ദൈവത്തിന്റെ മുഖം ഈ ഭൂമിയിൽ അടയാളപ്പെടുത്തി കടന്നുപോയ വൈദികൻ: ഫാ. മാത്യു പഴേവീട്ടിൽ എംസിബിഎസ്

ഫാ. മാത്യു പഴേവീട്ടിൽ എം സി ബി എസ് (59) ജർമ്മനിയിൽ വെച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് ഫെബ്രുവരി 21 ന് മരണമടഞ്ഞു. കഴിഞ്ഞ 25 വർഷമായി അദ്ദേഹം കൊളോൺ അതിരൂപതയിലെ ഫ്രേഷൻ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്തു വരുകയായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന, കരുതലുള്ള ഒരു നല്ല ഇടയൻ. അച്ചന്റെ സ്നേഹവും കരുതലും അടുത്തറിഞ്ഞവർ പിന്നീട് അദ്ദേഹത്തെ മറക്കില്ല. അത്രമാത്രം ദൈവത്തിന്റെ മുഖം ഈ ഭൂമിയിൽ അദ്ദേഹം അടയാളപ്പെടുത്തിയിരുന്നു. തുടർന്ന് വായിക്കുക.

അവിശ്വസനീയം ഈ മരണം

ഫെബ്രുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു തന്റെ ഓഫീസിൽ എത്തിയതായിരുന്നു മാത്യു അച്ചന്‍. ഇടവകയിലെ ഒരാള്‍ മരിച്ചതിനാല്‍, മരിച്ച ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും മൃത സംസ്ക്കാരത്തിന്റെ വിശദാംശങ്ങളും സംസാരിക്കാന്‍ വേണ്ടി ആ കുടുംബത്തില്‍ നിന്നു വരുന്ന വ്യക്തിയെ പ്രതീക്ഷിച്ചായിരുന്നു അച്ചന്‍ ഓഫീസില്‍ എത്തിയത്.  ആ വ്യക്തി വന്നപ്പോൾ ഓഫീസിനു മുമ്പിലുള്ള മുറിയിലെ കസേരയിൽ  അബോധാവസ്ഥയിൽ മാത്യു അച്ചന്‍ ഇരിക്കുന്നതായാണ് കണ്ടത്. തൊട്ടടുത്തുള്ള ലൈബ്രറിയിലെ  വ്യക്തിയുടെ  സഹായത്തോടെ ഉടൻ തന്നെ മെഡിക്കൽ രക്ഷാപ്രവർത്തകരെ വിളിച്ചു വരുത്തി അച്ചനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജർമ്മൻകാരെയും ജോലിക്കായും പഠിക്കാനായും ഒക്കെ എത്തുന്ന മലയാളികളെയും ഒരുപോലെ ഹൃദയത്തോട് ചേർത്ത് നിറുത്തിയ ഒരു വൈദികനായിരുന്നു അദ്ദേഹം. നിരവധിപ്പേർക്ക് അദ്ദേഹമൊരു അഭയമായിരുന്നു. സീറോ മലബാർ സഭയിൽ സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ച ദിനമായിരുന്നു ഫെബ്രുവരി 21. അന്നേദിനം കർത്താവിന്റെ പക്കലേക്ക് ഭൂമിയിൽ നിന്നും ഒരാളെ പെട്ടെന്ന് ആവശ്യമായി വന്നു. അപ്പോഴാണ് സ്വർഗ്ഗത്തിലേക്ക് വേഗംപോകാൻ റെഡിയായി നിൽക്കുന്ന മാത്യു അച്ചനെ കണ്ടത്. പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നും ആവശ്യമില്ലാത്തതിനാൽ ദൈവം അദ്ദേഹത്തെ വിളിച്ചു. മാത്യു അച്ചൻ മറുപടി നൽകി, “ഇതാ ഞാൻ”. അകാലത്തിൽ തങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ അച്ചന്റെ മരണത്തെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടി വരും. കാരണം, ഫാ. മാത്യുവിന്റെ മരണവാർത്ത അറിഞ്ഞ പ്രിയപ്പെട്ടവർക്ക് അത് വിശ്വസിക്കാൻ അവർക്ക് ഏറെ ബുദ്ധിമുട്ടാണ്. എല്ലാവരെയും സ്വന്തമെന്ന് കരുതി സ്നേഹിക്കുക, ആരെയും മാറ്റി നിറുത്താതെ കരുതുക, ഈശോ പഠിപ്പിച്ച കാരുണ്യപ്രവർത്തികൾ ഒക്കെയും ജീവിതത്തിൽ ഒന്നൊന്നായി ജീവിച്ചു കാണിക്കുക – ഇങ്ങനെയുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. ഈ ഭൂമിയിൽ അദ്ദേഹം അവശേഷിപ്പിച്ചതൊക്കെയും അനേകരുടെ ഹൃദയത്തിൽ ഇടം നേടിയെടുത്തുകൊണ്ടാണ്.

