
ചിത്രകാരന്: റെം ബ്രാണ്ട്; കാലഘട്ടം: 1645
ചിത്ര രീതി: ക്യാന്‍വാസില്‍ വരച്ച ഓയില്‍ ചിത്രം
ഡച്ച് ചരിത്രത്തില്‍ ഇടം നേടിയ അറിയപ്പെടുന്ന ചിത്രകാരനായ റെം ബ്രാണ്ട് 1642-ല്‍ വരച്ച ചിത്രമാണ് ജോസഫിന്റെ സ്വപ്നം. നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ബൈബിള്‍ രംഗങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ അവയില്‍ എടുത്തു പറയേണ്ടവയാണ്.
ആംസ്റ്റര്‍ ഡാമിലെ ജൂത സമൂഹത്തില്‍ നിന്നുള്ള മോഡലുകളെ ഉപയോഗിച്ചായിരുന്നു റെം ബ്രാണ്ട് തന്റെ ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിരുന്നത്. ഏകദേശം 300-ല്‍ പരം ചിത്രങ്ങള്‍ വരച്ച അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രം ‘the night watch’ എന്ന ചിത്രമാണ്.
മത്തായിയുടെ സുവിശേഷത്തില്‍ വിവരിക്കുന്ന തച്ചനും യേശുവിന്റെ വളര്‍ത്തു പിതാവുമായ ജോസഫിനെ മുഖ്യ കഥാപാത്രമാക്കി ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രമാണ് ജോസഫിന്റെ സ്വപ്നം.’ ഒരു സ്വപ്നത്തില്‍ ജോസഫിന്റെ അരികിലെത്തുന്ന മാലാഖ, മറിയത്തിന്റെ ദിവ്യ ഗര്‍ഭധാരണത്തെക്കുറിച്ച് അറിയിക്കുന്നതും ജനിക്കുന്ന ശിശുവിന് യേശു എന്ന നാമം നല്‍കണമെന്ന നിര്‍ദ്ദേശം കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ അടിസ്ഥാനം. വരയിലെ ക്യത്യതയെക്കാള് നിറങ്ങളുടെ ദിവ്യതയും ആശയങ്ങളുടെ സമ്പന്നതയുമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
ഇതേ വിഷയം തന്നെ പ്രതിപാദ്യമാക്കി റെം ബ്രാണ്ട് രണ്ടു ചിത്രങ്ങള്‍ കൂടി വരച്ചിട്ടുണ്ട്. അവയില്‍ ഒന്ന്, ജര്‍മ്മനിയിലെ ബെര്‍ലിനിലും മറ്റൊന്ന് മ്യൂണിക്കിലുമാണ് ഇന്ന് സ്ഥിതി ചെയ്യുന്നത്.

മത്തായിയുടെ സുവിശേഷത്തില്‍ (2: 13-15) ല്‍ പറയുന്നത് പോലെ യേശുവിന്റെ ജനനത്തിനു മുമ്പും ജനനത്തിനു ശേഷവും ജോസഫിന് മൂന്നു സ്വപ്നങ്ങളാണ് ഉണ്ടാകുന്നത്. ഇവിടെ വിവരിക്കപ്പെടുന്ന സ്വപ്നങ്ങള്‍ക്ക് പഴയ നിയമത്തിലെ ജോസഫിന്റെ സ്വപ്നങ്ങളുമായി ഏറെക്കുറെ സമാനതകള്‍ ഉണ്ടെന്നു വേണം കരുതാന്‍.
കോമ്പോസിഷന്‍
അകത്തളങ്ങളുടെ ഇരുട്ടിനെ ഭേദിക്കുന്ന സ്വര്ഗ്ഗീയപ്രകാശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ചിലയിടങ്ങളില്‍ കട്ടി കൂടിയ രീതിയില്‍ പെയിന്റ് ഉപയോഗിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആലോചനാഭാരം ആത്മാവിനെ തൊടുന്ന രീതിയിലാണ് ജോസഫിന്റെ ചിത്രീകരണം. അതിന് ആക്കം കൂട്ടുന്നതാണ് വലതു കൈയ്യില്‍ ഊന്നി ഉറപ്പിച്ച ശിരസ്സും ഒപ്പം വലതു കാലോടു ചാരി വച്ചിരിക്കുന്ന ഉന്നുവടിയും. ജോസഫിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്നതായി ചിത്രീകരിച്ചിരിക്കുന്ന മാലാഖയുടെ കഥാപാത്രത്തിലേക്ക് കാഴ്ചക്കാരന്റെ ശ്രദ്ധ പെട്ടെന്നു പതിയുന്നത് സ്വാഭാവികം. ജോസഫിന്റെ തൊട്ടുപിന്നിലായി നിലയുറപ്പിച്ചിരിക്കുന്ന ദൈവദൂതന്റെ ഭാവപ്രകടനങ്ങള്‍ ഏറെ ഹൃദ്യമായി തോന്നും, ഈ ചിത്രത്തിലേക്കു കണ്ണു പായിക്കുന്ന ഓരോരുത്തര്‍ക്കും.
