ഫ്രാൻസിസ്കൻ സഭാ പാരമ്പര്യത്തിൽ സകല വിശുദ്ധന്മാരുടെ തിരുനാൾ കഴിഞ്ഞു ഉടനെ ക്രിസ്തുമസിനൊരുക്കമായുള്ള ഒരുക്കനോമ്പു ആരംഭിക്കുന്നു. ക്രിസ്തുമസിനൊരുക്കമായി നീണ്ട ഒരുക്കം നടത്താൻ ഫ്രാൻസീസ് തന്റെ ശിഷ്യന്മാരോടു ആവശ്യപ്പെട്ടിരുന്നു.
ആരാധന ക്രമമനുസരിച്ചു ആഗമന കാലം ക്രിസ്തുമസിനു നാലാഴ്ച മുമ്പാണു ആരംഭിക്കുക. എന്നാൽ ഫ്രാൻസിസ്കൻ സന്യാസികൾ ക്രിസ്തുമസിനായുള്ള ഒരുക്കം തുടങ്ങി കഴിഞ്ഞു.
ക്രിസ്തുമസിനു ഒരുക്കമായുള്ള നോമ്പു ആധുനിക കലഘട്ടത്തിൽ പ്രത്യേകിച്ചു പാശ്ചാത്യ നാടുകളിൽ അന്യം നിന്നുപോകുന്ന സാഹചര്യമാണുള്ളത്. ഈ അവസരത്തിൽ ഈ ഫ്രാൻസിസ്കൻ പാരമ്പര്യം എത്രത്തോളം ഒരുക്കത്തോടെ ഉണ്ണിയേശുവിനെ വരവേൽക്കണം എന്നു നമുക്കു പറഞ്ഞു തരുന്നു.
ആദിമ ക്രൈസ്തവർ ക്രിസ്തുമസിനായി നേരെത്തേ തന്നെ ഉപവസിച്ചു ഒരുങ്ങിയിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൗരസ്ത്യ ക്രൈസ്തവർ ക്രിസ്തുമസിനുള്ള ഒരുക്കം ഇരട്ടിപ്പിച്ചു.
“fast before you feast,” എന്ന തത്വത്തിൽ അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ഈശോ പരസ്യ ജീവിതമാരംഭിക്കുന്നതിനു മുമ്പു നാല്പതു ദിവസം മരുഭൂമിയിൽ ഉപവസിച്ചതനുസ്മരിച്ചു പൗരസ്ത്യർ ക്രിസ്തുമസിനൊരുക്കമായി ഉപവസിച്ചൊരുങ്ങിയിരുന്നു. ക്രിസ്തുമസ് എന്ന മഹത്വപൂർണ്ണമായ ആഘോഷത്തിനൊരുക്കമായി നവംബർ 15 മുതൽ ഡിസംബർ 25 വരെ 40 ദിവസം അവർ നോമ്പു നോക്കിയിരുന്നു.
ആദ്യമായി പുൽക്കൂടു നിർമ്മിച്ച അസീസിയിലെ ഫ്രാൻസീസിനു ക്രിസ്തുമസിനോടു ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്നതു ഭുവന പ്രസിദ്ധമാണല്ലോ. അതിനൊരുക്കമായി ക്രിസ്തുമസിനു 55 ദിവസങ്ങൾക്കു മുമ്പു ഫ്രാൻസിസ് നോമ്പാരംഭിച്ചിരുന്നു, ഇതിൽ ഞായറാഴ്ചകൾ ഒഴിവാക്കി 47 ദിവസങ്ങൾ നോമ്പു നോക്കിയിരുന്നു
ഉണ്ണിയേശുവിനെ വരവേൽക്കാൻ ക്രിസ്തുമസ് കാലം അടുത്തെത്താറായി , ഉണ്ണിയേശുവിനെ സ്വീകരിക്കാനായി നേരെത്തെ ഒരുങ്ങാൻ വി.ഫ്രാൻസീസ് നമുക്കു പ്രചോദനമേകട്ടെ.