എപ്പോഴും പുഞ്ചിരിക്കുന്ന വൈദികൻ

മാത്യു അച്ചനെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയേ ഇടവകക്കാരും സഹപ്രവർത്തകരും സുഹൃത്തുക്കളായ വൈദികരും കണ്ടിട്ടുള്ളൂ. അച്ചൻ ആരോടും ദേഷ്യപ്പെട്ടതായും കണ്ടിട്ടില്ല. വളരെ വിശാലമായ മനസ്സിനുടമയായ അച്ചന്, എല്ലാക്കാര്യങ്ങളും വളരെ തന്മയത്തോടെയും ലാഘവത്തോടെയുമൊക്കെ എടുക്കാനുള്ള ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു. എത്രമാത്രം സഹായിക്കുവാൻ പറ്റുമോ അത്രമാത്രം അദ്ദേഹം മറ്റുള്ളവരെ സഹായിച്ചിരുന്നു. ജർമ്മനിയിലെ ഇടവകയിൽ 2017 ൽ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിൻ്റെ ജൂബിലി ആഘോഷിച്ചപ്പോൾ എടുത്ത ഫോട്ടോകൾ ഒരു ആൽബമാക്കി ഇടവകക്കാര്‍ അച്ചന് സമ്മാനമായി നൽകിയിരുന്നു. അതിൻ്റെ ആദ്യ പേജിൽ കുറിച്ചിരുന്ന വാക്കുകൾ ഇപ്രകാരമായിരുന്നു: ‘മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ കർത്തവ്യം.’ ഈ വാക്കുകൾ അച്ചൻ അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു.

പ്രവാസി മലയാളികൾക്ക് എന്നും സമീപസ്ഥൻ

ജർമ്മനിയിലെ മലയാളി സമൂഹത്തിന് വളരെ പ്രിയപ്പെട്ട വൈദികനായിരുന്നു ഫാ. മാത്യു. അടുത്തുള്ള ‘സെന്റ് കാതറിൻ’ ആശുപത്രിയിൽ ഏകദേശം നൂറോളം മലയാളി നേഴ്‌സുമാർ ജോലി ചെയ്യുന്നുണ്ട്. ജർമ്മൻ പള്ളിയിൽ അവർക്കായി മലയാളം കുർബാനയും അച്ചൻ ചൊല്ലി കൊടുക്കുന്നുണ്ടായിരുന്നു. ആദ്യമായി പുതിയ രാജ്യത്ത് എത്തിയതിന്റെ ബുദ്ധിമുട്ടുകളും ഉത്കണ്ഠയും ഒക്കെ ഉള്ളപ്പോഴും ഏതവസരത്തിലും അവരെ സഹായിക്കാൻ അച്ചൻ സന്നദ്ധനായിരുന്നു. അവരോട് അച്ചൻ പറഞ്ഞിരുന്നത് ഇപ്രകാരമാണ്: “നിങ്ങൾ താമസിക്കാനുള്ള വീട് കണ്ടുപിടിക്കുക. ബാക്കി കാര്യങ്ങൾ ഞാൻ ചെയ്തോളാം.” അവർക്ക് വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകളും, പാത്രങ്ങളും, മറ്റ് അത്യാവശ്യ സാധനങ്ങളും ഒക്കെ അദ്ദേഹം സംഘടിപ്പിച്ചു നല്‍കി. വീട് കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർ അച്ചന്റെ ഉറപ്പിന്മേൽ വീട് കണ്ടെത്തിയ സംഭവങ്ങളുമുണ്ട്. കാരണം, ഇവിടെ വിദേശികൾക്ക് വീട് വാടകയ്ക്ക് കൊടുക്കാൻ ചിലരൊക്കെ മടി കാണിക്കാറുണ്ട്. മാത്യു അച്ചൻ ഉണ്ടെങ്കിൽ ഇവിടെയുള്ള ജർമ്മൻകാർക്ക് വിശ്വാസമാണ്. അവർ ഉറപ്പോടെ വീട് വാടകയ്ക്ക് നൽകും.

