ഈശോ വിശുദ്ധ കുർബാനയിൽ സത്യമായും സാരംശയത്തിലും സന്നിഹിതമാണെന്നു കത്തോലിക്കർ വിശ്വസിക്കുന്നു. ഇതു ശരിയാണന്നു സ്ഥിരീകരിക്കാൻ സഭാചരിത്രത്തിലുടനീളം ദിവ്യകാരുണ്യത്തിന്റെ അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. അത്തരത്തിൽ ഭൗതീകമായ തെളിവുകൾ അവശേഷിപ്പിച്ച വിശുദ്ധ കുർബാനയുടെ അസാധാരണമായ അഞ്ചു അത്ഭുതങ്ങളെക്കുറിച്ച് നമുക്കിവിടെ കാണാം.
1) ലാഞ്ചിയാനോയിലെ അത്ഭതം, ഇറ്റലി എട്ടാം നൂറ്റാണ്ട്
ഇറ്റലിയിലെ ലാഞ്ചിയാനോ രൂപതയിലെ ഒരു വൈദികന് വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തെപ്പറ്റി സംശയം ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുന്ന സമയം കൂദാശ വചനങ്ങൾ ( The words of consecration) ഒരുവിട്ടപ്പോൾ അപ്പവും വീഞ്ഞും യേശുവിന്റെ യഥാർത്ഥ ശരീര രക്തമായി രൂപാന്തരപ്പെട്ടു. തിരുരക്തം അഞ്ച് ചെറിയ ഗോളങ്ങളായി ഉറഞ്ഞുകൂടി (യേശുവിന്റെ അഞ്ച് തീരു മുറിവുകളെ സൂചിപ്പിക്കാനാണ് അഞ്ചു ഗോളങ്ങൾ രൂപപ്പെട്ടത് എന്ന ഒരു വിശ്വാസമുണ്ട് ). അത്ഭുതത്തെപ്പറ്റിയുള്ള വാർത്ത വേഗം തന്നെ പടർന്നു.. അതിരൂപതാധ്യക്ഷന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനും പഠനത്തിനും ശേഷം സഭ ഈ അത്ഭുതം അംഗീകരിച്ചു. മാംസമായി രൂപാന്തരപ്പെട്ട അപ്പം ഇപ്പോഴും സൂക്ഷിച്ചട്ടുണ്ട്. 1971 ൽ അനാട്ടമി പ്രൊഫസറായ ഒഡോ ആർഡോ ലിനോളി
(Odoardo Linoli) ഈ മാംസഭാഗം ശാസ്ത്രീയമായി പരിശോധിക്കുകയും അത് ഹൃദയ കോശത്തിന്റേതാണന്നു സ്ഥിരീകരിക്കുകയും ചെയ്തു. രക്തം പുതിയ രക്തം പോലെ കാണപ്പെട്ടു അതിൽ യാതൊരു വിധത്തിലുള്ള സംരക്ഷണോപാധികളുടെയോ സാന്നിധ്യം ഉണ്ടായിരുന്നില്ല. ലാഞ്ചിയാനോയിലെ വിശുദ്ധ ഫ്രാൻസീസിന്റെ ദൈവാലയത്തിൽ (Church of San Francesco in Lanciano) ഈ അത്ഭുത മാംസവും രക്തവും നമുക്കു ദർശിക്കാൻ സാധിക്കും.
2) ബോൾസേനയിലെ ദിവ്യകാരുണ്യ അത്ഭുതം, ഇറ്റലി പതിമൂന്നാം നൂറ്റാണ്ട്
ഇറ്റലിയിലെ ഓർവിഎറ്റോയിൽ നടന്ന ദിവാകാരുണ്യ അത്ഭുതമായിരുന്നു ഇത്. വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിന്റെ തിരുശരീര രക്തങ്ങൾ ആയി മാറും എന്നു വിശ്വാസത്തിൽ സംശയം ഉണ്ടായിരുന്ന ഒരു വൈദീകൻ ബലിയർപ്പിക്കുകയായിരുന്നു. കൂദാശ വചനങ്ങൾ ഒരു വിട്ട ഉടനെ തിരുവോസ്തീയിൽ നിന്നു രക്തം അൾത്താരയിലേക്ക് വീഴാൻ തുടങ്ങി.തന്റെ അവിശ്വാസമോർത്ത് പശ്ചാത്തപിച്ച വൈദീകൻ, ആ ദിവസങ്ങളിൽ അവിടെ അപ്പസ്തോലിക സന്ദർശനം നടത്തിയിരുന്ന മാർപാപ്പയുടെ മുമ്പിൽ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. ഓർവിയേത്തോ കത്തീഡ്രലിൽ ഈ അത്ഭുതം നമുക്കു ദർശിക്കാൻ കഴിയും.
3) സിയന്നയിലെ തിരുവോസ്തികൾ, പതിനെട്ടാം നൂറ്റാണ്ട് ഇറ്റലി
1730 ആഗസ്റ്റ് മാസം പതിനാലാം തീയതി ഇറ്റലിയിലെ സിയന്നായിലെ വിശുദ്ധ ഫ്രാൻസീസിന്റെ നാമധേയത്തിലുള്ള പള്ളിയിൽ കത്തോലിക്കർ ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാളിനു തലേദിവസം ദൈവാലയത്തിൽ സമ്മേളിച്ചിരുന്നപ്പോൾ കള്ളന്മാർ ദൈവാലയത്തിൽ പ്രവേശിക്കുകയും സക്രാരിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തീകൾ മോഷ്ടിക്കുകയും ചെയ്തു.
