
മുസ്ലിം മോസ്കാക്കി മാറ്റിയ ഹാഗിയ സോഫിയയില്‍ ഇസ്ലാമിക പ്രാര്‍ത്ഥന ചൊല്ലാന്‍ നിയോഗിക്കപ്പെട്ട മുഫ്തി ഹൃദയാഘാതം മൂലം മരിച്ചതായി തുര്‍ക്കിയിലേത് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഹാഗിയ സോഫിയ മോസ്കില്‍ പ്രാര്‍ത്ഥനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് ഒസ്മാന്‍ അസ്ലാന് എന്ന മുഫ്തി മരിച്ചതായി കോണ്‍സ്റ്റാന്റിനോപ്പിളിലെ മുഫ്തികളുടെ കൂട്ടായ്മ പത്രക്കുറിപ്പിലൂടെ അറിയിച്ചതായി ഗ്രീക്ക് സിറ്റി ടൈംസ് ഉള്‍പ്പെടെ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് ഒമ്പതാം തിയതി ഇസ്താംബൂള്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ട്വീറ്റിലാണ് മുഫ്തിയ്ക്ക് ആദരാജ്ഞലികള്‍ നേര്‍ന്നു കൊണ്ട് ആദ്യം കുറിപ്പ് വന്നത്. ഓഗസ്റ്റ് രണ്ടാം തിയതിയാണ് ഓസ്മാന്‍ അസ്ലാന് അന്തരിച്ചതെങ്കിലും ദിവസങ്ങളോളം അധികാരികള്‍ ഈ വാര്‍ത്ത മൂടി വച്ചതായി ഏഷ്യന്യൂസ് വിമര്‍ശനവും ഉന്നയിച്ചു.
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം മുസ്ലിം മോസ്കായി പ്രവര്‍ത്തനം ആരംഭിച്ച ഹാഗിയ സോഫിയയില്‍, പ്രാര്‍ത്ഥനകള്‍ക്കും സമാന സേവനങ്ങള്‍ക്കും സുപ്രധാന പങ്കുവഹിച്ചിരുന്ന മുഫ്തിയുടെ മരണവും ആ വാര്‍ത്ത മറച്ചുവയ്ക്കാനുള്ള അധികാരികളുടെ ശ്രമവും പുതിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരിക്കുകയാണ്.