ചിലരുടെ ഭാര്യമാർക്ക് ജോലി കാണും, എന്നാൽ ഭർത്താക്കന്മാർ ജോലി ഇല്ലാത്തവരായിരിക്കും. അവർക്കായി ജോലിക്കുള്ള സാഹചര്യങ്ങൾ അന്വേഷിച്ച് അച്ചൻ റെഡിയാക്കി കൊടുക്കുമായിരുന്നു. മലയാളികളുടെ മക്കളെ പള്ളിയുമായി ബന്ധപ്പെടുത്തി ആത്മീയ കാര്യങ്ങളിൽ ഇടപഴകിക്കുകയും ചെയ്യുമായിരുന്നു അച്ചൻ. അവരിൽ ചില കുട്ടികൾ വളരെ സജീവമായി അൾത്താരശുശ്രൂഷകരായി വി. കുർബാനയർപ്പണങ്ങളിൽ പങ്കുചേരുന്നു, അങ്ങനെ അവരെ എപ്പോഴും ദൈവാലയത്തോട് ചേർത്ത് നിറുത്തി. ജര്‍മ്മന്‍ കുട്ടികള്‍ക്കൊപ്പം കുര്‍ബാനയുടെ ഇടയിലെ കാറോസൂസ ചൊല്ലാനുള്ള പ്രോത്സാഹനവും പ്രചോദനവും അദ്ദേഹം മുന്‍പോട്ടുവരാന്‍ മടിച്ചുനിന്ന മലയാളി കുട്ടികള്‍ക്ക് നല്‍കി.

ഇടവകയിലെ നല്ല ഇടയൻ

കൊളോണിലെ ഫ്രേഷൻ ഇടവകയിൽ മാത്യു അച്ചൻ വന്നിട്ട് മാർച്ച് 21 ന് 25 വർഷം തികയുകയാണ്. ഇവിടെ സാധാരണ ഒരു മലയാളി വൈദികനും ഇത്രയധികം വർഷങ്ങൾ ഒരേ ഇടവകയിൽതന്നെ ശുശ്രൂഷ ചെയ്യാറില്ല. എന്നാൽ, ആടുകളുടെ ഗന്ധം എന്നും ഹൃദയത്തിലും മനസിലും സൂക്ഷിച്ചതുകൊണ്ട് മാത്യു അച്ചനോട് ഇടവകക്കാർക്ക് വലിയ സ്നേഹമായിരുന്നു. അദ്ദേഹത്തെ അവര്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു വച്ചു. അതിനൊരു ഉദാഹരണമാണ് അച്ചൻ മരിച്ചെന്നറിഞ്ഞ ഉടനെ തന്നെ ഇരുന്നൂറിലധികം ആളുകൾ ആശുപത്രിയിലേക്ക് ഓടിയെത്തിയത്.  ഫെബ്രുവരി 28 – ന് ഫ്രേഷന്‍ ഇടവകയില്‍ വച്ചു നടന്ന അനുസ്മരണ കുര്‍ബാനയ്ക്കും അനവധി വൈദികരും, സന്യസ്‌തരും, ജർമ്മൻകാരും മലയാളികളുമായ ആത്മായരും വന്നെത്തി.

