45 – ലക്ഷത്തോളം വില വരുന്ന വസ്തുക്കള്‍! 110 -ല്‍ അധികം ഇനം സാധനങ്ങള്‍! 1300 – അധികം കിലോമീറ്റര്‍ യാത്ര! കേരളത്തിനുള്ള സഹായവുമായി, ഫാ. ആന്റോ പുതുവ എം.സി.ബി.എസ് – ന്റെ നേതൃത്വത്തില്‍ ഉള്ള സംഘം മഹാരാഷ്ട്രയിലെ ലോനന്തില് നിന്ന് ഇന്ന് വൈകിട്ട് നാലു മണിക്ക് കോട്ടയത്ത് എത്തിച്ചേര്‍ന്നു.
മഹാരാഷ്ട്രയില്‍ നിന്നും ഒരു ലോഡ് സ്നേഹം എത്തി, കേരളത്തിനായി! ഒരു ലോഡ് എന്ന് പറയുമ്പോള്‍ ശരിക്കും ഒരു വലിയ ട്രക്ക് നിറയെ സാധനങ്ങള്‍. അതും നാല്-അഞ്ചു ദിവസങ്ങളുടെ പ്രയത്നം കൊണ്ട്. മഹാരാഷ്ട്രയിലെ ലോനന്ത് ഗ്രാമ വാസികളോട്, കേരളത്തിലെ പ്രളയബാധിതര്‍ക്ക് നല്കാന് എന്തെങ്കിലും സഹായം കണ്ടെത്താന്‍ കഴിയുമോ എന്ന് ഒന്ന് ചോദിച്ചതാണ് ഫാദര്‍ ആന്റോ പുതുവ. 50 കിലോ അരി ലഭിച്ചാലും, കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് വലിയ ഒരു ഉപകാരമാണ്. ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്ക്കുമ്പോള്‍ അത് മാത്രമേ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളു.
കേരളത്തിലെ പ്രളയബാധിത മേഖലയില്‍ കൊടുക്കാനായി 45 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ വെറും നാല് ദിവസം കൊണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല.
ചെറിയ ശ്രമം, വലിയ ഫലം
പ്രളയ ബാധിതമായ കേരളത്തിനായി എന്തു ചെയ്യാന്‍ കഴിയും എന്ന ആലോചനയാണ് കേരളത്തിനായി അവശ്യ വസ്തുക്കള്‍ കണ്ടെത്താം എന്ന ആശയത്തിലേക്ക് എത്തുന്നത്. ലോനന്തിലുള്ള ആളുകളോട് കാര്യങ്ങള്‍ പങ്കുവച്ചു. അവിടുള്ളത് സാധാരണക്കാരായ ആളുകളാണ്, കര്‍ഷകര്‍. ഏറിയാല്‍ ഒരു 50 കിലോ അരി എത്തുമെന്ന് കരുതി. പക്ഷേ, അവരുടെ പ്രതികരണം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. കാതോടു കാത് കേരളത്തിലെ പ്രളയ കെടുതിയെക്കുറിച്ചുള്ള വാര്‍ത്ത പരന്നു. പിന്നീടെല്ലാം പെട്ടന്നായിരുന്നു.
ഒരു ലോഡ് സ്നേഹം
കേരളം നേരിടുന്ന പ്രതിസന്ധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അവര്‍ ഉള്ളതില്‍ ഒരു പങ്കു നല്കാന് തയാറായി. കര്‍ഷകര്‍ അവരുടെ കൃഷി ഉത്പന്നങ്ങളും ചെറുകിട സംരംഭങ്ങള്‍ ഉള്ളവര്‍ അവരുടെ വരുമാനത്തിന്റെ ഒരു പങ്കും ഒക്കെയായി നല്കി. 6 – ടണ്‍ അരി, പഞ്ചസാര, മറ്റു പലചരക്ക് വസ്തുക്കള്‍, വസ്ത്രങ്ങള്‍, ശുദ്ധജലം, വീട്ടിലേക്ക് ആവശ്യമുള്ള സോപ്പ്,ചൂല്, പുതപ്പുകള്‍, വീട്ട് ഉപകരണങ്ങള്‍ മുതലായവ. എല്ലാം വിലപിടിപ്പുള്ളവ. അങ്ങനെ ഏതാണ്ട് 45- ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കടുവകുളം, എം.സി.ബി. എസ്. പ്രൊവിന്‍ഷ്യല്‍ ഹൌസിന്റെ മുറ്റത്ത് ഒരു ട്രക്കില്‍ ഇന്ന് വൈകിട്ട് എത്തി.
ചങ്ങനാശ്ശേരി, കോട്ടയം, കുട്ടനാട്, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ വൈകുന്നേരം തന്നെ കോട്ടയത്ത് എത്തിയിരുന്നു. ഇത്രയും വലിയ സഹായം ചെയ്ത മഹാരാഷ്ട്രക്കാരെയും എല്ലാം സമാഹരിച്ച ആന്റോ അച്ചനെയും മലയാളികള്‍ നന്ദിയോടെ ഓര്‍ക്കുന്നു!