മനുഷ്യന് കെട്ടിപ്പൊക്കിയതിനൊക്കെ ഒറ്റ നിമിഷത്തിന്റെയേ ആയുസുള്ളൂ എന്ന് മനസിലാക്കി തന്ന ദിവസങ്ങളാണ് പ്രളയത്തില്‍ കണ്ടത്. മനുഷ്യത്വവും സാഹോദര്യവും ഒക്കെ തിരിച്ചറിഞ്ഞ ദിവസങ്ങള്‍. നന്മയുടെ അണയാത്ത ദീപങ്ങള്‍ കേരളീയര്‍ ആ ദിവസങ്ങളില്‍ അനുഭവിച്ചു. സ്നേഹത്തിന്റെ തീക്ഷ്ണമായ ചില അനുഭവങ്ങളില്‍ ഒന്നാണ് ഹരിപ്പാടുകാരിയായ ചെല്ലമ്മയുടേത്.
“എന്നോട് പൊക്കോളാന്‍ പറഞ്ഞതാ അച്ഛന്. എനിക്ക് അങ്ങനെ വിട്ടേച്ചു പോവാന്‍ പറ്റുവോ?” ആ വാക്കുകള്‍ ഉരുവിട്ടപ്പോള്‍ അവരുടെ കണ്ണുകളില്‍ തിളങ്ങിയ സ്നേഹത്തിന്റെ വ്യാപ്തി എല്ലാവരും കണ്ടു. ക്യാമ്പിലെ തന്റെ നാട്ടുകാരോട് പ്രളയത്തിന്റെ അനുഭവം പങ്കു വയ്ക്കുന്നതിന്റെ ഇടയിലാണ് ചെല്ലമ്മ ഇത് പറഞ്ഞത്.
മഴ പെയ്യുന്നതും വെള്ളം കയറുന്നത് ഇവര്‍ക്ക് പുതിയ കാര്യമായിരുന്നില്ല. ജല നിരപ്പ് ഉയരുമ്പോള്‍ എല്ലാ കൊല്ലവും തങ്ങളുടെ വീട്ടില്‍ വെള്ളം കയറാറുണ്ടെന്നു ചെല്ലമ്മ. പക്ഷേ ഇത് ഒരു കാലവും കണ്ടിട്ടില്ലാത്ത കാര്യമായി പോയി എന്ന് അവര്‍ ആവര്‍ത്തിച്ചു.
“എല്ലാ കൊല്ലവും മഴ ആവുമ്പോ ഞങ്ങടെ വീട്ടില്‍ വെള്ളം കേറും. കുറച്ചു ദിവസി കഴിഞ്ഞങ്ങ് ഇറങ്ങും. വെള്ളം കേറുമ്പോ ഞാന്‍ കട്ടില് കട്ടയിലോ വല്ലോം പൊക്കി വയ്ക്കും.” ചെല്ലമ്മ തുടര്‍ന്നു. ഭര്‍ത്താവ് ചെലപ്പന്‍ കിടപ്പിലാണ്. ഇത്തവണ പ്രതീക്ഷിക്കുന്നതിലും അധികം വെള്ളം പൊങ്ങി. അതും വളരെ വേഗത്തില്‍. വെള്ളം കയറി രോഗശൈയ്യയില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ കട്ടിലും കവിഞ്ഞു വെള്ളം കയറി. കട്ടിലും സാധനങ്ങളും ഒക്കെ ഒഴുകി നടക്കാന്‍ തുടങ്ങി. കാര്യം കൈവിട്ടു എന്ന് മനസിലാക്കിയ ഉടനെ ചെല്ലമ്മ മകളെ വിളിച്ചു കാര്യം പറഞ്ഞു. മകള്‍ എത്തി ഇരുവരെയും മറ്റൊരു സ്ഥലത്തേക്ക് മാറി.
അധികം വൈകാതെ തന്നെ അവിടെയും വെള്ളം കയറി. “നിങ്ങള്‍ എല്ലാരും പോവിനെടി,” എന്ന് ചെല്ലപ്പന് ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ ചെല്ലമ്മയ്ക്ക്, അങ്ങനെ തന്റെ ഭര്‍ത്താവിനെ വിട്ടു പോകാന്‍ സാധിക്കുമായിരുന്നില്ല. അവര്‍ ക്ഷമയോടെ കാത്തു. വരുന്നത് പോലെ വരട്ടെ എന്ന് വിചാരിച്ചു. ആറു ദശാബ്ദത്തിലേറെ ഒന്നിച്ച് ജീവിച്ചതാണ്. ഇനിയിപ്പോ മരണം വന്നാലും ഒന്നിച്ചു തന്നെ പോകുകയുള്ളൂ എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വെള്ളം ഉയരുന്നത് നിറകണ്ണുകളോടെ അവര്‍ നോക്കി ഇരുന്നു.
ഒരുപക്ഷേ ആ സ്നേഹം അങ്ങനെ പിഴുതെറിയാന്‍ ദൈവം ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഒരു വള്ളം എത്തി. അവരെ അതില്‍ കയറ്റി ക്യാമ്പിലേക്ക് അയച്ചു. പ്രളയം വെളിപ്പെടുത്തിയ ആ സ്നേഹത്തെ ദൈവം അനേകര്‍ക്ക് മാതൃകയാകാന്‍ സംരക്ഷിച്ചു.