ഈ വർഷം തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കൻ ഡാവിഡ് ഫ്രേഷൻ ഇടവകക്കാരനാണ്. വർഷങ്ങൾക്ക് മുൻപ് ഡാവിഡിനെ ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കിയതും മാത്യു അച്ചൻ തന്നെയാണ്. ഇവിടെ ആദ്യകുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ ഏകദേശം ഒരു വർഷം നീണ്ടു നിൽക്കുന്നതാണ്. ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ ഒരു ദിവസം മാത്യു അച്ചൻ ഡാവിഡിന്റെ മാതാപിതാക്കളോട് പറഞ്ഞു. “ഡാവിഡ് ഒരു വൈദികനാകും.” വർഷങ്ങൾക്ക് ശേഷം ഇപ്പോള്‍ തിരുപ്പട്ടസ്വീകരണത്തിനായി ഏറ്റവും അടുത്ത നാളുകളില്ലോടെ കടന്നുപോകുമ്പോൾ മാത്യു അച്ചനിലൂടെ ഉണ്ടായത് വലിയ ഒരു പ്രവചനമായിരുന്നല്ലോ എന്ന് ഡീക്കനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും അനുസ്മരിക്കുന്നു.

ആരെങ്കിലും ആശുപത്രിയിൽ ആണെന്നറിഞ്ഞാൽ അച്ചൻ അവരെ പോയി സന്ദർശിക്കും. നേഴ്സുമാര്‍  വിളിച്ചാൽ എഴുന്നേൽക്കാത്തവർ പോലും ‘ഫാദർ മത്തേയൂസ്’ എന്ന പേര് കേൾക്കുമ്പോൾ എഴുന്നേൽക്കും എന്ന് ആശുപത്രിയിൽ ജോലി ചെയ്യുന്ന സിസ്റ്റേഴ്സ് പറയുമായിരുന്നു. മാത്യു അച്ചനെ ജര്‍മന്‍കാര്‍ വിളിക്കുന്നത്‌ മത്തേയൂസ് എന്നാണ്. രോഗികൾ അച്ചനെ കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു.

“പ്രിയപ്പെട്ട മത്തേയൂസ്, ഞങ്ങൾക്ക് നിന്നോടൊപ്പം അനുഭവിക്കാൻ കഴിഞ്ഞ എല്ലാത്തിനും എന്റെ  ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞാൻ നന്ദി പറയുന്നു!” ഇടവക  വികാരി ഫാ. ക്രിസ്റ്റോഫ് ഡ്യൂറിഷിന്റെ വാക്കുകളാണിത്. 25 വർഷമായി മാത്യു അച്ചൻ ഇവിടെ അസിസ്റ്റന്റ് വികാരിയാണ്. ഇടവകയിലെ മീറ്റിംഗുകളിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കാനും ഉചിതമായ ഒരു തീരുമാനം പറയാനും അച്ചന് ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു. “മത്തേയൂസ് പറയുന്ന കാര്യങ്ങളായിരുന്നു മീറ്റിംഗുകളിൽ മിക്കപ്പോഴും അവസാന വാക്കും തീരുമാനവും.” ഇടവക വികാരി ഓർക്കുന്നു.

ഫെബ്രുവരി 28 – ന് ഫ്രേഷന്‍ ഇടവകയില്‍ വച്ചു നടന്ന അനുസ്മരണ കുര്‍ബാനയ്ക്ക് വന്ന എം.സി.ബി.എസ് സന്യാസ സമൂഹത്തിലെ അംഗങ്ങളോട് ഒരു ഇടവകക്കാരന്‍ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ മത്തേയൂസ് ഒരു നല്ല മനുഷ്യനായിരുന്നു. അദ്ദേഹം ഞങ്ങളെ ഒത്തിരിയേറെ സ്നേഹിച്ചു.”

