“അച്ചാ ഇയാളുടെ ഭാര്യ മരിച്ചു. അടക്കാന്‍ സ്ഥലമില്ല. ഇവിടെയൊന്നു…” ചോദിച്ചു തീരും മുന്‍പ് അച്ചന് പറഞ്ഞു, ” പിതാവിന്റെ പക്കല്‍ നിന്ന് ഒരു അനുവാദം വാങ്ങണം. അതിനുള്ള സാവകാശം തന്നാല്‍ മതി. ബാക്കി എല്ലാം ശരിയാക്കാം .” വെള്ളത്തിനും മീതെ ഉയര്‍ന്ന വെണ്മയുള്ള ആ ഹൃദയത്തിന് ഉടമയാണ് പറപൂക്കര ഇടവക വികാരിയായ ഫാ ജോജി കല്ലിങ്കല്‍.
ഇതര മതസ്ഥനും അന്യസംസ്ഥാന തൊഴിലാളിയുമായ ഒരു വ്യക്തിയുടെ ഭാര്യയെ പള്ളിയുടെ സെമിത്തേരിയില്‍ സംസ്കരിക്കാന്‍ അനുവാദം നല്കിയ മനുഷ്യസ്നേഹി. ആ സംഭവത്തെക്കുറിച്ച് ലൈഫ് ഡേയോട് പങ്കു വയ്ക്കുകയാണ് ഫാ. ജോജി.
വെള്ളം ഇരച്ചു കയറുന്ന സമയം. പറപ്പൂക്കര പള്ളിയും അതിന്റെ സമീപ പ്രദേശങ്ങളും എല്ലാം വെള്ളത്തിനടിയിലായി. ചുറ്റുമുള്ള ഇടങ്ങളിലെ ആളുകളെ ഒക്കെ പള്ളി വക സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം മൂവായിരത്തോളം ആളുകള്‍ പള്ളിയുടെ ക്യാമ്പുകളില്‍ തന്നെ ഉണ്ടായിരുന്നു. അങ്ങനെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുമ്പോഴാണ് അടുത്തുള്ള ഹോളോ ബ്രിക്സ് സ്ഥാപനത്തിലെ ഛത്തീസ്ഗഡ് തൊഴിലാളികളുടെ കൂടാരം വെള്ളത്തിലാവുകയും അതില്‍ കുറച്ചു ആളുകള്‍ കുടുങ്ങുകയും ചെയ്തത്. നാട്ടുകാര്‍ കുറെ പണിപ്പെട്ട് അവരെ ഉടമസ്ഥന്റെ വീടിനു മുകളില്‍ എത്തിച്ചു. അവരില്‍ ഒരാളായിരുന്നു പട്നാബ് ബഹദൂത്. മൂന്നു വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരന്. രോഗിയായ ഭാര്യയെ ചികിത്സിക്കാനായി അദ്ദേഹം കേരളത്തില്‍ എത്തിച്ചിരുന്നു. മഴകൂടിയപ്പോള് ശ്വാസം മുട്ടലും മറ്റു അസ്വസ്ഥതകളും ഉണ്ടായി ഭാര്യയായ ഫുല്‍മാനിയ ഭായിക്ക് രോഗം മൂര്‍ച്ഛിച്ചു.
രാത്രി ഒരു തരത്തില്‍ കഴിച്ചു കൂട്ടിയ ഫുല്‍മാനിയയെ രാവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവര്‍ മരണത്തിനു കീഴടങ്ങി. പിന്നെ എവിടെ സംസ്കരിക്കും എന്ന ആധിയായി അവര്‍ക്ക്. ചുറ്റും വെള്ളം. കറണ്ടില്ല. മോര്‍ച്ചറിയും മറ്റു സൗകര്യങ്ങളും കരണ്ടില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നതുമില്ല. പിന്നെ എന്ത് ചെയ്യും എന്ന ആലോചനയിലാണ് ജോജി അച്ചന്റെ മുഖം അയാളുകളുടെ മുന്നില്‍ തെളിയുന്നത്.
അങ്ങനെ ആയാളും കുറച്ചു ആളുകളും അച്ചനെ സമീപിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചു. അച്ചനെ സമീപിച്ചവര്‍ ക്രിസ്ത്യാനികളായിരുന്നില്ല. നാട്ടിലെ ഹൈന്ദവരായ ആളുകളായിരുന്നു. അടക്കാന്‍ സ്ഥലം ചോദിച്ചതും ഒരു ഹൈന്ദവ സ്ത്രീക്ക് വേണ്ടിയും. അച്ചനു മുന്നില്‍ അപ്പോള്‍ അവരുടെ ജാതിയോ മതമോ ഒന്നും ആയിരുന്നില്ല വന്നത്. വേദനിക്കുന്ന ആ മനുഷ്യന്റെ നെഞ്ചിന്റെ നീറ്റലായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ അദ്ദേഹം പറഞ്ഞു. പിതാവിന്റെടുത്തു ഒന്ന് സംസാരിച്ചു അനുമതി വാങ്ങണം അത്രമാത്രം. അവരെ സമാധാനിപ്പിച്ചു മടക്കി. എന്നിട്ട് അനുമതി വാങ്ങാനായി ബന്ധപ്പെട്ടവരെ വിളിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം. മഴ മൂലം നെറ്റ് വര്‍ക്കുകള്‍ ഒന്നും ലഭിക്കുന്നില്ല. എങ്കിലും അദ്ദേഹം വിട്ടുകൊടുത്തില്ല. ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിനെ കിട്ടി. അനുമതി ചോദിച്ചു. വേറൊന്നും നോക്കണ്ട കാര്യങ്ങള്‍ നടക്കട്ടെ എന്ന് പിതാവ് അനുമതി നല്കി.
തുടര്‍ന്ന് പട്നാബ് ബഹദൂതിനെ വിവരം അറിയിച്ചു. പതിനെട്ടാം തിയതിയാണ് അവര്‍ അച്ചന്റെ അടുത്ത് അനുമതി ചോദിച്ചെത്തുന്നത്. പിറ്റേന്ന് ഞായറാഴ്ച്ച കുര്‍ബാന കഴിഞ്ഞു അവര്‍ സംസ്കാരം നടത്തി. ഇടവകാംഗങ്ങളും ആ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. അമ്മയുടെ വേര്‍പാടില്‍ പൊട്ടി കരയുന്ന ചെറിയ കുട്ടിയും, തകര്‍ന്നു നില്ക്കുന്ന ഭര്‍ത്താവും അവരുടെ കണ്ണുകളെ ഈറനണിയിച്ചു.
വേദനകള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും മനുഷ്യനെ സ്നേഹിക്കുവാന്‍ അതിനായി വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ തുറന്നു കൊടുക്കുവാന്‍ തയ്യാറായ ആ നന്മ മനസിന് മുന്നില്‍ ശിരസു നമിക്കാം. പ്രളയത്തില്‍ മുങ്ങിത്താന്ന അനേകര്‍ക്ക് ജീവന്റെ മനുഷ്യത്വത്തിന്റെ സ്നേഹത്തിന്റെ വെളിച്ചം പകര്‍ന്ന നിരവധി വൈദികരില്‍ ഒരാളായി പറപ്പൂക്കര ഇടവകയുടെ സ്വന്തം ജോജി അച്ചനും.
മരിയ ജോസ്