![MON-GEORGE-KOOVAKKATTU (1)](https://i0.wp.com/www.lifeday.in/wp-content/uploads/2024/10/MON-GEORGE-KOOVAKKATTU-1.jpg?resize=696%2C435&ssl=1)
നിയുക്ത കർദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലും ചങ്ങനാശ്ശേരിയിലും ഇന്ന് ഒരേസമയം നടന്നു.
നിസിബിസ് കൽദായ അതിരൂപത പൗരസ്ത്യ ദേശത്തെ പുരാതന അതിരൂപതയായിരുന്നു. കാനൻ നിയമം അനുസരിച്ചു എല്ലാ മെത്രാന്മാർക്കും ഒരു രൂപത വേണം. എന്നാൽ സ്വന്തമായി രൂപതയില്ലാത്തവർക്ക് – സഹായ മെത്രാന്മാർക്കും കൂരിയയിൽ ജോലി ചെയ്യുന്ന മെത്രാന്മാർക്കും- സ്ഥാനിക രൂപത നൽകുന്ന പതിവ് കത്തോലിക്കാ സഭയിലുണ്ട്. സ്ഥാനിക രൂപതയെന്നാൽ, പണ്ടുണ്ടായിരുന്നതും എന്നാൽ പിന്നീട് പല കാരണങ്ങളാൽ നിന്നുപോയതുമായ രൂപതഎന്നാണർഥം. മതപീഡനം മൂലമോ ആളുകൾ ഇല്ലാതായതുമൂലമോ നിന്നുപോയ രൂപതയാണ് ഇപ്പോൾ സ്ഥാനിക രൂപതയായി മെത്രാന്മാർക്ക് നൽകുന്നത്. നിന്നുപോയി എങ്കിലും ആ രൂപതയുടെ പ്രാധാന്യവും മഹത്വവും നിലനിർത്താൻ വേണ്ടിയാണ് സ്ഥാനിക രൂപതകൾ നൽകുന്നത്.
ഇപ്പോൾ നിസിബിസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തയായിട്ടാണ് നിയുക്ത കർദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ നിയമിച്ചിരിക്കുന്നത്.
ചങ്ങനാശേരി അതിരൂപയിലെ മാമ്മൂട് ലൂർദ് മാതാ ഇടവകാംഗമാണ് ജോർജ് കൂവക്കാട്. 1974 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി ജേക്കബ് ത്രേസ്യാമ്മ ദമ്പതികളുടെ സീമന്ത പുത്രനായി അദ്ദേഹം ജനിച്ചു.
1995 ൽ എസ്. ബി. കോളേജിലെ ഡിഗ്രി പഠനത്തിനു ശേഷം കുറിച്ചി മൈനർ സെമിനാരിയിൽ വൈദിക പരിശീലനത്തിനായി ചേർന്നു.
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ ഫിലോസഫി പഠനവും റോമിലെ സാന്താ ക്രോച്ചെ യൂണിവേഴ്സിറ്റിയിൽ തിയോളജി പഠനവും നടത്തിയ ശേഷം 2004 ജൂലൈ മാസം ഇരുപത്തിനാലാം തീയതി ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ജോസഫ് പൗവത്തിൽ പിതാവിന്റെ കൈവയ്പു വഴി പൗരോഹിത്യം സ്വീകരിച്ചു.
2004 ൽ വത്തിക്കാന്റെ നയതന്ത്ര കാര്യാലയത്തിൽ പരിശീലനം നേടുന്നതിനു മുമ്പ് ഏതാനും മാസം അതിരൂപതയുടെ തീർഥാടന കേന്ദ്രമായ പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരുന്നു.
2006 ൽ വത്തിക്കാന്റെ വിദേശ കാര്യാലയത്തിലെ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം അൾജീരിയ, സൗത്ത് കൊറിയ, ഇറാൻ, കോസ്ത്താ റിക്ക, വെനിസ്വേല എന്നീ രാജ്യങ്ങളിലെ വത്തിക്കാന്റെ നയതന്ത്ര കാര്യാലയങ്ങളിൽ സെക്രട്ടറിയായും കൗൺസിലറായും സേവനം ചെയ്തു.
2020 മുതൽ ഫ്രാൻസീസ് പാപ്പയുടെ അപ്പസ്തോലിക യാത്രകളുടെ പ്രധാന ചുമതലക്കാരനായി സേവനം ചെയ്തു വരികയാണ്. അദ്ദേഹത്തെ 2024 ഒക്ടോബർ ആറാം തീയതി ഞായറാഴ്ചയുള്ള മധ്യകാല പ്രാർഥനയുടെ അവസരത്തിൽ നടത്തിയ പ്രാഖ്യാപന വേളയിൽ ഫ്രാൻസീസ് മാർപാപ്പ കർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയത്.
2024 ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ അദ്ദേഹം ഫ്രാൻസീസ് മാർപ്പാപ്പായിൽ നിന്നും കർദിനാൾ പദവി സ്വീകരിക്കും.