മാന്യവും വശ്യവുമായ രീതിയില്‍ ജോസഫിനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്താതെ തന്നെ സ്വപ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് മാലാഖ. എന്നാല്‍ ഉണ്ണിയേശുവിന്റെ ജീവന് രക്ഷിക്കണം എന്ന സന്ദേശം നിര്‍ബന്ധപൂര്‍വം നല്കുന്ന ഒന്നായിട്ടു തന്നെ കാഴ്ചക്കാരന് തോന്നുകയും ചെയ്യും. കാരണം വലത്കരം കൊണ്ട് ജോസഫിന്റെ തോളില്‍ മൃദുവായി തൊടുമ്പോഴും അടുത്തുള്ള മറിയത്തിലേക്കും ഉണ്ണിയേശുവിലേക്കും മാലാഖ തന്റെ മറുകരം ചൂണ്ടുന്നുമുണ്ട്.
ഈ ചിത്രത്തിലൂടെ ചിത്രകാരന് പറഞ്ഞു വയ്ക്കാന്‍ ശ്രമിക്കുന്ന വലിയ സത്യം – ജോസഫ് വെറുതെ സ്വപ്നം മാത്രം കാണുന്ന ഒരു സ്വപ്നാടകനല്ല. മറിച്ച് അത് പ്രാവര്‍ത്തികമാക്കുന്ന ആളുകൂടിയാണ് എന്നതാണ്. ജോസഫ് ദര്‍ശനങ്ങളുടെ മനുഷ്യന് മാത്രമല്ല മറിച്ച് കൃത്യനിര്വഹണത്തിന്റെ മനുഷ്യന് കൂടിയാണ്. സ്വപ്നങ്ങളുടേയും പ്രവര്‍ത്തിയുടേയും കൂടിച്ചേരല്‍ എപ്പോഴും ഒരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തീര്‍ത്തും ഇരുണ്ട പശ്ചാത്തലത്തില്‍ വരച്ചിരിക്കുന്ന ഈ ചിത്രത്തില്‍ കാഴ്ചക്കാരന്റെ ശ്രദ്ധ അത്ര പെട്ടന്നു പതിയാതെ പോകുന്ന നിരവധി ഘടകങ്ങളുണ്ട്. എങ്കിലും ഒരു കാര്യം തീര്‍ച്ചയാണ്; ‘ജോസഫിന്റെ സ്വപ്നം’ എന്ന തലക്കെട്ടിനോട് ഏറെ നീതി പുലര്‍ത്തുന്ന രീതിയിലാണ് ഇതിലെ കഥാപാത്രങ്ങളുടെ സ്ഥാനങ്ങളും പ്രകാശ വിന്യാസത്തിന്റെ രീതികളും.
ചിത്രം തരുന്ന വെല്ലുവിളി
രക്ഷക ജനനത്തിനായുള്ള ഒരുക്കത്തിന്റെ ഈ നാളുകളില്‍ ഈ ചിത്രവും നമുക്ക് ധ്യാന വിഷയമാകട്ടെ. ആത്മാവില്‍ ദൈവം പാകുന്ന ചില നല്ല തോന്നലുകള്‍ ഒരു പക്ഷെ നമ്മുടേയും സ്വപ്നങ്ങളായി മാറാം. സഹജീവികളോട് കരുണ കാണിക്കാനുള്ള മനസ്സിന്റെ തോന്നലുകളും കൂടെയുള്ളവരെ മുറിപ്പെടുത്താതിരിക്കാനുള്ള ഉള്ളിലെ പ്രചോദനങ്ങളും ദൈവം തരുന്ന സ്വപ്നങ്ങളാവാം. എന്നാല്‍ ജോസഫിനെപ്പോല അത് പ്രവര്ത്തിയിലാക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ റെം ബ്രാണ്ടിന്റെ ഈ ചിത്രം നമുക്ക് ഒരു പ്രചോദനമാകട്ടെ.