവയാണ് ഇവിടെ ചിത്രകാരന് ഉപയോഗിച്ചിരിക്കുന്ന ഓരോ ബിംബവും.
ബോസ്കിന്റെ ഈ ചിത്രം ഒരു വിവാദ സൃഷ്ടിയാണെന്നു വേണമെങ്കില്‍ പറയാം. കാരണം, ഇത് ബോസ്ക് എന്ന ചിത്രകാരന്റേതാണെന്നും അല്ലെന്നും രണ്ട് അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നടുവിലത്തെ പാനലിന്റെ താഴെയായി കാണപ്പെടുന്ന ബോസ്കിന്റെ ഒപ്പ് ഇത് അദ്ദേഹത്തിന്റേതു തന്നെയാകും എന്ന വിശ്വാസം ബലപ്പെടുത്തുന്നു.
ഈ ചിത്രം ഏറെ വിശകലനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിവച്ചിട്ടുള്ള ഒരുചിത്രം തന്നെയാണ്. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്, ഈ ചിത്രത്തിന്റെ ബാഹ്യമായ ഭംഗിക്ക് അപ്പുറം ആശയസമ്പന്നതകൊണ്ടും ബിംബങ്ങളുടെ അതിപ്രസരംകൊണ്ടും ഏറെ ശ്രദ്ധേയമാണ്. നിരവധി അര്‍ത്ഥതലങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഒട്ടനവധി ബിംബങ്ങള്‍ ചേര്‍ത്തുവച്ചിട്ടുള്ള ഒരു ചിത്രമാണിതെന്ന് ഓരോ കാഴ്ചക്കാരനേയും ഒറ്റ നോട്ടത്തില്‍തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതു തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യകത. അന്ത്യവിധി ഓരോ മനുഷ്യനേയും കാത്തിരിക്കുന്ന ഒന്നാണെന്നും തിന്മ ചെയ്ത് നരകയാതന ഏല്ക്കുന്നതിനേക്കാള് നന്മയുടെ വഴിയെ നീങ്ങി സ്വര്‍ഗ്ഗം പൂകാന്‍ ഓരോ വ്യക്തിയും ആത്മീയമായി ഏറെ ഒരുങ്ങേണ്ടിയിരിക്കുന്നു എന്നും ഓര്‍മ്മപ്പെടുത്തുന്നു.
തിന്മയുടെ സംഘട്ടനം നടക്കുന്നത് പുറംലോകത്ത് എന്നതിനേക്കാള്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ തന്നെയാണെന്ന സത്യം നമ്മെ ബോധ്യപ്പെടുത്താന്‍ ഈ ചിത്രത്തിനു കഴിയും. ഈ ലോകജീവിതം ഒരുക്കത്തോടും ജാഗ്രതയോടും കൂടെ ജീവിക്കാന്‍ ബോസ്കിന്റെ ഈ ചിത്രം നമ്മെ പ്രചോദിപ്പിക്കട്ടെ.
ചിത്രകാരന് : Hieronymus Bosch (1450-1516)
ചിത്രം : The Last Judgement
കാലം : 1495-1505
മാധ്യമം : ഓയില്‍ പെയിന്റ് ഓക് പാനലില്‍
ചിത്രം സൂക്ഷിച്ചിരിക്കുന്ന സ്ഥലം: Groeninge Museum, Bruges, Belgium