വേദനയോടെ മറ്റൊരു ഇടവകാംഗത്തിന്റെ വേദനയോടെയുള്ള വാക്കുകള്‍ ഇപ്രകാരമായിരുന്നു: “മത്തേയൂസ് ഇല്ലാതെ ഫ്രേഷന്‍ എന്ന ഇടവകയെ സങ്കല്‍പിക്കാനാവില്ല.” അത്രമാത്രം അവരും അച്ചനെ സ്നേഹിച്ചിരുന്നു. ജർമ്മനിയിൽ ജോലി ചെയ്യുന്ന എം സി ബി എസ് വൈദികർക്കും അച്ചന്റെ വേർപാട് തീരാനഷ്ടമാണ്.

എം സി ബി എസ് അംഗം  

എം സി ബി എസ് സീയോൻ പ്രൊവിൻസിലെ അംഗമായിരുന്നു ഫാ. മാത്യു. 1984 നോവിഷ്യറ്റും 1987 ൽ ഫിലോസഫിയും പൂർത്തിയാക്കി. 1992 ൽ തിയോളജി പഠനം പൂർത്തിയാക്കി പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് 1996 വരെ ഷിമോഗയിൽ മിഷനറിയായി ജോലി ചെയ്തു. 1999 വരെ പരിയാരം മൈനർ സെമിനാരിയിൽ പ്രൊക്കുറേറ്ററായും ശുശ്രൂഷ ചെയ്തു. തുടര്‍ന്ന്, 2000 മുതൽ അച്ചൻ ജർമ്മനിയിൽ ശുശ്രൂഷ ചെയ്തു വരുകയായിരുന്നു. കോഴിക്കോട്, കൂരാച്ചുണ്ടിലുള്ള പഴേവീട്ടിൽ കുടുംബത്തിലെ പരേതനായ  മൈക്കിളിന്റെയും ത്രേസ്യായുടെയും മൂന്നു മക്കളില്‍ മൂത്ത മകനായി 1965 ഡിസംബര്‍ 31 – ന്  അദ്ദേഹം ജനിച്ചു. സഹോദരൻ ഫാ. ജോസ് പഴേവീട്ടിൽ വിൻസന്‍ഷ്യൻ സമൂഹാംഗമാണ്. മറ്റൊരു സഹോദരൻ ബെന്നി വിവാഹിതനാണ്.

മാർച്ച് ഒന്നിന് രാത്രി 10.30 യോടുകൂടി കൊച്ചി എയർപോർട്ടിൽ എത്തുന്ന അദ്ദേഹത്തിന്റെ ഭൗതികദേഹം പരിയാരം സെന്റ് മേരീസ് മൈനർ സെമിനാരിയിലേക്ക് കൊണ്ടുവരും. മാർച്ച് രണ്ടിന് രാവിലെ എട്ടുമണിയോടെ മൃതസംസ്കാര ശുശ്രൂഷകളുടെ ആദ്യഘട്ടം ആരംഭിക്കും. പത്തുമണിയോടെ രണ്ടാം ഘട്ടവും 10.30 ക്ക് മൃതസംസ്കാര ശുശ്രൂഷകളുടെ അവസാനഘട്ടവും ആരംഭിക്കും.

ഈ ലോകത്തിൽ നിന്നും നിത്യമായി വേർപിരിഞ്ഞെങ്കിലും മാത്യു അച്ചൻ ഈ ഭൂമിയിൽ തീർത്ത സ്നേഹരാഗങ്ങൾക്ക് അവസാനമില്ല. സ്വർഗത്തിൽ ദൈവത്തോടും മാലാഖമാരോടും ഒപ്പം അത് ഇനിയും തുടരും.

സി. സൗമ്യ DSHJ

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.