രണ്ട് ദിവസങ്ങൾക്കു ശേഷം സിയന്നയിലെ മറ്റൊരു പള്ളിയിൽ നേർച്ചപ്പെട്ടിക്കു സമീപം വെള്ള നിറത്തിലുള്ള ഒരു പൊതികെട്ടു കണ്ടെത്തി. വൈദീകർ പൊതി തുറന്നപ്പോൾ ചിലന്തിവലയാൽ ആവൃതമായ മുഷിഞ്ഞ രീതിയിൽ നഷ്ടപ്പെട്ട തിരുവോസ്തീകൾ അതിൽ കണ്ടെത്തി. വൃത്തിയാക്കാൻ കഴിഞ്ഞ തീരുവോസ്തീകൾ പുതിയൊരു കുസ്തോതിയിലാക്കി വൈദീകർ ദൈവാലയത്തിൽ പുനർ പ്രതിഷ്ഠിച്ചു. ബാക്കി തീരുവോസ്തീകൾ ഉൾക്കൊള്ളാൻ സാധിക്കാത്തതായതിനാൽ ജലത്തിൽ അലിപ്പിച്ചു കളയാൻ തീരുമാനിച്ചു. പക്ഷേ ആ തീരുവോസ്തീകൾ 286 വർഷങ്ങൾക്കു ശേഷവും ഇന്നും കേടുകൂടാതെ തീരുവോസ്തീകൾ നിലനിൽക്കുന്നു. സിയന്നായിലെ വിശുദ്ധ ഫ്രാൻസീസിന്റെ ബസിലിക്കയിൽ ഈ അത്ഭുതം നമുക്കു ദർശിക്കാൻ സാധിക്കും.
4) ചിരട്ടകോണത്തെ ദിവ്യകാരുണ്യ അത്ഭുതം, കേരളം, ഇന്ത്യ 2001
2001 ഏപ്രിൽ 28 തീയതി ചിരട്ടകോണത്തെ സെന്റ്. മേരീസ് പള്ളിയിലാണ് ഈ അത്ഭുതം നടന്നത്. ദിവ്യകാരുണ്യ ആരാധനയുടെ സമയം തിരുവോസ് തീയിൽ മൂന്നു ചുവന്ന നിറത്തിലുള്ള അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടു. എന്തു ചെയ്യണമെന്നറിയാത്ത വൈദീകൻ ആരാധനയ്ക്കു ശേഷം തിരുവോസ്തി സക്രാരിയിൽ സൂക്ഷിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം തീരുവോസ്തി വീണ്ടും നോക്കിയപ്പോൾ ചുവന്ന പാടുകൾ യേശുവിന്റെ മുഖംപോലെ രൂപാന്തരപ്പെട്ടതായി കണ്ടെത്തി.
5) സാന്റ്ആറമിലെ ദിവ്യകാരുണ്യ അത്ഭുതം, പോർച്ചുഗൽ, പതിമൂന്നാം നൂറ്റാണ്ട്.
പതിമൂന്നാം നൂറ്റാണ്ടിൽ പോർച്ചുഗലിലെ സാന്റ്ഏറം Santarém താമസിച്ചിരുന്ന ഒരു സ്ത്രീക്ക് തന്റെ ഭർത്താവ് അവിശ്വസ്തനായിരുന്നതിനാൽ അവൾ അതീവ ദു:ഖിതയായിരുന്നു. സഹായത്തിനായി പല മന്ത്രവാദികളെയും സമീപിച്ചു. പ്രതിഫലമായി മന്ത്രവാദി ആവശ്യപ്പെട്ടത് കൂദാശ ചെയ്യപ്പെട്ട ഒരു തീരുവോസ്തിയായിരുന്നു. അതിൽപ്രകാരം അവൾ അടുത്തുള്ള സെന്റ്. സ്റ്റീഫൻ പള്ളിയിൽ നിന്നു വിശുദ്ധ കുർബാന നാവിൽ സ്വീകരിച്ച അവൾ അതു തിരികെ എടുക്കുകയും തലമുണ്ടിൽ അതു പൊതിഞ്ഞു കൊണ്ട് പുറത്തു പോകാൻ ഒരുങ്ങി, പക്ഷേ വാതിൽക്കൽ എത്തിയതോടെ തിരുവോസ്തീയിൽ നീന്നു രക്തം വരുവാൻ തുടങ്ങി.അവൾ വീട്ടിലെത്തിയപ്പോഴെക്കും തിരുവോസ്തി മുഴുവൻ രക്തത്താൽ മുങ്ങുകയും അതിൽ നിന്നു പ്രകാശം പുറപ്പെടുകയും ചെയ്തു. പിറ്റേ ദിവസം അവൾ വൈദീകന്റ അടുക്കലെത്തി പാപങ്ങൾ ഏറ്റുപറയുകയും തിരുവോസ്തി പുരോഹിതനെ തിരികെ എൽപിക്കുകയും ചെയ്തു. നീണ്ട അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം സഭ ഈ അത്ഭുതം അംഗീകരിക്കുകയും വിശുദ്ധ അത്ഭുതങ്ങളുടെ പള്ളി എന്നു പുനർ നാമകരണം ചെയ്യുകയും ചെയ്തു.