
പ്രാർത്ഥനാ ജീവിതത്തിന്റെ ആഴത്തിൽ പ്രവേശിക്കാൻ ഏറ്റവും ഉത്തമമായ താക്കോൽ യേശുവിന്റെ പീഡാനുഭവ മരണ ഉത്ഥാന രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനമാണ്. വിശുദ്ധരെല്ലാവരും ഇതു മനസ്സിലാക്കിയവരാണ്. വി. ബൊനവെന്തൂര പറയുന്നു, “പുണ്യത്തിൽ വളരാൻ, കൃപയിൽ മുന്നേറാൻ ഒരുവൻ ആഗ്രഹിക്കുന്നു എങ്കിൽ അവൻ ഈശോയുടെ പീഡാനുഭവം തുടർച്ചയായി ധ്യാനിക്കണം … യേശുക്രിസ്തുവിന്റെ സഹനങ്ങളെക്കുറിച്ചു തുടർച്ചയായി ധ്യാനിക്കുന്നതിനെക്കാൾ ആത്മാവിന്റെ പൂർണ്ണ വിശുദ്ധീകരണത്തിനായി ഫലദായകമായ മറ്റൊരു പരിശീലനവും ഇല്ല” ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ശക്തിയും സൗന്ദര്യവും ധ്യാനിക്കാൻ വിശുദ്ധരുടെ അഞ്ചു ചെറിയ ചിന്തകൾ
” കാൽവരി മലമുകൾ സ്നേഹത്തിന്റെ അക്കാദമി ആകുന്നു .” -വി. ഫ്രാൻസീസ് സാലസ്
“ഈശോയുടെ വിശുദ്ധ സഹനങ്ങൾ ദു:ഖങ്ങളുടെ സമുദ്രമാണെങ്കിലും അതു സ്നേഹത്തിന്റെയും കടലാണ്. ഈ കടലിൽ മീൻ പിടിക്കാൻ പഠിക്കാൻ യേശുവിനോടു ചോദിക്കുക. അതിൽ നിന്നെത്തന്നെ മുങ്ങിത്താഴ്ത്തുക ,എത്ര ആഴത്തിലേക്കു നീ പോയാലും അതിന്റെ അതിർത്തി വരെ നീ എത്തുകയില്ല. ദു:ഖത്തോടും സ്നേഹത്തോടും കൂടെ അതിൽ ഉൾച്ചേരുക. അതു വഴി യേശുവിന്റെ സഹനങ്ങൾ നിന്റെ സ്വന്തമാക്കുന്നു. യേശുവിന്റെ പുണ്യങ്ങളാകുന്ന മുത്തുകൾക്കു വേണ്ടി വലയെറിയുക. ” -കുരിശിന്റെ വി. പൗലോസ്
“നമ്മുടെ കർത്താവായ ദൈവത്തിന്റെ മരണം നമുക്കൊരിക്കലും അപമാനത്തിനു കാരണമല്ല. പകരം അവ നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷയും മഹത്വവും ആകണം. നമ്മളിൽ കണ്ട മരണം അവർ സ്വയം ഏറ്റെടുത്തതുവഴി നമ്മളിൽത്തന്നെ കണ്ടെത്താൻ കഴിയാത്ത ജീവൻ അവൻ നമുക്കു നൽകുമെന്നു വാഗ്ദാനം നൽകി.” – വി. ആഗസ്തീനോസ്
കുരിശെന്ന ദാനം എത്രയോ അമൂല്യമാണ്, അവ ധ്യാനിക്കുക എത്രയോ ശ്രേഷ്ഠം ! കുരിശിൽ പറുദീസായിലെ വൃക്ഷത്തെപ്പോൽ നന്മ തിന്മയുടെ കൂടിച്ചേരലില്ല. ഇതു പൂർണ്ണമായും ഉയർത്തി പിടിക്കാൻ മനോഹരവും രുചിക്കാൻ നല്ലതുമാണ്. ഈ വൃക്ഷത്തിന്റെ ഫലം മരണമല്ല മറിച്ചു ജീവനാണ്, അന്ധകാരമല്ല പ്രകാശമാണ്. ഈ വൃക്ഷം പറുദീസായിൽ നിന്നു നമ്മളെ പുറത്താക്കില്ല, നേരെ മറിച്ചു നമ്മുടെ മടങ്ങിവരവിനു പാതയൊരുക്കുന്നു.” -വി. തെയഡോർ
“പ്രിയ ഈശോയെ നീ എന്തിനാണു എനിക്കു വേണ്ടി സഹിച്ചത്? സ്നേഹിക്കാൻ ! ആണികൾ … മുൾക്കിരീടം … കുരിശ്… എല്ലാം എന്നോടുള്ള സ്നേഹത്തെ പ്രതി ! നിനക്കു വേണ്ടി എനിക്കുള്ളതെല്ലാം പൂർണ്ണമനസ്സോടെ ഞാൻ ബലി ചെയ്യുന്നു. ഞാൻ എന്റെ ശരീരം അതിന്റെ ബലഹീനതകളോടും, എന്റെ ആത്മാവ് അതിന്റെ എല്ലാ സ്നേഹത്തോടും കൂടി നിനക്കു സർപ്പിക്കുന്നു. ” – വി. ജെമ്മാ ഗെലാനി